തിരുവനന്തപുരം: എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് ആക്രണമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.പ്രതിഷേധമല്ല ഉണ്ടായത്. അക്രമം ജനാധിപത്യവിരുദ്ധമെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരെ നടന്ന അക്രമത്തെ കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോട് ഇക്കാര്യം പറഞ്ഞിട്ടില്ല. എന്നാല്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നമ്മള് ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കും എതിര് അഭിപ്രായങ്ങള്‍ക്കും ജനാധിപത്യത്തില്‍ സ്ഥാനം ഉണ്ടെങ്കിലും അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. എസ് എഫ് ഐ നടത്തിയതിലും മോശമായ അക്രമങ്ങള്‍ മുമ്പ് നേരിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
രാജ്ഭവന് വേണ്ട പണം പോലും അനുവദിക്കുന്നില്ലെന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്. രാഷ്ട്രപതിക്ക് എല്ലാ മാസവും റിപോര്‍ട്ട് നല്‍കുന്നുണ്ടെന്നും ആരിഫ് മൊഹമ്മദ് ഖാന് പറഞ്ഞു.
ഗവര്‍ണറെ വഴിയില്‍ തടയുന്ന ഇടതുമുന്നണി രീതിയെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശത്രുരാജ്യങ്ങള്‍ പോലും നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കും. ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അവഹേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ഇക്കാര്യത്തിലാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: