മാറനല്ലൂര്‍: കള്ളനോട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടുപേരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ എസ്ബിഐയുടെ സിഡിഎം മെഷീനില്‍ നിക്ഷേപിച്ച 500 ന്റെ എട്ടു നോട്ടുകള്‍ കള്ളനോട്ട് ആണെന്ന് കണ്ടെത്തിയതോടെയാണ് കള്ളനോട്ട് നിര്‍മാതാക്കളിലേക്ക് അന്വേഷണം എത്തിയത്. പറണ്ടോടു കീഴ്വാലൂര്‍ വിനോഭ് ഭവന് ഏന്തിവിള വീട്ടില്‍ ബിനീഷ്, ആര്യനാട് മുള്ളന്‍കല്ല് വിജയാഭവനില്‍ ജയന് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ബിനീഷ് ആണ് നോട്ട് നിര്‍മാണത്തിലെ പ്രധാനി. ഇയാളുടെ ബന്ധുവായ ജയന്റെ വീട്ടിലെ ഒരു മുറിയിലാണ് നോട്ട് നിര്‍മാണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി ബിനീഷ് നോട്ട് നിര്‍മിച്ചുവന്നത്. നൂറിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ ആണ് ഇവര്‍ പ്രിന്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം 500 ന്റെ എട്ടു നോട്ടുകള്‍ പൂവച്ചല്‍ എസ്ബിഐക്ക് സമീപമുള്ള സിഡിഎംഎയില്‍ നിക്ഷേപിക്കുകയും ഇത് ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട് പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിന്റ് ചെയ്ത ഉപയോഗശൂന്യമായ പേപ്പറുകളും കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്കാനര്‍, മഷി എന്നിവ ഉള്‍പ്പെടെയുള്ള തൊണ്ടി മുതല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അതേസമയം പ്രതികള്‍ കൂടുതല്‍ നോട്ടുകള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്തിട്ടുണ്ടോ എന്നുള്ളതും മറ്റെവിടെയെങ്കിലും നോട്ടുകള്‍ മാറിയെടുത്തിട്ടുണ്ടോ എന്നുമുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. കൂടുതല്‍ അന്വേഷണം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം നടത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: