കണ്ണൂര്‍: ദല്‍ഹിയില്‍ കേജ്രിവാളിന്റെ അറസ്റ്റിനെ എതിര്‍ക്കുകയും കേരളത്തില്‍ വന്ന് പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുകയും ചെയ്യുന്ന രാഹുലിന്റെ നിലപാട് ഇരട്ടത്താപ്പും കപട രാഷ്ട്രീയവുമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. തീവ്രവാദവും അഴിമതിയും തുടച്ചു നീക്കാന്‍ ദൈവം അയച്ച വ്യക്തിയാണ് മോദി. അഴിമതിയുടെ കാര്യത്തില്‍ ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കും. മാസപ്പടിക്കേസില്‍ പിണറായി വിജയന്റെ മകളേയും ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല, അബ്ദുള്ളക്കുട്ടി പറഞ്ഞു.
സിഎഎയുടെ കാര്യത്തില്‍ പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 5550 പേര്‍ക്ക് ഭാരതത്തില്‍ പൗരത്വം നല്കി. ഇതില്‍ നിരവധി മുസ്ലീങ്ങളുണ്ട്. പാകിസ്ഥാനില്‍ നിന്ന് തലശ്ശേരിയിലേക്ക് വിവാഹം ചെയ്ത കൊണ്ടുവന്ന ഒരു പെണ്‍കുട്ടിക്ക് 14 വര്‍ഷത്തിനു ശേഷം ഒന്നര വര്‍ഷം മുമ്പ് പൗരത്വം ലഭിച്ചു. രാജ്യത്തിനെതിരെ രാഹുലും പിണറായിയും അപവാദ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇലക്ടറല്‍ ബോണ്ടു വഴി 67 ശതമാനം സംഭാവനയും ലഭിച്ചത് പ്രതിപക്ഷ കക്ഷികള്‍ക്കാണ്. 10000 കോടി പ്രതിപക്ഷത്തിനാണ് ലഭിച്ചത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭവാനകള്‍ സുതാര്യമാക്കാനുദ്ദേശിച്ച് നടപ്പാക്കിയ ഇലക്ടറല്‍ ബോണ്ടിന്റെ കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് ബിജെപി തയാറാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പ്രായം ചെന്നവരുടെ വീട്ടില്‍ ചെന്ന് വോട്ട് ചെയ്യുന്ന സംവിധാനം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ജാഗ്രത പാലിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന് അധ്യക്ഷനായി. സെക്രട്ടറി കെ. വിജേഷ് സ്വാഗതവും ജില്ലാ കമ്മറ്റിയംഗം ഗണേഷ്മോഹന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: