ജനാധിപത്യത്തിലെ മഹോത്സവമാണ് തെരഞ്ഞെടുപ്പ്. അതിന്റെ ആരവവും ആഘോഷവും നടക്കുന്നതിനിടയിലാണ് വോട്ട് ‘യന്ത്രതിരിമറി’ എന്ന പേരില്‍ ചര്‍ച്ച വന്നത്. കാസര്‍ഗോഡ് ബുധനാഴ്ച നടന്ന മോക്‌പോളിംഗില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് കൂടുതല്‍ കിട്ടിയതാണ് ചര്‍ച്ചയ്‌ക്കാധാരം. ഇത് സംബന്ധിച്ച് ആശങ്കയും ആകുലതയും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സുപ്രീം കോടതിയും അതുശരിവയ്‌ക്കുകയും ചെയ്തു. എന്നിട്ടും ചിലര്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ നോക്കുന്നത് വേദനാജനകമാണ്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ചും തെരഞ്ഞെടുപ്പു കമ്മിഷനെക്കുറിച്ചും തെറ്റായ വാര്‍ത്തകളും പ്രചരണവും അഴിച്ചുവിടാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. അതിനിടയിലാണ് ഇങ്ങിനെയൊരു തെറ്റായ വാര്‍ത്തയും രംഗത്തുവന്നത്.
ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മിഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്‌പോളില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് കാസര്‍ഗോഡ് കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. തെരഞ്ഞെടുപ്പിനായി ഇവിഎം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള എന്‍ജിനീയര്‍മാരാണ് ഇത് നിര്‍വഹിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് കമ്മീഷനിങ് പ്രക്രിയ നടക്കുന്നത്. ഇത് പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നുമുണ്ട്.
കാസര്‍ഗോഡ് മണ്ഡലത്തില്‍ നടന്ന കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്‌പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. യന്ത്രങ്ങള്‍ സജ്ജമാക്കിയതിനു ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രിന്റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുള്ള സ്ലിപ്പുമാണിത്. പ്രാഥമിക പരിശോധനയ്‌ക്കുള്ള സ്ലിപ്പാണ് മോക്‌പോളിനിടെ ലഭിച്ചതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഇവിഎമ്മുകളും പൂര്‍ണമായും സുരക്ഷിതവും കുറ്റമറ്റതുമാണെന്നും യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്.
കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപിക്കു കൂടുതല്‍ വോട്ട് ലഭിച്ചെന്ന വാര്‍ത്ത സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കാസര്‍ഗോട്ടെ മോക് പോള്‍ കോടതിയില്‍ പരാമര്‍ശിച്ചത്. റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത തെറ്റാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. ഹര്‍ജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കാസര്‍ഗോഡ് മോക് പോള്‍ വാര്‍ത്ത കോടതിയില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഇതേക്കുറിച്ചു പരിശോധിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കര് ദത്ത എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയ വിനിമയം നടത്തിയാണ് ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചത്.
നാലു കോടി വിവിപാറ്റുകള്‍ എണ്ണിയതില്‍ ഒന്നില്‍പ്പോലും പൊരുത്തക്കേടു കണ്ടില്ലെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു. കമ്മിഷന്‍ പ്രതിനിധി കോടതിയില്‍ നേരിട്ടെത്തി വോട്ടിങ് യന്ത്രത്തിന്റെയും വിവിപാറ്റിന്റെയും സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഏതായാലും സംശയലേശമന്യേ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കേണ്ട ബാധ്യതയാണ് കമ്മീഷനില്‍ നിക്ഷിപ്തമായിട്ടുള്ളത്. അത് തികച്ചും നിഷ്പക്ഷമായും നീതിപൂര്‍വമായും നടക്കുമെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നത്. അതില്‍ ഒരുതരത്തിലും ഒരിടത്തും ബാഹ്യ ഇടപെടലോ കൈകടത്തലോ സാധ്യമല്ല. കമ്മീഷന്‍ അതിനൊട്ടു അനുവദിക്കുകയുമില്ല. തെറ്റായ വാര്‍ത്തകളും വിവരങ്ങളും എഴുന്നള്ളിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ അലങ്കോലപ്പെടുത്താന്‍ ആരുശ്രമിച്ചാലും അത് വിജയിക്കാന്‍ പോകുന്നില്ല. ഒരു ആശങ്കയും ആകുലതയുമില്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: