അഞ്ച് മഹിളാ ന്യായ് ഉള്‍പ്പെടെ പ്രഖ്യാപിച്ചാണ് രാഹുല്‍ മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ വനിതകള്‍ക്ക് 50 ശതമാനം ജോലി ഉറപ്പ്. വീട്ടില്‍ ഒരു വനിതയ്ക്ക് ഒരുലക്ഷം. സ്ത്രീകള്‍ക്ക് ഹോസ്റ്റല്‍ എന്നിവയെല്ലാം അടങ്ങിയതാണ് മഹിളാ ന്യായ് പദ്ധതി. കേരളത്തില്‍ അമ്പത് ശതമാനം മഹിളാസ്ഥാനാര്ത്ഥിയെ പ്രഖ്യപിക്കേണ്ടതല്ലെ? നിര്‍ത്തിയതോ വാവിന് നിര്‍ത്തിയ ചക്കപോലെ ഒരേ ഒരെണ്ണം. ആ ഷമാ മുഹമ്മദ് കൈകാലിട്ട് കരഞ്ഞ് പറഞ്ഞതാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്. കേട്ടില്ല. എന്നിട്ടാണിപ്പോ 50 ശതമാനം വനിതാ സംവരണം പറയുന്നത്. പണ്ടൊരു മരപ്പണിക്കാരനും മകനും പാലം കടക്കുമ്പോള്‍ ഉളി താഴെ വീണു. അച്ഛന് നേര്‍ന്നു. ആ ഉളി കിട്ടിയാല്‍ ആ തൂക്കത്തിന് സ്വര്‍ണ ഉളി നല്‍കുമെന്ന്. മകന് അപ്പോള്‍ തന്നെ പറഞ്ഞു. ഈ അച്ഛനെന്ത് പൊട്ടനാണ്? പൊന്നിന്റെ ഉളി നല്കാമെങ്കില് വീണതുപോലുള്ള നൂറു ഉളി വാങ്ങാലോ അച്ഛാ! അച്ഛന്റെ മറുപടിയും ഉടന്‍ വന്നു. കിട്ടട്ടെടാ – കിട്ടിയാല്‍ കൊടുക്കാനുള്ള നേര്‍ച്ചയാണോ ഇത്. അതുപോലെയാണ് രാഹുലിന്റെ മഹിളാ ന്യായവും.
എന്തെല്ലാം പ്രഖ്യാപനങ്ങളാണ്. അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളപ്പോള്‍ പറയുന്ന കാര്യങ്ങളെല്ലാം. മോദിയുടെ ഗ്യാരന്റി അങ്ങിനെയാണോ? ചെയ്യാന്‍ കഴിയുന്നതേ പറയൂ. പറയുന്നത് ചെയ്തിരിക്കും. സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കുന്നവ റിപ്പബ്ലിക് ദിനമാകുമ്പോഴേക്കും തുടങ്ങിയിരിക്കും. അതാണ് മോദിയുടെ ഗ്യാരന്റി. പ്രധാനമന്ത്രി ഭീമാ യോജനയിലൂടെ 37.9 കോടി കേരളത്തിന് നല്കി. 998 ജനഔഷധി കേന്ദ്രങ്ങള്‍ തുറന്നു. 1,74,78356 ഹെല്‍ത്ത് കാര്‍ഡുകള്‍ നല്കി. 70 വയസ്സു പിന്നിട്ടവരെ തികച്ചും സൗജന്യമായി ചികിത്സിക്കാന്‍ പോകുന്നു. ഡിസംബര്‍ 31 വരെ 4214 പേര്‍ക്കായി 84.28 കോടി നല്കി. 37 ലക്ഷം വീടുകള്‍ക്ക് കുടിവെള്ളമെത്തിച്ചു. അങ്ങനെ എത്രയെത്ര പദ്ധതികള്‍.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുലിന് അറിയണം. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി. വിമര്‍ശനവും എതിര്‍പ്പും സത്യസന്ധമായാല്‍ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുല്‍ ഗാന്ധി പറയുന്നു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്സഭയില്‍നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടില്‍നിന്നു പോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍ നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്നും രാഹുലിന്റെ ന്യായം.
ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തിയുക്തം പോരാടുന്ന ഒരാളാണ് താനെന്നാണ് രാഹുലിന്റെ വാദം. ”അവര്‍ എന്നെ എന്തൊക്കെ ചെയ്താലും ഓരോ ദിവസവും ഞാന്‍ ആ പോരാട്ടം തുടരുകയാണ്. ആശയപരമായി എനിക്ക് അവരോടു കടുത്ത ഭിന്നതയുണ്ട്. അതുകൊണ്ട് ഓരോ ദിവസവും ഉറക്കമുണരുമ്പോള്‍ അവരെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് എന്റെ ചിന്ത. ഞാന്‍ പാര്‍ലമെന്റിലൂടെ നടക്കുമ്പോള്‍ അവിടെയുള്ള ബിജെപിക്കാര്‍ പറയുന്നത്, ഈ മനുഷ്യന് 24 മണിക്കൂറും ഞങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു” -രാഹുല്‍ ആശ്വസിക്കുന്നു.
”ഇങ്ങനെ അവര്‍ക്കെതിരെ പോരാടുമ്പോള്‍, ഞാന്‍ അതിനു വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. അവരുടെ മാധ്യമങ്ങളും ചാനലുകളും എന്നെ 24 മണിക്കൂറും അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യം മുഴുവന്‍ എന്റെ പ്രതിച്ഛായ അവര്‍ നശിപ്പിക്കുന്നു. എന്റെ ലോക്സഭാംഗത്വം അവര്‍ എടുത്തുകളഞ്ഞു. ഞാന്‍ അദാനിക്കെതിരെ ഒരു പ്രസംഗം നടത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണു ലോക്സഭയില്‍നിന്ന് എന്നെ പുറത്താക്കിയത്. ഒരു ദിവസം 12 മണിക്കൂര്‍ വച്ച് 55 മണിക്കൂറാണ് ഇ.ഡി എന്നെ ചോദ്യം ചെയ്തത്. കേരളത്തിലും ഉത്തര്‍പ്രദേശിലും അസമിലുമുള്ള ജനങ്ങളുടെ ഹൃദയത്തിലാണ് എന്റെ വീട്. കന്യാകുമാരിയില്‍നിന്നു കേരളത്തിലൂടെ കശ്മീര്‍ വരെ ഞാന്‍ 4000ല്‍ അധികം കിലോമീറ്ററുകള്‍ നടന്നു. അന്നു മുതലുള്ള മുട്ടുവേദന ഇപ്പോഴും എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്.
ബിജെപിയെ എതിര്‍ക്കുന്ന എനിക്കു സംഭവിക്കുന്ന ഇക്കാര്യങ്ങളൊന്നും എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്കു സംഭവിക്കാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം എടുത്തുകളയാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഔദ്യോഗിക വസതി നഷ്ടപ്പെടാത്തത്? എന്തുകൊണ്ടാണ് ഇ.ഡിയോ സിബിഐയോ അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്? ഈ രാജ്യത്തെ രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. അവര്‍ക്കു സംഭവിച്ചത് കേരളത്തിലെ മുഖ്യമന്ത്രിക്കു മാത്രം സംഭവിക്കാത്തത് എന്താണ്?
കേരള മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ വിമര്‍ശിക്കുകയാണ്. ഇത് എനിക്ക് മനസ്സിലാകുന്നില്ല. ബിജെപിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബിജെപിയെ ആക്രമിച്ചാല്‍ അവര്‍ കയ്യിലുള്ളതെല്ലാം വച്ച് തിരികെ ആക്രമിക്കും. പക്ഷേ, കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇതു സംഭവിക്കുന്നില്ല. ഇവിടെ അഴിമതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്ലേ? ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ കൃത്യമായി ചിന്തിക്കണം. ആരെങ്കിലും ബിജെപിയെ സത്യസന്ധമായി ആക്രമിച്ചാല്‍ അവര്‍ ഇ.ഡിയെയും സിബിഐയേയും ഉപയോഗിച്ച് 24 മണിക്കൂറും അവരുടെ പിന്നാലെയായിരിക്കും.” രാഹുല്‍ ആവലാതിപ്പെട്ടു.
വയനാട്ടില്‍ തോല്ക്കുമെന്നുറപ്പായപ്പോഴാണ് അമേഠിയെക്കുറിച്ച് ചിന്തവന്നത്. പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്നാണ് പറയുന്നത്. ആരാണ് പാര്‍ട്ടി? ആരാണ് പറയേണ്ടത്? അങ്ങിനെയൊന്നും ചോദിക്കരുത്. അമേഠിയില്‍ ജയിക്കുമെന്നുറപ്പില്ലാത്തതുകൊണ്ടല്ലെ ലീഗിനെ ആശ്രയിച്ച്, കൊടിപോലും ഉപേക്ഷിച്ച് വയനാട്ടിലെത്തിയത്. വയനാട്ടില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാനെന്ന മട്ടിലായോ? അവിടെ ആനി രാജ ഡമ്മിയായി പത്രിക നല്കിയതായിരുന്നു.
ബിജെപിയുടെ അല്ലെങ്കില്‍ എന്‍ഡിഎയുടെ 20 സ്ഥാനാര്‍ഥികളും കളിക്കാനിട്ട പന്തലുകളല്ല. എല്ലാവരും ജയിക്കാനായി മത്സരിക്കുന്നവരാണ്. ബിജെപി കെ. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സ്ഥിതി മാറി. സുരേന്ദ്രന് പാട്ടുംപാടി ജയിക്കുമെന്നായപ്പോഴാണ് രാഹുലിന് വീണ്ടുവിചാരം. അമേഠിയാവാം. ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നപോലെയാകും സ്ഥിതി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അമ്മയും മോനും ജാമ്യത്തിലാണ്. ഇന്‍ഡി മുന്നണിയിലെ മുഖ്യമന്ത്രിമാരടക്കം പല നേതാക്കളും ജയിലിലും ജാമ്യത്തിലുമാണ്. കള്ളപ്പണക്കാരും പൊതുമുതല്‍ കട്ടുവെളിപ്പിച്ചവരും പിടിക്കപ്പെടരുതെന്നാണോ? കേരള മുഖ്യമന്ത്രിയുടെ മകളുടെ കേസ് അന്വേഷണത്തിലാണ്. പ്രതിയാക്കാന്‍ പഴുതുകിട്ടിയാല്‍ പിടിവീഴും. അന്നേരം തൂവാലയുമായി കണ്ണീരൊപ്പാന്‍ രാഹുല്‍ വരരുത്. കേജ്രിവാളിനെ പിടിച്ചപ്പോഴും കെ. കവിതയെ ജയിലിലടച്ചപ്പോഴും ചെയ്തതൊന്നും പിണറായിയുടെ കാര്യത്തിലുണ്ടാകില്ലെന്നുറച്ച് പറയാമോ? ഊരിക്കുത്താന്‍ നേരമില്ലാഞ്ഞിട്ട് ഉറയോടെ കുത്തി എന്ന ഞൊണ്ടി ന്യായം പറയാന്‍ മോദി തയ്യാറല്ല. അതാദ്യം രാഹുല്‍ മനസ്സിലാക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: