അമ്പലപ്പുഴ: സ്റ്റൈഫന്റ് വിതരണം മുടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പിജി ഡോക്ടര്‍മാര്‍ സമരം. ചര്‍ച്ചയെത്തുടര്‍ന്ന് സ്റ്റൈഫന്റ് ലഭിച്ചതോടെ സമരം അവസാനിപ്പിച്ചു. ആശുപത്രിയിലെ 234 ഓളം പിജി ഡോക്ടര്‍മാരാണ് ഇന്നലെ രാവിലെ മുതല്‍ സമരമാരംഭിച്ചത്.
എല്ലാ മാസവും പത്താം തീയതിയോടെ ലഭിക്കുന്ന സ്റ്റൈഫന്റ് ഇന്നലെയും ലഭിക്കാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. സോഫ്റ്റ്വെയര് തകരാറ് മൂലമാണ് സ്റ്റൈഫന്റ് മുടങ്ങിതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ മറ്റ് റസിഡന്റ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം നേരത്തെ ശമ്പളം ലഭിച്ചു. ഇതാദ്യമായാണ് ഇത്രയും വൈകി സ്റ്റൈഫന്റ് മുടങ്ങുന്നതെന്ന് പിജി ഡോക്ടര്‍മാര്‍ പറയുന്നു.
സ്റ്റൈഫന്റ് ലഭിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരമാരംഭിക്കാനായിരുന്നു തീരുമാനം. പിജി ഡോക്ടര്‍മാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. അത്യാഹിതം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും പണിമുടക്ക് നടന്നു. പണിമുടക്കിയ പിജി ഡോക്ടര്‍മാര്‍ പ്രിന്‍സിപ്പള്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
149 ഓളം വരുന്ന ഹൗസ് സര്ജന്മാര്ക്കും സ്റ്റൈഫന്റ് ലഭിക്കാതെ വന്നതോടെ ഇന്നു മുതല്‍ പണിമുടക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പാളിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോ: മറിയം വര്‍ക്കിയുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് ഉച്ചയോടെ മുഴുവന്‍ പിജി ഡോക്ടര്‍മാര്‍ക്കും സ്റ്റൈഫന്റ് ലഭിച്ചു. ഉച്ചക്കു ശേഷം ഹൗസ് സര്ജന്മാര്ക്കും സ്റ്റൈഫന്റ് ലഭിച്ചു തുടങ്ങി.ഇതോടെ ഇന്നു മുതല്‍ നടത്താനിരുന്ന പണിമുടക്ക് ഒഴിവാക്കി.അടുത്ത മാസം മുതല്‍ ശമ്പളം മുടങ്ങാതിരിക്കാന്‍ പ്രത്യേക കമ്മിറ്റിയേയും നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: