പാലക്കാട്: സംസ്ഥാനത്ത് ഇന്‍ഡി സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നുപോലും പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളതെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.
പാലക്കാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ഒരുഭാഗത്ത് സ്റ്റാലിനും മറുഭാഗത്ത് സിപിഎം നേതാവുമായിരുന്നു ഇരുന്നത്. കോയമ്പത്തൂരില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നാണെങ്കില്‍ 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള കേരളത്തില്‍ ഇരുവരും ശത്രുക്കളാണ്. ഒരേ വാഹനത്തില്‍ ഇരുപാര്‍ട്ടികളുടെയും കൊടികള്‍ ഒന്നിച്ചു കെട്ടിയാണ് പ്രചാരണം നടത്തുന്നത്.
ഇത്തരത്തില്‍ നിലപാടില്ലാത്തവരുടെ കൈയില്‍ എങ്ങനെ ഭരണം ഏല്‍പ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. തമിഴ്‌നാട്ടില്‍ ഡിഎംകെക്ക് ബാധിച്ചിട്ടുള്ള അസുഖമാണ് കേരളത്തിലെ സിപിഎമ്മിനുമുള്ളത്. ഭാരത് അരി വിതരണം പോലും സിപിഎം തടയുന്നു. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഭാരതം എല്ലാ മേഖലകളിലും മുന്നേറി.
മോദിയുടെ നേതൃത്വത്തില്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. മോദിയുടെ ഗ്യാരന്റിയില്‍ 2028 ആകുമ്പോഴേക്കും ഭാരതം മൂന്നാംസ്ഥാനത്തെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്ത് മോദിയുടെ ഗ്യാരന്റിയില്‍ മാത്രമെ വികസനം നേടാന്‍ കഴിയൂ. കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ കഷ്ടപ്പെടുന്നതിന് പകരം സ്വന്തം നാട്ടില്‍ തൊഴിലെടുക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുവാന്‍ മോദി സര്‍ക്കാരിനെ കഴിയൂ, അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാടിന്റെ മണ്ണില്‍ തെരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് ബിജെപി കോയമ്പത്തൂര്‍ സ്ഥാനാര്‍ത്ഥിയും തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈയുടെ റോഡ്‌ഷോ. വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന റോഡ്‌ഷോ അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയുടെ ശക്തിവിളിച്ചോതുന്നതായിരുന്നു. റോഡ്‌ഷോ കടന്നുപോയ വഴികളിലെല്ലാം ഇരുവശങ്ങളിലും നിന്നവര്‍ പുഷ്പവൃഷ്ടി നടത്തിയാണ് അണ്ണാമലൈയെ സ്വീകരിച്ചത്.
മലമ്പുഴ മണ്ഡലത്തിലായിരുന്നു ആദ്യപരിപാടി. തുറന്ന വാഹനത്തില്‍ കയറിയ അദ്ദേഹം സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ കഴുത്തില്‍ ഷാള്‍ അണിയിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട്ടില്‍ നിന്നാരംഭിച്ച് കഞ്ചിക്കോട് ആശുപത്രി ജങ്ഷനില്‍ സമാപിച്ചു. ഇതിനിടെ റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന പ്രവര്‍ത്തകരും വീട്ടമ്മമാരും കുട്ടികളുമടങ്ങിയ ജനങ്ങളെ അഭിവാദ്യം ചെയ്തും കൈകൊടുത്തുമാണ് റോഡ് ഷോ അവസാനിച്ചത്. ഇതിനിടെ തമിഴില്‍ കൃഷ്ണകുമാറിനായി പലതവണ വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തുടര്‍ന്ന് പാലക്കാട് മണ്ഡലത്തില്‍ മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെത്തിയ അദ്ദേഹത്തെ ആയിരങ്ങളാണ് സ്വീകരിക്കാനെത്തിയത്. പൂവുകൊണ്ടുള്ള അമ്പും വില്ലും നല്കിയാണ് അണ്ണാമലൈയെ സ്വീകരിച്ചത്. തുടര്‍ന്ന് സെന്‍ട്രല്‍ തിയേറ്റര്‍, ഗോള്‍ഡന്‍ പാലസ്, മേട്ടുത്തെരുവ്, വാട്ടര്‍ടാങ്ക് റോഡ്, ശെല്‍വി നഗര്‍, വടക്കന്തറ, ചുണ്ണാമ്പുത്തറ, കേരള തിയേറ്റര്‍, ചാത്തപുരം, കുണ്ടമ്പലം, മന്തക്കര, മണല്‍മന്ത, വലിയപാടം എന്നിവിടങ്ങളിലെ ഉജ്ജ്വല സ്വീകരണത്തിന് ശേഷം മാട്ടുമന്തയില്‍ സമാപിച്ചു. സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മേജര്‍ രവി, പി. രഘുനാഥ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: