മലയാളികളുടെ സ്മൃതി ചിത്രങ്ങളില്‍ സൗന്ദര്യത്തിന്റെ ചക്രവര്‍ത്തിനിയായി തിളങ്ങിയ ചലച്ചിത്ര താരം സൗന്ദര്യ വിമാനാപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞുപോയിട്ട് ഏപ്രില്‍ 17ന് 20 വര്‍ഷം പൂര്‍ത്തിയായി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ക്കിടയില്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്ബിജെപിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വിമാനാപകടത്തില്‍ മരിച്ച സൗന്ദര്യയെ മലയാളികള്‍ക്ക് മറക്കുവാനാവില്ല.
പേരുപോലെ രൂപലാവണ്യവും മികച്ച അഭിനയശേഷിയും സൗന്ദര്യയുടെ പ്രത്യേകതയായിരുന്നു. ബെംഗളൂരുവിലെ കോലാര്‍ ജില്ലയില്‍ കന്നഡ സിനിമാ നിര്‍മാതാവും തിരക്കഥാ കൃത്തുമായ കെ.എസ്.സത്യനാരായണ അയ്യരുടേയും മഞ്ജുളയുടെയും മകളായിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമൊക്കെയായി നൂറോളം സിനിമകളില്‍ വേഷമിട്ട സൗന്ദര്യ ‘സൂര്യവംശം’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ നായികയായും അഭിനയിച്ച് ഹിന്ദിയിലും അരങ്ങേറ്റം നടത്തിയിരുന്നു. 2003 ല്‍ ദേശീയ അവാര്‍ഡ് നേടിയ കന്നഡ ഫീച്ചര്‍ ഫിലിമായ ‘ദ്വീപ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവുമായിരുന്നു സൗന്ദര്യ.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പ്രിയദര്ശന് സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ അഭിയനിച്ചിരുന്നു. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും നായികയായി മുസ്ലിം കഥാപാത്രമായിട്ടാണ് സൗന്ദര്യ വേഷമിട്ടത്.
ഈ ചിത്രങ്ങള്‍ക്കുശേഷം സൗന്ദര്യ എന്ന നടിയെ മലയാള ചലച്ചിത്രരംഗവും മലയാളികളും രണ്ടുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഹൈദരാബാദിനടുത്തുള്ള കരിംനഗറില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനായാണ് നാല് പേര്‍ക്കിരിക്കാവുന്ന അഗ്നി ഏവിയേഷന്റെ സെസ്ന 180 എന്ന ചെറു വിമാനത്തിലാണ് സൗന്ദര്യ യാത്രതിരിച്ചത്. ബെംഗളൂരുവില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ ജുക്കൂര് എന്ന സ്ഥലത്ത് രാവിലെ 11.5ന് ചെറുവിമാനം ഒരു ചിറകറ്റ പക്ഷിയെപ്പോലെ തകര്‍ന്നുവീണു. സൗന്ദര്യയോടൊപ്പം അവരുടെ സഹോദരന് അമര്‍നാഥ് ഷെട്ടി, പൈലറ്റ് മലയാളിയായ ജോയ് ഫിലിപ്പ്, രമേഷ്കാദം എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു.
നിലംപതിച്ച വിമാനം തീപിടിച്ച് കത്തിയെരിഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ ഗാന്ധികൃഷി വികാസ് കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്. വിമാനത്തിന്റെ വാതില്‍ 15 അടിയോളം ദൂരേക്ക് തെറിച്ചുപോവുകയും ചെയ്തിരുന്നു. തീപിടിച്ച ശരീരവുമായി ആര്‍ത്തുവിളിച്ച് സൗന്ദര്യ പുറത്തേക്ക് ഓടിയിരുന്നു. അല്‍പ്പസമയത്തിനകം മലയാളത്തിന്റെ പ്രിയപ്പെട്ട നടിയുടെ ശരീരം കത്തിയമര്‍ന്നു.
ഈ ദാരുണ രംഗം ഇന്നും മലയാളികളുടെ ഹൃദയം വേദനിക്കുന്ന കണ്ണീരോര്‍മയാണ്. കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഓടിവന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതു കാരണം അടുക്കാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഗണപതി എന്ന വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. അപകടത്തില്‍ സൗന്ദര്യയും സഹോദരന് അമര്‍നാഥ് ഷെട്ടിയും പൈലറ്റ് ജോയ് ഫിലിപ്പും സഹ പൈലറ്റ് രമേഷ്കാദവും മരണമടഞ്ഞു. മരണമടയുമ്പോള്‍ സൗന്ദര്യയ്ക്ക് 32 വയസ്സുണ്ടായിരുന്നു. സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയിരുന്ന ജി.എസ്. രഘു ആയിരുന്നു ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: