പഠിപ്പിച്ചുവിട്ട, ഉന്നതസ്ഥാനത്തെത്തിയ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയെ ഏറെക്കാലം കഴിഞ്ഞ് നേരിട്ടുകണ്ടപ്പോളെന്നപോലെ തോന്നിച്ചു തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആലത്തൂര്‍ സ്ഥാനാര്‍ത്ഥി പ്രൊഫ.ടി.എന്‍. സരസുവും തമ്മിലുള്ള കൂടിക്കാഴ്ച. അതിലൂടെ ഒരു സന്ദേശം നല്‍കുന്നുണ്ടായിരുന്നു. കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭാ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നല്‍കിയ പൊതു സന്ദേശമുണ്ട്. വനിതാ ക്ഷേമത്തിനായി, വനിതകളുടെ സാമ്പത്തിക സാമൂഹ്യ രാഷ്‌ട്രീയ ഉന്നമനത്തിന് പ്രയത്‌നിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടികളുടെ സ്വാഭാവിക രീതിയാണതില്‍. അതല്ലാതെ, 33 ശതമാനം സ്ത്രീ സംവരണം പോലെയുള്ള നിയമപരമായ നിര്‍ബന്ധങ്ങളുടെ പരിണാമമല്ല.
റേഷന്‍ കാര്‍ഡില്‍ ഗൃഹനാഥനു പകരം ഗൃഹനാഥയെ ഉടമസ്ഥരാക്കിയ നടപടി വലിയൊരു വിപ്ലവമായിരുന്നു. ആ തരത്തില്‍ ആ സംഭവത്തെ ആരും അവതരിപ്പിക്കുകയോ ആഘോഷിക്കുകയോ ചെയ്തില്ല. പുതിയ സര്‍ക്കാരിന്റെ വെറും ഒരു ‘ഗിമ്മിക്ക്’ ആയി മാത്രമേ പലരും കണ്ടുള്ളു. 2013 ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമായിരുന്നു ആ നടപടി; നിയമമാക്കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. എന്നാല്‍, അതുകൊണ്ടുതീര്‍ന്നുവെന്ന് കരുതിയിരിക്കെ സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ ശാക്തീകരണ ക്ഷേമ പദ്ധതികളുടെ പട്ടിക നീണ്ടതാണ്. സൗജന്യ പാചകവാതകം നല്‍കിയത്, ചികിത്സ, അവധി, ജോലി, സാമ്പത്തിക സഹായം, നിക്ഷേപ സംവിധാനം, ബാങ്ക് അക്കൗണ്ട് എടുക്കല്‍, നേരിട്ട് സര്‍ക്കാര്‍ സഹായമെത്തിക്കല്‍ തുടങ്ങിവയിലൂടെ സാധാരണക്കാര്‍ക്കും പ്രമുഖ സൈനിക വിഭാഗങ്ങളുടെ തലപ്പത്തുള്‍പ്പെടെയും സര്‍ക്കാരിലും പ്രമുഖ സ്ഥാനങ്ങളില്‍ പദവികള്‍ നല്‍കി സകല തലത്തിലുമുള്ള വനിതകളേയും ആദരിച്ചു, അംഗീകരിച്ചു, പ്രോത്സാഹിപ്പിച്ചു. നിയമങ്ങള്‍ ഉണ്ടാക്കുന്നതല്ല, നടപ്പിലാക്കുന്നതും നടപടിയെടുക്കുന്നതുമാണ് മുഖ്യമെന്ന് തെളിയിച്ചു. ആ പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷ ഉദാഹരണമായാണ് കേരളത്തിലെ അഞ്ച് വനിതാ സ്ഥാനാര്‍ത്ഥികള്‍.
പ്രൊഫ.ടി.എന്‍. സരസു, ഇന്നത്തെ രാഷ്‌ട്രീയത്തില്‍ ജാതിയും അതിന്റെ അടിസ്ഥാനത്തിലുള്ള സംവരണവും മറ്റും പ്രമുഖവും പ്രധാനവുമാകുമ്പോള്‍ ആലത്തൂരിലെ സംവരണ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത് വാസ്തവത്തില്‍ പ്രൊഫസറുടെ ‘സംവരണസ്ഥാനാര്‍ത്ഥി’യാകാനുള്ള യോഗ്യതകൊണ്ടു മാത്രമായിരുന്നില്ല. ആ സ്ഥാനാര്‍ത്ഥിത്വവും മറ്റു ചിലകാര്യങ്ങളും ആലത്തൂര്‍ മാത്രമല്ല, കേരളവും ഭാരതത്തിലെ ‘ജാതിഭേദം’ വളര്‍ത്തുന്ന ഇതര സംഘടനകളും സംവിധാനങ്ങളും ചര്‍ച്ചചെയ്യട്ടെ എന്ന് ലക്ഷ്യമിട്ടായിരുന്നു.
ബിജെപിയെ ‘സവര്‍ണ്ണരുടെ പാര്‍ട്ടി’, ‘ബ്രാഹ്മണരുടെ സംഘടന’ തുടങ്ങിയ ആരോപണങ്ങളില്‍ തളച്ച് മോശമായി ചിത്രീകരിക്കുന്ന പതിവായിരുന്നു ബിജെപി വിരുദ്ധരുടേത്. എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എംപിമാരില്‍ 77 പേര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ളവരായിരുന്നു. അതായത്, ആകെ 131 സംവരണ സീറ്റുകള്‍ ഉള്ളതില്‍ 77 എണ്ണം നേടിയത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. 2014ല്‍ 64 പേരാണ് വിജയിച്ചത്. പക്ഷേ, ഈ സത്യം എതിരു പ്രചരിപ്പിച്ചവര്‍ കണ്ടില്ല. പ്രൊഫ.സരസു പിന്നാക്ക വിഭാഗത്തില്‍നിന്ന് വളര്‍ന്നുവന്ന്, വിദ്യാ സമ്പന്നയായി, പാലക്കാട് വിക്‌ടോറിയാ കോളജ് എന്ന പ്രശസ്തമായ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായ വനിതയാണ്. അത്തരക്കാരെ കഴിവുകണ്ട് തിരിച്ചറിഞ്ഞ് പാര്‍ലമെന്റംഗമാക്കാന്‍ ജനങ്ങള്‍ക്ക് അവസരം കൊടുക്കുവാന്‍ നിയോഗിക്കുക എന്നത് ബിജെപിയുടെ സന്ദേശമാണ്.
ഇതിന് മറുവശം കൂടിയുണ്ട്. കേരളത്തില്‍, ഒരുകാലത്ത് വിദ്യാഭ്യാസ സംവിധാനങ്ങളും സൗകര്യങ്ങളും സ്വായത്തമാക്കാന്‍ കഴിയാതിരുന്ന ഒരു ജനവിഭാഗത്തില്‍ നിന്നൊരാള്‍ അതിനുള്ള അവകാശങ്ങള്‍ കിട്ടിയപ്പോള്‍ വിനിയോഗിച്ച് വിദ്യാസമ്പന്നയായി കോളജ് പ്രിന്‍സിപ്പല്‍ ആയപ്പോള്‍ ആ വനിതയോട് ചിലര്‍ ചെയ്ത പ്രവൃത്തികള്‍ എന്തായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുക. പ്രൊഫ.സരസു എന്ന അദ്ധ്യാപികയ്‌ക്ക്, അവരോടുള്ള രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥി സംഘടന, കോളജ് അങ്കണത്തില്‍ കുഴിമാടം ഒരുക്കിയത് ഓര്‍മ്മയില്ലേ? എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു അത്. ആ എസ്എഫ്‌ഐയുടെ മാതൃസംഘടനയായ സിപിഎം, ആ സംഭവത്തെ അപലപിച്ചില്ല. സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം സംസ്ഥാന സര്‍ക്കാര്‍ നയിച്ച കാലത്തായിരുന്നു സംഭവം. അന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന, സാംസ്‌കാരിക വകുപ്പും ഭരിച്ചിരുന്ന, സിപിഎം നേതാവ് എം.എ. ബേബി വിദ്യാര്‍ത്ഥികളെ ന്യായീകരിക്കുകയായിരുന്നു. സംസ്‌കാര അധപ്പതനത്തിന്റെ ആ അദ്ധ്യായകാലത്തെ ഓര്‍മ്മിപ്പിക്കാനും ‘പുരോഗമന സ്ത്രീപക്ഷ നവോത്ഥാന സംഘടന’ എന്ന ഇടതുപക്ഷത്തിന്റെ സ്വയം പുകഴ്‌ത്തലിന്റെ നടുവൊടിക്കാനുമായിരുന്നു
അതുമാത്രമല്ല, പ്രൊഫ.സരസുവിലൂടെ കേരളത്തേയും ഭാരതത്തേയും കേരളത്തിലെ കാമ്പസ് രാഷ്‌ട്രീയത്തിലെ ക്രൂരതകളിലേക്ക് നയിക്കുകയായിരുന്നു. ആദ്യം വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ ക്രൂരഹത്യയിലേക്കും പിന്നീട് പഴയ സംഭവങ്ങളിലേക്ക് അഗാധമായും നയിക്കുകയായിരുന്നു. മഹാരാജാസ് കോളജിലെ അഭിമന്യുവും പരുമല കോളജിലെ മൂന്ന് എബിവിപി കുട്ടികളുമുള്‍പ്പെടെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ കലാശാലകളില്‍ കൊല്ലപ്പെടാനിടയാക്കിയ നെറികെട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടേയും പ്രവര്‍ത്തന പ്രവണതകളിലേക്ക് ഓര്‍മ്മകളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അങ്ങനെ പ്രൊഫ.സരസുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നല്‍കിയ സന്ദേശം വിശാലവും വിപുലവുമായിരുന്നു.
എന്‍ഡിഎയുടെ മറ്റ് നാല് സ്ഥാനാര്‍ത്ഥികളും സംവരണമൊന്നുമില്ലാത്ത പൊതു സീറ്റിലാണ് മത്സരിക്കുന്നത്. അത് മറ്റൊരു വിശാല സന്ദേശം കൂടിയാണ്. സംവരണത്തിലൂടെയല്ല, നിയമ നിര്‍മ്മാണത്തിലൂടെയല്ല വനിതകള്‍ പൊതുരംഗത്ത് ഉന്നത സ്ഥാനങ്ങളിലെത്തേണ്ടത് എന്ന് സമൂഹത്തിനും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള സന്ദേശമാണത്. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, പൊതുപ്രവര്‍ത്തകരായ വനിതകളുടെ അര്‍പ്പണവും സക്രിയതയും സ്ഥിരോത്സാഹവും ജനങ്ങളുടെ പിന്തുണനേടിയെടുക്കുന്നതെന്ന് കാണിച്ചുതരുന്നു. മത്സരത്തില്‍ എതിരാളിയായ, കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയ്‌ക്കും മുട്ടുവിറയ്‌ക്കുന്ന മട്ടിലാണ് ശോഭയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെന്നാണ് നിഷ്പക്ഷ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി എ.എല്‍. അശ്വിനിയുടെ സ്ഥാനാര്‍ത്ഥിത്വം കര്‍ണാടക കേരളം അതിര്‍ത്തി ജില്ലയിലെ മണ്ഡലത്തില്‍ പുതിയ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ സന്ദേശം നല്‍കുന്നു. തദ്ദേശ സ്വയംഭരണ സംവിധാനത്തില്‍ കുറ്റമറ്റ പ്രവര്‍ത്തനം നടത്തിവരുന്ന അശ്വിനിയുടെ കഴിവുകള്‍ക്കുള്ള അംഗീകാരമാണ് അവര്‍ക്ക് കിട്ടിയിട്ടുള്ളത്. വനിതകളില്‍, പ്രത്യേകിച്ച് യുവജനങ്ങളില്‍ അശ്വിനിയിലൂടെ എത്തിക്കുന്ന സന്ദേശം ഇതാണ്; നിങ്ങളില്‍ കഴിവുണ്ടോ, അവസരങ്ങള്‍ നിങ്ങള്‍ക്ക് അനന്തമാണ്.
ഇടുക്കിയില്‍ എന്‍ഡിഎ മുന്നണിയിലെ മുഖ്യകക്ഷിയായ ബിഡിജെഎസ്സിന് നല്‍കിയ സീറ്റില്‍ ഭാരത് ധര്‍മ്മ ജന സേന നിയോഗിച്ചത് വനിതാ സ്ഥാനാര്‍ത്ഥിയെയാണ്. അതും ജനറല്‍ സീറ്റാണ്. അവിടെയും വനിതയെ നിയോഗിച്ചപ്പോള്‍ എന്‍ഡിഎ മുന്നണിയാകെ കേരളത്തോട് പറയുന്നത്, മറ്റു മുന്നണികളും പാര്‍ട്ടികളും പറയാത്ത രാഷ്‌ട്രീയമാണ്; വനിതാക്ഷേമം സര്‍ക്കാര്‍ നടപടികളിലൂടെയുള്ള സൗജന്യങ്ങളല്ല, മറിച്ച് വനിതകള്‍ക്ക് നല്‍കുന്ന പരിഗണനയും കൂടിയാണെന്നാണ്. ബിഡിജെഎസ്സിന്റെ അഡ്വ.സംഗീതാ വിശ്വനാഥ് എതിരാളികളായ പുരുഷ സ്ഥാനാര്‍ത്ഥികള്‍ക്ക് കടുത്ത മത്സരമാണ് നല്‍കുന്നത്.
പൊന്നാനി എന്ന മലപ്പുറം, പാലക്കാട് ജില്ലകളില്‍ കിടക്കുന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിത സുബ്രഹ്മണ്യനാണ്. ബിജെപി ഇന്ന് എത്തിനില്‍ക്കുന്ന വളര്‍ച്ചയുടെ വിശാലലോകത്തിന് ജനസംഘം എന്ന സംഘടനയുടെ അടിത്തറയുണ്ട്. ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ സംഘടനയായി വളര്‍ന്ന്, വന്‍വൃക്ഷമായി പന്തലിച്ച് നില്‍ക്കുമ്പോള്‍ അതിന് ജനസംഘത്തിന്റെ വേരുണ്ട്, അതിന് ഒട്ടേറെ ആദ്യകാല പ്രവര്‍ത്തകര്‍ നല്‍കിയ വെള്ളവും വളവുമുണ്ട്. പൈതൃകത്തിന്റെ, പാരമ്പര്യത്തിന്റെ ആ കണ്ണിയില്‍ ചേര്‍ന്നു നില്‍ക്കുന്ന ഇന്നത്തെ തമലമുറയ്‌ക്കും ബിജെപി നല്‍കുന്ന അംഗീകാരവും അഭിനന്ദനവും അണികളിലെത്തിക്കുന്നതുകൂടിയാണ് അഡ്വ.നിവേദിതയുടെ പൊന്നാനി എന്ന ജനറല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം.
അഞ്ചു വനിതകളിലൂടെ പാര്‍ട്ടിയുടെ മുഖവും നയവും നിലപാടും നടപടികളും ഉറപ്പും വിശ്വാസവും ജനസാമാന്യത്തിലെത്തിക്കുകയാണ് ബിജെപി. അത് സന്ദേശമാണ്. തിരിച്ചറിയപ്പെടേണ്ട സന്ദേശം. വനിതാക്ഷേമത്തിന്റെ പേരില്‍ വാതോരാതെ വാഗ്ദാനം നല്‍കുകയും അവസരങ്ങള്‍ വരുമ്പോള്‍ അവരെ തഴയുകയും പഴിപറയുകയും പറയിക്കുകയും ചെയ്യുന്ന മറ്റു പാര്‍ട്ടികളില്‍നിന്നും മുന്നണികളില്‍നിന്നും വ്യത്യസ്തമാണ് ആ നിലപാട്.
പിന്‍കുറിപ്പ്:
നിലവില്‍ തെരഞ്ഞെടുപ്പ് വ്യക്തികളെ തിരഞ്ഞെടുക്കാനാണ്. അത് പാര്‍ട്ടികളെ വിലയിരുത്തിയും ശരിയായി കണ്ടെത്തിയുമാണെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ കുറ്റമറ്റതാകും. കാരണം, പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവിലെ ജനാധിപത്യ സംവിധാനക്രമ പ്രകാരം ജനങ്ങളോടുള്ള കൂറ് വോട്ടെടുപ്പുവരെയേ ഉണ്ടാകുന്നുള്ളുവല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: