പാറശ്ശാല: തിരുവനന്തപുരം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാറശ്ശാല മണ്ഡലത്തില്‍ നടക്കുന്ന റോഡ് ഷോയില്‍ തമിഴ്നാട് ഘടകം ബിജെപി അധ്യക്ഷന്‍ എ.അണ്ണാമലൈ പങ്കെടുക്കും. പര്യടനം വൈകിട്ട് 4.30ന് കുന്നത്തുകാല്‍ പഞ്ചായത്തിലെ വണ്ടിത്തടത്തു നിന്നും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിനായുള്ള സമഗ്ര വികസന രേഖ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ പുറത്തിറക്കിയിരുന്നു. വലിയതുറയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വികസന രേഖ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജുവല്‍ പ്രകാശനം ചെയ്തു. പൊതുജനങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിച്ചാണ് തിരുവനന്തപുരത്ത ഏഴ് നിയമസഭാ മണ്ഡലങ്ങളുടേയും ഹ്രസ്വ, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി വികസന രേഖയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
പ്രത്യേകം സജ്ജീകരിച്ച ബോട്ടില്‍ ഫ്രാന്‍സിസ്, യോഹന്നാന്, സ്റ്റീഫന്‍ എന്നീ മൂന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് വികസന രേഖ വലിയതുറയില്‍ എത്തിച്ചത് വേറിട്ട അനുഭവമായി. തിരുവനന്തപുരം മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളേയും ഉള്‍പ്പെടുത്തി, ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവും കലാപരവുമായ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വികസനരേഖയാണ് രാജീവ് ചന്ദ്രേശഖര്‍ അവതരിപ്പിച്ചത്. സമുദ്രമേഖല, സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഐ.ടി രംഗം, അത്യാധുനിക ടെക്നോളജിക്കല്‍ ഇന്നോവേഷന്‍ കേന്ദ്രം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ടെക്സ്റ്റൈല്‍, വ്യോമയാന മേഖല, റോഡ്, മെട്രോ, മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി സര്‍വതല സ്പര്‍ശിയായ വികസന രേഖയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: