കൊച്ചി: തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയാനായി എഎസ്ഡി മോണിറ്റര്‍ പുതുക്കിയ മൊബൈല്‍ ആപ്പ് വികസിപ്പിച്ചെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയെ അറിയിച്ചു.
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് വര്‍ക്കല കഹാര്‍ വോട്ടര്‍പട്ടികയിലെ ഇരട്ടപ്പട്ടികയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്റെ വിശദീകരണം. ആപ്പിന്റെ പ്രവര്‍ത്തനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മിഷന് അറിയിച്ചു. കമ്മിഷന്റെ മൊഴി രേഖപ്പെടുത്തി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് ഹര്‍ജി തീര്‍പ്പാക്കി.
രണ്ട് തവണ ലിസ്റ്റുചെയ്ത വോട്ടര്‍മാര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ അനുമതിയില്ലെന്ന് ഉറപ്പാക്കാന്‍ കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ 4 വരെ 13,96,805 വോട്ടര്‍മാരില്‍ 3431 ഇരട്ട എന്‍ട്രി കേസുകള്‍ കണ്ടെത്തിയതായും അത്തരം പേരുകളെല്ലാം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും ഇസിഐ വെളിപ്പെടുത്തി. സുരക്ഷാ നടപടികളുടെ ഭാഗമായി ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ 1423 പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് വെബ്കാസ്റ്റിങ്ങിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുപ്പിന്റെ 100 ശതമാനം വെബ്കാസ്റ്റിങ് കവറേജിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് കമ്മിഷന് ഹൈക്കോടതിയെ അറിയിച്ചു. വടകര മണ്ഡലത്തിലെ 264 ബൂത്തുകളില്‍ ഏഴ് കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. വടകര ഉള്‍പ്പെടെ എല്ലാ നിയോജക മണ്ഡലങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കമ്മിഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: