ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ പങ്കെടുത്ത ആവേശകരമായ റോഡ് ഷോയ്ക്ക് ശേഷം വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേരെ പര്യടനങ്ങളിലേക്ക് തിരിഞ്ഞു. പ്രവര്‍ത്തക യോഗങ്ങള്‍, കുടുംബയോഗങ്ങള്‍, കോളനി സന്ദര്‍ശനം, പരിപാടികള്‍ക്ക് അന്നും കുറവുണ്ടായിരുന്നില്ല. തവിഞ്ഞാല്‍ പഞ്ചായത്തിലെ പതിമൂന്നാം ബൂത്തിലെ കുടുംബയോഗം വാളാട് പുഴക്കല്‍ വീരഭദ്രന്റെ വീട്ടുമുറ്റത്തായിരുന്നു. അത് കഴിഞ്ഞ് ഇടുങ്ങിയ നാട്ടുപാതകളിലൂടെ സ്ഥാനാര്‍ത്ഥിയുടെ വാഹനം ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ട് പായുകയാണ്. രാത്രി ഏറെ വൈകിയിരുന്നു. മാനന്തവാടി മണ്ഡലം പ്രസിഡന്റ് മഹേഷ് പെട്ടെന്ന് കാര്‍ നിര്‍ത്താന്‍ പറഞ്ഞു. ഒന്നു വീട്ടില്‍ കയറി പോകാം. സ്ഥാനാര്‍ത്ഥിയുടെ വാഹനം റോഡരികില്‍ നിര്‍ത്തി. മഹേഷിന്റെ അമ്മ അമ്മുഅമ്മ സുരേന്ദ്രനെ ചേര്‍ത്തു പിടിച്ചു കയ്യില്‍ ഒരു പൊതി നല്കി. ‘ശരീരം കാക്കണം. എല്ലാദിവസവും രാവിലെ ചായയ്ക്ക് പകരം വെള്ളം തിളപ്പിച്ച് ഈ മരുന്ന് ചേര്‍ത്ത് കുടിക്കണം. തിരക്കിനിടയിലും മറക്കരുത്’. അമ്മയുടെ സ്നേഹപൂര്‍വ്വമുള്ള ശാസന. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ഗോത്രവര്‍ഗ്ഗ ഒറ്റമൂലിയായിരുന്നു അമ്മ കിഴിയിലാക്കി സുരേന്ദ്രന് നല്‍കിയത്. അമ്മയെ നമസ്ക്കരിച്ച് വീട്ടുമുറ്റത്തേക്കിറങ്ങുമ്പോള് സുരേന്ദ്രന് പറഞ്ഞു. ‘വയനാട്ടിലെ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും ലഭിക്കാത്ത ഭാഗ്യമാണിത്. ഞാന്‍ അവരോട് വോട്ടു ചോദിക്കുകയല്ല. അവരെനിക്ക് സ്നേഹം തരികയാണ്’.
പത്ത് വര്‍ഷത്തോളം വയനാട്ടില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ ബന്ധങ്ങളുടെ ഇഴയടുപ്പം ഇപ്പോഴും സുരേന്ദ്രന് കരുത്തായി നില്ക്കുന്നു. മലമ്പാതകളിലൂടെ സ്ഥാനാര്‍ത്ഥിയുടെ കാര്‍ നീങ്ങുമ്പോള്‍ പലരും കൈകാണിച്ച് നിര്‍ത്തുന്നു. പലരേയും കാണുമ്പോള്‍ സുരേന്ദ്രന് കാര്‍ നിര്‍ത്തുന്നു. കുശലം പറയുന്നു. ഓര്‍മ്മ പുതുക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ പര്യടനമല്ല. നാട്ടുകാരില്‍ ഒരാളുടെ യാത്രയായി അത് മാറുന്നു.
വീരഭദ്രന്റെ വീട്ടില്‍ മുറ്റത്ത് തടിച്ച് കൂടിയ നാട്ടുകാരോട് സുരേന്ദ്രന് പറയുന്നത് രാഷ്ട്രീയമല്ല. കൃഷിയെക്കുറിച്ച്, കാര്‍ഷിക വിളകളുടെ തകര്‍ച്ചയെകുറിച്ച്, വന്യ മൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടുന്ന നാട്ടുകാരുടെ വേദനകളെക്കുറിച്ച്. കാപ്പി കൂടുതലായി പൂത്ത സന്തോഷവും ഇഞ്ചി കൃഷിയിലുണ്ടായ തകര്‍ച്ചയും അവര്‍ സുരേന്ദ്രനോട് പങ്കുവെയ്ക്കുന്നു. വയനാടിന്റെ കാലാവസ്ഥയും മാറ്റമുണ്ടായിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് വന്യമൃഗശല്യം കൂടാന്‍കാരണം കര്‍ഷകര്‍ പറയുന്നു. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെകുറിച്ച് വിവരിക്കുമ്പോള്‍ മൂന്നാമൂഴം മോദി സര്‍ക്കാറിനു തന്നെയെന്ന് കേള്‍വിക്കാര്‍ തലകുലുക്കുന്നു. ‘ഇത് എനിക്കുള്ള വോട്ടല്ല. നരേന്ദ്ര മോദിക്കുള്ള വോട്ടാണ്. വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന് നിങ്ങളുടെ ഉറപ്പാണ്.’ സുരേന്ദ്രന് വാക്കുകള്‍ നിര്‍ത്തി കുശലം പറഞ്ഞ് അടുത്ത കുടുംബയോഗത്തിലേക്ക് യാത്രതിരിക്കുന്നു.
വയനാടിന്റെ സമരചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന തറവാട്ടിലേക്കായിരുന്നു സുരേന്ദ്രന്റെ അടുത്ത യാത്ര. എടത്തന തറവാട്ടില്‍ കാരണവരായ ചന്തുവും ഭാര്യ ലക്ഷ്മിയും ആചാരപരമായി സുരേന്ദ്രനെ സ്വീകരിച്ചു. തറവാട്ട് മുറ്റത്തൊരു ഭാഗത്ത് ശ്രീദാരന്പുലി ക്ഷേത്രം. തൊട്ടടുത്ത് ഗുരുസങ്കല്‍പ്പത്തിലുള്ള കേളപ്പന് മുനി. ഭക്തി പൂര്‍വ്വം തൊഴുതിറങ്ങിയ സുരേന്ദ്രന്റെ കൈകളിലേക്ക് തറവാട്ട് കാരണവര്‍ ആദരപൂര്‍വ്വം അമ്പുംവില്ലും നല്കി. ‘ലക്ഷ്യത്തിലെത്തണം, പോരാട്ടത്തിനിടയില്‍ വിശ്രമിക്കാന്‍ സമയമില്ല’. കാരണവരുടെ അനുഗ്രഹവും നിര്‍ദ്ദേശവും ഏറ്റുവാങ്ങി അന്നത്തെ അവസാന കുടുംബയോഗത്തിലേക്ക്.
രാത്രി ഏറെ വൈകിയും തന്നെ കാത്തിരിക്കുന്ന കുടുംബസദസ്സിലേക്ക് സുരേന്ദ്രന് എത്തുന്നു. അമ്മമാരും കുട്ടികളുമടക്കം ഇരുന്നൂറോളം പേര് അഡ്വ. ജയസൂര്യന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു. സ്ഥാനാര്‍ത്ഥിയെത്തിയതോടെ പ്രസംഗം അവസാനിച്ചു. വയനാട്ടിലെ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന് സുരേന്ദ്രന് അവരെ ഓര്‍മ്മിപ്പിക്കുന്നു. പോരാട്ടവീര്യം ലയിച്ചു ചേര്‍ന്ന മണ്ണാണിതെന്നും കീഴടക്കാന്‍ വന്ന ടിപ്പുവിനെയും ബ്രിട്ടീഷുകാരെയും പോരാട്ടത്തില്‍ തോല്‍പ്പിച്ച പാരമ്പര്യമാണ് വയനാടിന്റെ മണ്ണിനുള്ളതെന്നും സുരേന്ദ്രന് പറയുമ്പോള്‍ നിലയ്ക്കാത്ത കയ്യടി. വൈദേശിക ആശയങ്ങള്‍ക്കെതിരായ സമരം കൂടിയായിരിക്കണം ഈ തെരഞ്ഞെടുപ്പെന്നും എപ്പോഴെങ്കിലും എത്തിനോക്കുന്ന എംപിമാരല്ല എപ്പോഴും നിങ്ങളുടെ കൂടെയുള്ള ആളായിരിക്കണം എംപി യെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ നരേന്ദ്രമോദിക്കുള്ളതായിരിക്കണം ഓരോ വോട്ടെന്നും അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. മീനങ്ങാടി പന്തളം കോളനി, പന്നിമുണ്ട കോളനി എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശിച്ചു. രാത്രി ഏറെ വൈകി കല്‍പ്പറ്റയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി പ്രധാന പ്രവര്‍ത്തകരുമായുള്ള വിലയിരുത്തല്‍ യോഗത്തിന് ശേഷമാണ് പര്യടന പരിപാടി അവസാനിച്ചത്.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പരന്നു കിടക്കുന്ന വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യുദ്ധം ഏറെ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. യുഡിഎഫിന്റെ രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫിന്റെ ആനിരാജയുമാണ് എതിരാളികളെന്നത് കുറച്ചു കാണാതെ മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം ദേശീയ മുന്നേറ്റത്തിന് അനുകൂലമാണെന്ന് സുരേന്ദ്രന് വിലയിരുത്തുന്നു. ഇടത്, വലത് മുന്നണികള്‍ പേടിപ്പിച്ച് അകറ്റിനിര്‍ത്തിയിരുന്ന ന്യൂനപക്ഷ സമൂഹം ഇന്ന് ബിജെപിയെ ചേര്‍ത്ത് പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുടെ തുടക്കമായിരിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
കൊടികളുപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട ഗതികേടിലാണ് വയനാട്ടില്‍ യുഡിഎഫ് എത്തി നില്‍ക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിച്ച ജനപ്രതിനിധികള്‍ക്കെതിരെയുള്ള വികാരമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. വിദഗ്ധ ചികിത്സ ലഭിക്കുന്ന ഒരു മെഡിക്കല്‍ കോളജുപോലുമില്ലാത്ത ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ മുതല്‍ അന്യാധീനപ്പെട്ട ഭൂമി ഇതുവരെയും തിരിച്ചു ലഭിക്കാത്ത ഗോത്രസമൂഹത്തിന്റെ ദുരിതജീവിതമടക്കം ചര്‍ച്ച ചെയ്യാനാണ് സുരേന്ദ്രന് ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഉപയോഗിക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും ഇടതു-വലതു പ്രചാരണങ്ങള്‍ക്ക് മറുപടിനല്‍കിക്കൊണ്ട് അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബഡാഫൈറ്റര് എന്ന് വിശേഷിപ്പിച്ച ഈ പോരാളി എത്തിയതോടെ എളുപ്പം ജയിച്ചുകയറി പോകാമെന്ന വ്യാമോഹത്തിലായിരുന്ന യുഡിഎഫ് പതറിയിരിക്കുകയാണ്. ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. സുധാകരനടക്കമുള്ളവര്‍ രാജിവെച്ച് ബിജെപിയിലെത്തിയതും കെ. സുരേന്ദ്രന് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയും യുഡിഎഫ് പാളയത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഐ സ്ഥാനാര്‍ത്ഥിക്കുവേണ്ടി സിപിഎമ്മിലെ ഒരു വിഭാഗം പ്രചാരണത്തിലിറങ്ങാത്തത് ഇടത് മുന്നണിയെ കുഴക്കുകയാണ്. ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനത്തിലൂടെ മികച്ച വിജയം കൈവരിക്കാനാണ് സുരേന്ദ്രനും സംഘവും വിശ്രമമില്ലാതെ പോരാടിക്കൊണ്ടിരിക്കുന്നത്. അമേഠിയില്‍ പരാജയത്തിന്റെ രുചിയറിഞ്ഞ നെഹ്റു കുടുംബത്തിലെ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും പരാജയപ്പെടുത്താനുളള പടയൊരുക്കമാണ് നടക്കുന്നത്. മണ്ഡലത്തില്‍ എപ്പോഴെങ്കിലും എത്തിനോക്കുന്ന ദല്ഹിക്കാരെയല്ല നാട്ടുകാരനായ ജനപ്രതിനിധിയാണ് വേണ്ടതെന്ന് വയനാട്ടുകാര്‍ തീരുമാനിക്കണമെന്നാണ് എന്‍ഡിഎ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: