ഗാന്ധിനഗര്‍: വരൂ രാഹുല്‍ അമേഠിയിലേക്ക്… കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ക്ഷണം. എന്തിനാണ് രാഹുല്‍ അമേഠി വിട്ടുപോകുന്നതെന്നത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും സ്വാഭാവിക സംശയമാണ്. അത് തീര്‍ക്കാനെങ്കിലും രാഹുല്‍ അമേഠിയില്‍ വന്ന് മത്സരിക്കണം. അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയൊളിച്ചിട്ടാണ് ബിജെപിയെ 150 സീറ്റില്‍ താഴെ ഒതുക്കുമെന്ന് രാഹുല്‍ വീമ്പിളക്കുന്നത്, അതെങ്ങനെ ശരിയാകും, അമിത് ഷാ ചോദിച്ചു. ഗാന്ധിനഗറിലെ റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറിയുണ്ടായില്ലെങ്കില് ബിജെപി 180 സീറ്റില്‍ കൂടുതല്‍ ജയിക്കില്ലെന്നാണ് രാഹുലിന്റെ സഹോദരി പറയുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഇത്തവണ അത് തെരഞ്ഞെടുപ്പിന് മുമ്പേ ആയെന്ന് മാത്രം. അവര്‍ ജയിക്കുന്നിടത്ത് ഇവിഎം ശരിയാണ്. തോറ്റാല്‍ കൃത്രിമവും അതാണ് നിലപാട്. ഇതേ ഇവിഎമ്മില്‍ വോട്ട് ചെയ്താണ് മുമ്പ് രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഇപ്പോള്‍ തെലങ്കാനയിലും അവര്‍ ജയിച്ചതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
പരാജയഭീതി മൂലം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നിലതെറ്റിയിരിക്കുന്നു. അവര്‍ കാംഗോറിലെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. സൈന്യത്തിനെ അധിക്ഷേപിക്കുന്നതിന് അല്പം പോലും സങ്കോചം അവരിലൊരാള്‍ക്ക് പോലും തോന്നുന്നില്ലെന്നത് അതിശയമാണ്.
ബംഗാളില്‍ മമതയുടെ ദുര്‍ഭരണത്തിന് ഈ തെരഞ്ഞെടുപ്പ് മറുപടി നല്‍കുമെന്ന് ചോദ്യത്തിന് ഉത്തരമായി അമിത് ഷാ പറഞ്ഞു. സന്ദേശ് ഖാലിയുടെ സന്ദേശം മനസിലാക്കാന്‍ മമതയ്ക്ക് കഴിഞ്ഞിട്ടില്ല. ബംഗാളിലെ അമ്മമാരും സഹോദരിമാരും അവരെ അതെന്തെന്ന് പഠിപ്പിക്കുക തന്നെ ചെയ്യും, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: