തൃശൂര്‍: പോലീസ് ഇടപെടല്‍ കാരണം ചരിത്രത്തില്‍ ആദ്യമായി പൂരത്തിന്റെ രാത്രി വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍ നടത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. സുരക്ഷയുടെ പേരില്‍ പോലീസ് നടത്തിയ ഇടപെടലുകളാണ് പ്രശ്നം വഷളാക്കിയത്. പോലീസ് നടത്തിയ അനാവശ്യ ഇടപെടലില്‍ ദേവസ്വം ഭാരവാഹികളും പൂര പ്രേമികളും വലഞ്ഞു. പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സാധാരണ പൂലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെടിക്കട്ടിന് തുടക്കമാകുന്നത്. ഇത്തവണ പോലീസിന്റെ ഇടപെടല്‍ കാരണം നാല് മണിക്കൂറിലധികം വൈകിയത് പൂരം കാണാനെത്തിയവരെ നിരാശയിലാഴ്ത്തി. ഇതിനിടെ വെടിക്കെട്ട് കാണാന്‍ എത്തിയവര്‍ പലരും നിരാശയോടെ വീട്ടിലേക്ക് മടങ്ങി.
പകല്‍ വെളിച്ചത്തില്‍ ആദ്യം പാറമേക്കാവും പിന്നെ തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തി. പാറമേക്കാവ് 6.30 ഓടെയും തിരുവമ്പാടി 7.20 നുമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. വെടിക്കെട്ട് വൈകിയതിനെ തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസില്‍ എത്തി ചര്‍ച്ച നടത്തി. വെടിക്കെട്ട് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പോലീസ് സ്വരാജ് റൗണ്ട് അടച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്.
ബാരിക്കേഡ് ഉപയോഗിച്ച് ജനങ്ങളെ തടഞ്ഞ പോലീസ് ആരെയും സ്വരാജ് രൗണ്ടിലേക്ക് കടത്തി വിട്ടില്ല. പ്രതിഷേധിച്ച പൂരപ്രേമികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയുമുണ്ടായി. നായ്ക്കനാല്‍ പന്തലിന് സമീപമാണ് ലാത്തിചാര്‍ജ് നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പോലീസിനെതിരെ ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചു. പോലീസ് രാജെന്ന് ആരോപിച്ച് തിരുവമ്പാടി വിഭാഗം രാത്രി പൂരത്തിന്റെ പഞ്ചവാദ്യം നിര്‍ത്തിവച്ചു. തിരുവമ്പാടിയുടെ നായ്ക്കനാല്‍, നടുവിലാല്‍ കാഴ്ചപന്തലുകളുടെ ലൈറ്റും ആഫാക്കി. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. ചരിത്രത്തില്‍ ആദ്യമായി മഠത്തില്‍ വരവ് പാതി വഴിയല്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി.
മഠത്തില്‍ വരവ് നിര്‍ത്തിവയ്ക്കേണ്ടി വന്നതില്‍ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ.സുന്ദര്‍ മേനാന് ഉള്‍പ്പെടെയുളള ഭാരവാഹികള്‍ നിരാശ പ്രകടിപ്പിച്ചു. വെടിമരുന്ന് നിറയ്ക്കുന്ന കാര്യത്തിലും പോലീസിന്റെ അനാവശ്യ ഇടപെടലുണ്ടായി. വെടിമരുന്ന് നിറയ്ക്കുന്ന ജോലിക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. വെടിക്കെട്ട് നടക്കുന്നിടത്തേക്ക് ദേവസ്വം ഭാരവാഹികള്‍ പോകരുതെന്നും പോലീസ് കര്‍ശന നിര്‍ദേശം നല്കി. ഇതിനെ ചൊല്ലി തിരുവമ്പാടി ദേവസ്വം ഭാരവാഹികളും സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനുമായി തര്‍ക്കമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: