കാസര്‍കോട്: കല്യാശ്ശേരി പാറക്കടവില്‍ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. 85 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് ചെയ്യാവുന്ന സൗകര്യത്തിന്റെ ഭാഗമായിയാണ് ദേവി എന്ന 92 വയസുകാരിയില്‍ നിന്ന് വോട്ട് രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഇതിനിടെയാണ് സിപിഎം നേതാവ് വോട്ട് ചെയ്തത്.
കല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേഷന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരായ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ സസ്‌പെന്‍ഡ് ചെയ്തു.
അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: