തൃശൂര്‍: ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിരശ്ശീലവീഴാന്‍ ഇനി രണ്ടുദിനം. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പ്രചാരണത്തിന് കൊട്ടിക്കലാശം ആകും. കേരളത്തില്‍ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് പോയതോടെ പ്രചാരണ സമയം നീണ്ടു. വേനല്‍ക്കാലം കടുത്തതോടെ ഇത് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ സമയം ലഭിച്ചുവെന്ന് മൂന്നു സ്ഥാനാര്‍ഥികളും ഒരുപോലെ അഭിപ്രായപ്പെടുന്നു.
സാധാരണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ റൗണ്ട് പര്യടനം നടത്താന്‍ മാത്രമാണ് അവസരം ലഭിക്കുക. ഇക്കുറി സ്ഥാനാര്‍ത്ഥികള്‍ മൂന്നും നാലും റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അഞ്ചുവര്‍ഷമായി തൃശൂരിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചതിന്റെ നേട്ടം ഇക്കുറി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ജനങ്ങള്‍ ഇക്കുറി തന്നെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പാണെന്ന് സുരേഷ് ഗോപി പറയുന്നു. അഞ്ചുവര്‍ഷമായി മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ജനം മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും.
സുരേഷ് ഗോപി ഇന്നലെ ഒല്ലൂര്‍ മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത് തുറന്ന വാഹനത്തില്‍ എത്തുന്ന സുരേഷ് ഗോപിയെ കാണാന്‍ നൂറുകണക്കിനാളുകളാണ് ഓരോ കേന്ദ്രങ്ങളിലും കാത്തുനിന്നത്. ആദ്യമെത്തുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നേതാക്കളുടെ പത്തുമിനിറ്റ് പ്രസംഗം. അപ്പോഴേക്കും സ്ഥാനാര്‍ഥിയെത്തും. തുടര്‍ന്ന് വളരെ ചുരുങ്ങിയ വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന. ഉടന്‍ അടുത്ത സ്വീകരണ സ്ഥലത്തേക്ക് പുറപ്പെടും. സുരേഷ് ഗോപി ഇതിനകം നാലു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ ഇന്ന് തീരമേഖലയിലാണ് പ്രചാരണം നടത്തിയത് നാട്ടിക മണലൂര്‍ ചാവക്കാട് തീരപ്രദേശങ്ങളില്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി.
ഇടതുമുന്നണിയുടെ മുതിര്‍ന്ന നേതാക്കള്‍ സുനില്‍കുമാറിനു വേണ്ടി കവലകളില്‍ പ്രസംഗിക്കാന്‍ എത്തുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പുതുക്കാട് മണ്ഡലത്തില്‍ പര്യടനം നടത്തി.
തൃശൂര്‍ പൂരത്തിന്റെ ആലസ്യം മാറി വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ച ദിവസമായിരുന്നു. നാളെയും മറ്റന്നാളെയുമായി പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. 24ന് വൈകിട്ട് പ്രചാരണം സമാപിക്കുന്നതോടെ പിന്നെ നിശബ്ദമായ പ്രവര്‍ത്തനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: