ന്യൂദല്‍ഹി: ഏതെങ്കിലും രൂപത്തില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പദ്ധതിയില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്. തുടര്‍ ഭരണത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമാകും പദ്ധതി തിരികെ കൊണ്ടുവരികയെന്നും അവര്‍ പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടുകള്‍ മറ്റേതു രീതിയെക്കാളും സുതാര്യത ഉറപ്പാക്കുന്നു. അത് കള്ളപ്പണത്തിന്റെ സാധ്യത പൂര്ണമായുമില്ലാതാക്കുന്നു. പദ്ധതി തിരികെ കൊണ്ടുവരുന്നതിനു മുന്നോടിയായി അനേകം കൂടിയാലോചനകള്‍ നടത്തണം. എല്ലാവര്ക്കും സ്വീകാര്യമായ ചട്ടക്കൂടുണ്ടാക്കുന്നതിനോ കൊണ്ടുവരുന്നതിനോ എന്താണ് ചെയ്യേണ്ടതെന്ന് നോക്കേണ്ടതുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും അവര്‍ ദേശീയ മാധ്യമത്തിനുള്ള അഭിമുഖത്തില്‍ പറഞ്ഞു. 2018ലാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതിനായി ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 15ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും റദ്ദാക്കുകയും ചെയ്തു. വോട്ടര്‍മാരുടെ വിവരാവകാശത്തെ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: