അന്ധം തമഃ പ്രവിശന്തി
യേ സംഭൂതിമുപാസതേ
തതോ ഭൂയ ഇവ തേ
തമോ യ ഉ സംഭൂത്യാം രതാഃ
(ശ്ലോകം 12)
(ഏവര് ഉത്പത്തി ഇല്ലാത്തതിനെ സേവിക്കുന്നുവോ അവര്‍ കൂരിരുട്ടിനെ പ്രവേശിക്കുന്നു. യാവ ചിലരാകട്ടെ ഉണ്ടായിവന്നതില്‍ തല്‍പരരായിരിക്കുന്നുവോ അവര്‍ അതിനെക്കാളും കൂടുതലായിത്തന്നെയുള്ള ഇരുട്ടിനെ പ്രാപിക്കുന്നു.)
ഇവിടെ ഉണ്ടായതെല്ലാം (ഉത്പത്തിയുള്ളതെല്ലാം) നശിക്കും, നശിക്കാത്തത് ഉണ്ടാകാത്തതാണ്. ഉണ്ടായിവന്നതിന്റെയെല്ലാം ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത് പ്രകാശമാണെന്ന് സാമാന്യമായി പറയാം. അതിനപ്പുറത്തുള്ളത് എന്തോ, അത് മനുഷ്യന്റെ സ്ഥൂലമായ കണ്ണുകള്‍ക്കും, മനസ്സിനും, ചിന്തയ്ക്കും, വാക്കിനുമെല്ലാം അപ്പുറത്താണ്. അതാണ് ഒരിക്കലും ജനിച്ചിട്ടില്ലാത്തത്. ഈ ലോകത്തിന്റെ കണ്ണുകള്‍ക്ക് അത് എന്നും ഇരുട്ടാണ്. അതിനെ ഉപാസിക്കുന്നവര്‍, ഈ ഇരുട്ടിനെ തന്നെയല്ലേ ഉപാസിക്കുന്നത്? ദേഹത്യാഗാനന്തരം അവര്‍ ഈ കൂരിരുട്ടിലേക്കാണ് പ്രവേശിക്കുന്നത്. ശ്ലോകം 9 ല്‍ പറഞ്ഞ ആശയമാണ് ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നത്.
എന്നാല്‍ ഉണ്ടായിവന്ന വസ്തുക്കളില്‍, അതായത് ജഡമായതില്‍ (നാമരൂപങ്ങളുടേതായ ഈ ലോകത്തില്‍) രമിച്ച് കഴിയുന്ന ജീവന്, ഇരുള് മൂടിയ തമോഗര്‍ത്തങ്ങളിലാണ് നാളെ ചെന്നുചേരുന്നത്. അവനിലെ ജഡത്വം ഒടുവില്‍ അവനെ ജഡാവസ്ഥയില്‍ തന്നെ എത്തിക്കും. ഇതും നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
ശ്ലോകം 9 ല്‍ പരാമര്‍ശിച്ച, ആദ്യത്തെ ‘ഇരുട്ട്’ പിണ്ഡലോകങ്ങളിലുള്ളതും (സ്ഥൂലമായ അവസ്ഥയിലുള്ളതും) രണ്ടാമത്തേത് ഇരുണ്ട ആകാശത്തുള്ളതും അതായത് സൂക്ഷ്മമായ അവസ്ഥയിലുള്ളതുമായിരുന്നു. ഇവിടെ ആദ്യം പറയുന്നത് ഇരുട്ടിന്റെ സൂക്ഷ്മഭാവത്തെയും പിന്നെ അതിന്റെ സ്ഥൂലഭാവത്തെയുമാണ്. എന്തിനിങ്ങനെ പറഞ്ഞുവെന്നാല്‍,’ഇരുട്ട്’ എന്ന പദം കേള്‍ക്കുന്ന മാത്രയില്‍ തന്നെ തള്ളിക്കളയേണ്ടതെന്ന്, ചിന്തിക്കാതെ ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുക. അതേ പ്രകാരം ലോകത്തിലുള്ളതെല്ലാം കാഴ്ചയിലും പ്രയോഗത്തിലും ഒന്നുപോലെയാണെങ്കിലും, നിന്നിലെ വിവേചനശക്തിയിലൂടെ അവയിലെ നിത്യത്തേയും അനിത്യത്തേയും വേര്‍തിരിച്ച് കണ്ടുകൊണ്ട് ഉള്‍ക്കൊള്ളുവാനും തള്ളികളയുവാനും പാടുള്ളൂ. ഇരുട്ടിനെ സ്വീകരിക്കേണ്ട അര്‍ത്ഥത്തില്‍ സ്വീകരിക്കുക തന്നെ വേണം. അകറ്റിനിര്‍ത്തേണ്ടിടത്ത് അകറ്റിനിര്‍ത്തുവാനും കഴിയണം. എല്ലാത്തിനും മാനദണ്ഡമാകേണ്ടത് ഇരുട്ടിന് അപ്പുറമുള്ള ബോധചൈതന്യത്തില്‍ ഉറച്ച് നില്ക്കുന്ന നിന്നിലെ ബുദ്ധിയായിരിക്കണം. ലോകം നിറഞ്ഞുനില്ക്കുന്ന സത്യത്തിന്റെ വെളിച്ചത്തില്‍ കൂടി മാത്രമേ, ലോകജീവിതത്തില്‍ ഇറങ്ങി നടക്കുവാന്‍ പാടുള്ളൂ.
ഇതിലൂടെ നാം ജീവിതത്തില്‍ ആചരിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം കൂടി ഉപനിഷത്ത് വെളിവാക്കുന്നുണ്ട്. വൈരുദ്ധ്യങ്ങളെ സ്വീകരിക്കുവാന്‍ നിങ്ങള്‍ തയ്യാറാകുന്നത് നിങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മുന്‍വിധികളെ കുറിച്ച് സ്വയം ബോധവാനാകുമ്പോള്‍ മാത്രമാണ്. അതറിഞ്ഞ് യാഥാര്‍ത്ഥ്യത്തെ എപ്പോഴും ഉള്‍ക്കൊള്ളുവാനും, വഴിമാറി സഞ്ചരിക്കുവാനും കഴിയുന്ന, മുന്‍വിധികളില്ലാത്ത മനസ്സുമായി ഈ ലോകത്തേയും ജീവിതത്തേയും സമീപിക്കുക.
ഇതിന്റെ, സങ്കല്‍പ്പത്തിലെ തലം ഒരു മുന്നറിയിപ്പാണെന്ന് പറയാം. നമ്മളും ഈശ്വരനുമായുള്ള ബന്ധത്തെ അറിയാതെ, ജഡരൂപമാര്‍ന്ന ഈ ലോകത്തില്‍, വിവേചനശക്തിയില്ലാതെ ജീവിച്ചാല്‍, ഒടുവില്‍ നിന്റെ അകത്തും പുറത്തുമായി ഇരുട്ട് മാത്രമേ ഉണ്ടാവു. നിന്നെ കാത്തിരിക്കുന്നത് ചെറിയ ദുരന്തമല്ല. ഉള്‍ക്കണ്ണുകള്‍ അടച്ച് ഈ ജന്മവും ഉറങ്ങി തീര്‍ക്കാതിരിക്കുക. വേഗം ഉണരുക.
അന്യദേവാഹുഃ സംഭവാ
ദന്യദാഹുരസംഭവാത്
ഇതി ശുശ്രമ ധീരാണാം
യേ നസ്തദ് വിചചക്ഷിരേ
(ശ്ലോകം 13)
(സംഭവിച്ചത് വേറെ തന്നെയാണെന്ന് പറയുന്നു. സംഭവിക്കാത്തത് വേറെ തന്നെയാണെന്ന് പറയുന്നു. യാവചിലര്‍ അത് വിവരിച്ച് പറഞ്ഞുതന്നിട്ടുണ്ടോ ആ ബുദ്ധിമാന്മാരായവരുടെ ഇങ്ങനെയുള്ളതിനെ നാം കേട്ടിട്ടുണ്ട്.)
ആചാര്യന്മാര്, സംഭവിച്ചതിനെയും (സംഭവിച്ചത് മനസ്സിനും, വാക്കിനും, കരചരണങ്ങള്‍ക്കും വിഷയമാകുന്ന ഈ ലോകമാണ്), സം ഭവിക്കാത്തതിനെയും (അത് മനുഷ്യലോകത്തിന്റെ പരിമിതികള്‍ക്ക് അപ്പുറമുള്ളതാണ്), വേര്‍തിരിച്ച് കാണുവാന്‍ പറഞ്ഞതിന് പിന്നില്‍ അവരുടെ ബുദ്ധിയാണെന്ന് കണ്ടല്ലോ.
ശരിക്കും ഉപനിഷത്ത് ഇതിലൂടെ നമ്മളെ പരീക്ഷിക്കുകയാണ്. വാക്കര്‍ത്ഥമല്ല ഇവിടെ കാണേണ്ടത്. അത് ബുദ്ധിമാന്മാരായ ആചാര്യന്മാരുടെ സങ്കല്പത്തിലൂടെയാണ് കണ്ടത്തേണ്ടത്. യഥാര്‍ത്ഥത്തില്‍ ‘സംഭവിച്ചത്’ (വന്ന് ഭവിച്ചത്) എന്താണ്? അത് നമ്മുടെ മനസ്സിനും, വാക്കിനും, കരചരണങ്ങള്‍ക്കും വിഷയമാകാത്ത ആത്മാവ് തന്നെയാണ്. അതാണ് ശരീരങ്ങളായി, ഈ പ്രകൃതിയായി, ലോകമായി വന്ന് ഭവിച്ചത്. അപ്പോള്‍ ‘സംഭവിക്കാത്തതോ’? നാശരഹിതനായ ആ ആത്മാവിന്റെ മറയ്ക്കപ്പെട്ട സ്വരൂപത്തെയാണ് സംഭവിക്കാത്തതായി നമ്മള് പറയുന്നത്. അതായത് ഇവിടെ സംഭവിച്ചതെന്ന് പറയുന്നത് ഒന്നിന്റെ, കാണുവാന്‍ കഴിയുന്ന ഭാഗത്തെ മാത്രമാണ്. അതിന്റെ കാണുവാന്‍ കഴിയാത്ത ഭാഗം (നമ്മെ സംബന്ധിച്ച്) ഒരിക്കലും ജനിച്ചിട്ടില്ലാത്തതാണ്, അതാണ് സംഭവിക്കാതെ പോയത്.
ഉദ്ദേശിക്കുന്നത്, വ്യാവഹാരിക സത്തയുള്ള ഈ ലോകവും പാരമാര്‍ത്ഥിക സത്തയുള്ള ആ ഈശ്വരനും ഒന്നു തന്നെയാണെന്നാണ്. അവ ഏകനായ ആത്മാവിന്റെ രണ്ട് ഭാവങ്ങള്‍ മാത്രമാണ്. ഒരുവന് വിവേചനശക്തി നേടി സത്യത്തെ അറിഞ്ഞ് കഴിയുമ്പോള്‍ മനസ്സിലാകും, ഇവിടെ വിദ്യയായി സ്വീകരിക്കുന്നതും അവിദ്യയായി തള്ളികളയുന്നതും ഒന്നിനെതന്നെയാണ്. അതുകൊണ്ട് വൈവിധ്യങ്ങളുടെ ഈ ലോകത്തെ അവഗണിക്കാതെ, സവിശേഷമായ വൈവിദ്ധ്യങ്ങളായി തന്നെ ഉള്‍ക്കൊണ്ട്, ജീവിതത്തെ അതിന്റെ ഏകത്വഭാവത്തിലേക്ക്, ഈശ്വരനിലേക്ക് ഉയര്‍ത്തുക. അപ്പോഴാണ് നിങ്ങള്‍ ആചാര്യന്മാരുടെ സങ്കല്‍പ്പഭൂമികയില്‍ ആയിരിക്കുന്നത്. അവിടെ കേള്‍ക്കുന്നതിന് പിന്നിലുള്ള യാഥാര്‍ത്ഥ്യത്തെയാണ് ഉള്‍ക്കൊള്ളേണ്ടത്. വിദ്യകളെ ഒന്നാക്കി, സ്വന്തം പൂര്‍ണതയിലേക്ക് പ്രയാണം ചെയ്യുമ്പോള്‍ നമ്മള് മറക്കുവാന്‍ പാടില്ലാത്ത ഒരു ദര്‍ശനമുണ്ട്. എല്ലാം സ്വീകരിച്ച് ജീവിക്കുമ്പോള്‍ ഓര്‍ക്കേണ്ടതാണത്. പരമസത്യമായ നമ്മുടെ സത്തയിലേക്ക് എത്തുവാന്‍ നമ്മളിലെ ക്ഷണികമായ സത്തയ്ക്ക് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന അവരുടെ ദര്‍ശനം. ആ കാഴ്ചയോടെ, ശാസ്ത്രീയമായ അടിത്തറയില്‍ ഏര്‍പ്പെടുത്തി യിട്ടുള്ളതാണ് ഓരോ നിയന്ത്രണവും.
ഉദാഹരണത്തിന്, ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്; നശ്വരതയും അനശ്വരതയും ഒന്നാണെങ്കില്, എന്തിനാണ് ഇപ്പോഴും ലോകാനുഭവങ്ങള്‍ക്ക് നമ്മള് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്? ഈ കാലത്തും അതൊക്കെ വേണമെന്ന് ശഠിക്കുന്നത് അജ്ഞതയല്ലേ? അല്ല. അന്നും ഇന്നും എന്നും സാം ഗത്യമുള്ളവയാണ് ആ നിയന്ത്രണങ്ങള്‍.
എല്ലാത്തിലുമുള്ളതുപോലെയല്ല മനുഷ്യന്റെ ഉള്ളിലുള്ള ഈശ്വരാംശം. അത് അവന് അനുഭവിക്കുവാന്‍ കഴിയുന്നതാണ്. (പ്രത്യേകത ഈശ്വരാംശത്തിലല്ല, നിന്നിലാണ്) പക്ഷെ ഉള്ളിലെ ചലനങ്ങള്‍ അടങ്ങിയാലേ ആ ഈശ്വരീയതയെ ഒരുവന് അനുഭവിക്കുവാന്‍ കഴിയൂ. കുളത്തിലെ ജലം നിശ്ചലമാകാതെ ഇല്ലത്തിനകത്തിരുന്ന് യഥാര്‍ത്ഥ സൂര്യനെ ആര്‍ക്കും കാണുവാന്‍ പറ്റില്ല. വികാരങ്ങളെ കയറൂരിവിട്ട് ഉള്‍ബോധത്തെ ഇളക്കിമറിച്ച് രസിക്കുമ്പോള്‍ ഒന്നോര്‍ക്കുക. വിഷയ സുഖങ്ങളുടെ ഓരോപടി കയറുമ്പോഴും, ഉള്ളിലെ ആത്മബോധത്തിന്റെ പ്രതിഫലനങ്ങളെ ഏകാഗ്രമാക്കുവാനുള്ള നമ്മുടെ കഴിവാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടമുണ്ടെങ്കില്‍ അത് നിനക്ക് മാത്രമാണ്. നീ അറിയാതെ, നിന്നിലെ ഈശ്വരനില്‍ നിന്ന്, നീ തന്നെ നിന്നെ അകറ്റികൊണ്ടിരിക്കുകയാണ്.
പൂര്‍വ്വികരായ ആചാര്യന്മാര് ലോകാനു ഭവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ബ്രഹ്മചര്യവും, പാതിവ്രത്യവും, അടങ്ങിയ സദാചാരനിഷ്ഠയുടെ നിയന്ത്രണങ്ങള്‍, നിന്റെ ഈശ്വരനെ നിനക്ക് കൈമോശം വരാതിരിക്കുവാനുള്ള ഉപായങ്ങളാണ്. അമൃതാനന്ദത്തിന്റെ സന്താനങ്ങളായ നിങ്ങളുടെ മേല്‍ഗതിയെ ലക്ഷ്യം വച്ച് ഏര്‍പ്പെടുത്തിയ ആ നിയന്ത്രണങ്ങളെല്ലാം നിന്നെ രൂപപ്പെടുത്തുവാനുള്ള വിദ്യയുടെ പടവുകളാണ്. അതിലൂടെ നിത്യതയിലേക്ക്, നീപോലും അറിയാതെ നിന്നെ എത്തിക്കുവാനുള്ള അവരുടെ സങ്കല്‍പ്പങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്.
ശ്ലോകസങ്കല്പവും അവിടേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ ലോകത്തില്‍ സ്വയം നിയന്ത്രിക്കാതെ ആരും അവരവരിലെ സത്യത്തില്‍ എത്തില്ല; നിത്യ തൃപ്തരാവില്ല. അതിപ്പോഴേ ഉണ്ടെന്ന് കരുതുന്നത്, സ്വയം വിഡ്ഢിയാകുവാനുള്ള, നിന്നിലെ കഴിവുകൊണ്ടാണ്. സദാചാരനിഷ്ഠയിലൂടെയേ, മനുഷ്യ ജീവിയായ നീ അകക്കാമ്പിലെത്തൂ. ആണായാലും പെണ്ണായാലും ഇതിന് മാറ്റമില്ല. ഇത് ബാധകമല്ലാതാകുന്നത് മൃഗങ്ങള്‍ക്ക് മാത്രമാണ്. മനുഷ്യനായ നീ അത് മറക്കരുത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: