ആലപ്പുഴ: ബിജെപി ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് ആലപ്പുഴ രൂപത പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരി. വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായജീവദീപ്തിയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയെ ആരു നയിക്കണമെന്ന തലക്കെട്ടിലാണ് ലേഖനം.
”ബിജെപി കരുത്തോടെ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നു. അവര്‍ നേതൃത്വം കൊടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. വിദേശനയം ശ്ലാഘനീയമാണ്. മോദിക്കു വിദേശത്തുള്ള സ്വീകാര്യത ചെറുതൊന്നുമല്ല. അഴിമതിയില്ലെന്നു വേണം കരുതാന്‍. ബിജെപി ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് സാധ്യത. കരുണാകരന്റെ മകള്‍ പദ്മജ, എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി എന്നിവരെല്ലാം ബിജെപിയിലേക്കു ചേക്കേറി. ഇനിയും അയിത്തം കല്പ്പിച്ചു പുറത്തു നിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്തു നിര്‍ത്തും. അതിലും നല്ലത് നമുക്കകത്തു കടക്കുകയല്ലേ. മാത്രമല്ല, എത്ര കാലം നമ്മള് അധികാര സീമകള്‍ക്കു പുറത്തു ജീവിക്കും, ലേഖനത്തില്‍ ചോദിക്കുന്നു.
യുഡിഎഫ്, എല്‍ഡിഎഫ് സഖ്യങ്ങള്‍ സെക്കുലറാണെന്ന് ആര്‍ക്കെങ്കിലും പറയാമോ? രണ്ടും വര്‍ഗീയ പ്രീണനമാണ് തുടരുന്നത്. വര്‍ഗീയതയാണ് രണ്ടു പാര്‍ട്ടിയുടെയും അന്തരാത്മാവ്. യുഡിഎഫ് മുസ്ലിം ലീഗിന് അടിയറവു പറഞ്ഞിരിക്കുന്നെന്ന് ആരോപണമുണ്ട്. ഇടതുപക്ഷവും ഇക്കാര്യത്തില്‍ മോശമല്ല. മുസ്ലിം ലീഗിനെ പ്രലോഭിപ്പിച്ച് തങ്ങളുടെ ക്യാമ്പിലെത്തിക്കാനുള്ള തത്രപ്പാടിലാണവര്‍.
”ഒരുകാലത്ത് ഇന്ത്യയെ ആരൊക്കെയോ നയിച്ചിരുന്നു. ഇന്നു പക്ഷേ നമ്മള് നമ്മളെ മാത്രമല്ല നയിക്കുന്നത്. നമ്മളിന്ന് ലോകത്തിന്റെ നേതൃനിരയിലാണ്. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് ഇന്ത്യയിലാണ്. ശാസ്ത്ര, സാങ്കേതിക രംഗത്ത് നമ്മള് ലോക രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ തന്നെയാണ്. സൈനിക ശേഷിയില്‍ നമ്മള് ഒട്ടും പിന്നിലല്ല. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമുക്കു സ്ഥാനമുണ്ട്… ലോകം ഇനി എങ്ങനെ പോകണമെന്നു പറയാന്‍ നമുക്കു സാധിക്കും. നമ്മുടെ വിദേശകാര്യ നയം സാമാന്യം നല്ലതുതന്നെ. നമുക്കിനി പിന്നോട്ടു പോ
കാനാകില്ല. ലോക നേതൃത്വം കൂടി ഏറ്റെടുക്കാന്‍ കഴിയുന്ന പാര്‍ട്ടിയും നേതാക്കളും നമുക്കുണ്ടാകണം. ഇന്ത്യക്കു പ്രാമുഖ്യമുള്ള പുതിയ ലോകക്രമം സൃഷ്ടിക്കാന്‍ നമുക്കു കഴിയും. അതിനൊക്കെ കരുത്തുള്ളവരാണ് നാം. അതു മനസിലാക്കി വേണം ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാന്‍…
”രാഷ്ട്രീയ രംഗത്ത് നമ്മളെന്നും കോണ്‍ഗ്രസ് പക്ഷത്തായിരുന്നു. സത്യം പറഞ്ഞാല്‍ നമ്മളെന്നും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്നു. പുതിയ തലമുറ മാറി ചിന്തിക്കുന്നുണ്ട്… അങ്ങനെ അട്ടിപ്പേറായിക്കിടന്ന് കോണ്‍ഗ്രസിനു മാത്രം വോട്ടു ചെയ്യാന്‍ ഈ പാര്‍ട്ടി നമുക്കെന്തു ചെയ്തു… കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കുറെ ക്രിമിനലുകളുടെ സങ്കേതമായിക്കഴിഞ്ഞു. പോരാഞ്ഞിട്ട് കമ്യൂണിസം അറിയുന്നവരാരുമില്ല ആ പാര്‍ട്ടിയില്‍. അതിനാല്‍ അവരെ അവരുടെ വഴിക്കു വിടുക” ലേഖനം തുടരുന്നു.
എന്നാല്‍ ഇതു രൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ലത്തീന്‍ സഭാ വക്താവ് ഫാ. ജോസഫ് ജൂഡ് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: