കൊല്‍ക്കത്ത: ബംഗാളിലെ 25,000ല്‍ ഏറെ അനധികൃത അധ്യാപക നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.
2016ലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ 25,753 അധ്യാപകര്‍ക്കു ജോലി നഷ്ടമാകും. ശൂന്യമായ ഒഎംആര്‍ ഷീറ്റുകള്‍ സമര്‍പ്പിച്ച് നിയമ വിരുദ്ധമായി നിയമനം നേടിയ സ്‌കൂള്‍ അധ്യാപകര്‍ നാലാഴ്ചയ്‌ക്കകം 12 ശതമാനം പലിശ സഹിതം വാങ്ങിയ ശമ്പളം തിരികെക്കൊടുക്കാനും ജസ്റ്റിസ് ദേബാങ്‌സു ബസക്, ജസ്റ്റിസ് ഷബ്ബാര്‍ റഷീദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിനാണ് അധ്യാപകരില്‍ നിന്നു ശമ്പളം തിരികെ വാങ്ങുന്നതിനുള്ള ചുമതല. അധ്യാപകര്‍ക്കു ശരാശരി 40,000 രൂപയാണ് അവിടത്തെ ശമ്പളം. എട്ടു വര്‍ഷത്തെ ശമ്പളവും പലിശയും കൂടി ഓരോരുത്തരും ലക്ഷങ്ങള്‍ മടക്കി നല്കണം.
അധ്യാപക പരീക്ഷയുടെ 23 ലക്ഷം ഒഎംആര്‍ ഷീറ്റുകളും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നിയമന ക്രമക്കേടില്‍ തുടരന്വേഷണം നടത്തി, മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന്‍ സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആഹ്ലാദത്തോടെയാണ് കോടതി ഉത്തരവിനോട് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചത്. വര്‍ഷങ്ങളോളമുള്ള തെരുവിലെ പോരാട്ടം ഫലം കണ്ടതായി അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്‍പത്, 10, 11 ക്ലാസുകളിലെ അധ്യാപകരെയും ഗ്രൂപ്പ്, സിഡി സ്റ്റാഫിനെയും നിയമിക്കുന്നതിന് 2016ല്‍ നടത്തിയ റിക്രൂട്ട്മെന്റാണ് വിവാദമായത്. 24,640 ഒഴിവുകളിലേക്ക് 23 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. വ്യാപകമായ ക്രമക്കേട് അരങ്ങേറി. ഓരോ നിയമനത്തിനും ലക്ഷങ്ങളാണ് തൃണമൂല്‍ നേതാക്കള്‍ വാങ്ങിയത്. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
സിബിഐ അന്വേഷണത്തിനെതിരേ മമത സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ല. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നിയമന സമിതി മുന്‍ ഉപദേശകന്‍ ശാന്തി പ്രസാദ് സിന്‍ഹയുടെയും ഏജന്റായിരുന്ന പ്രസന്ന റോയിയുടെയും 230 കോടി രൂപ ഇ ഡി പിടിച്ചെടുത്തു. ഇരുവരും ജയിലിലാണ്. രണ്ട് അധ്യാപക നിയമന അഴിമതികളിലായി 365 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ബംഗാള്‍ സര്‍ക്കാര്‍ 2016ല്‍ നടത്തിയ 36,000 പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ നിയമനം കഴിഞ്ഞ വര്‍ഷം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: