ആലപ്പുഴ: തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ കളക്ടര്‍ നല്കിയ പരാതിയിലാണ് നടപടി.
കേസെടുത്തതിന് പിന്നാലെ ഓണ്‍ലൈന്‍ ചാനലില്‍ നിന്ന് വാര്‍ത്ത പിന്‍വലിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കെതിരെ അധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണാജനകവും വിദ്വേഷം പരത്തുന്ന തരത്തിലുമുള്ള വാര്‍ത്തകളും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മോക്പോളിംഗില്‍ വിവിപാറ്റ് സ്ലിപ്പുകളില്‍ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതായി കാണിക്കുന്നു എന്നാണ് ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ജില്ലയില്‍ എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ നേരത്തെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: