മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് അന്തിമ നാലിലേക്ക് ചുരുങ്ങുമ്പോള്‍ പേരുകേട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളൊന്നുമില്ല.
രണ്ടാം പാദ ക്വാര്‍ട്ടറില്‍ സ്വന്തം തട്ടകത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കാനായിരുന്നു നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിധി. മറ്റൊരു രണ്ടാം പാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് ആഴ്സണലും യൂറോപ്പിലെ വമ്പന്‍ ഫുട്ബോള്‍ മാമാങ്കത്തില്‍ നിന്നും തെറിച്ചു. പ്രീമിയര്‍ ലീഗ് സീസണില്‍ ഇപ്പോഴും കിരീട സാധ്യതയോടെ പൊരുതിനില്‍ക്കുന്ന ടീമുകളാണ് സിറ്റിയും ആഴ്സണലും.
സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ആദ്യപാദത്തില്‍ നേടിയ 3-3 സമനിലയുമായാണ് റയല്‍ മാഡ്രിഡ് തുടങ്ങിയത്. തുടക്കത്തിലേ നേടിയ ആധിപത്യം മുതലെടുത്ത് 12-ാം മിനിറ്റില്‍ അവര്‍ സ്കോര്‍ ചെയ്തു. മികച്ചൊരു നീക്കത്തിനൊടുവില്‍ ലഭിച്ച ക്രോസ് റോഡ്രിഗോ വലയിലേക്ക് തൊടുത്തു. സിറ്റി ഗോളി എഡേഴ്സന് സേവ് ചെയ്തെങ്കിലും റോഡ്രിഗോയുടെ കാലില്‍തന്നെ റീബൗണ്ട് ചെയ്തെത്തി. ഫസ്റ്റ് ടച്ചില്‍ പന്ത് വലയിലേക്ക് കോരിയിട്ട് റോഡ്രിഗോ കരുത്തറിയിച്ചു. എഡേഴ്സന് ഒന്നും ചെയ്യാനായില്ല. റയല്‍ ഗോള്‍ ആഘോഷിച്ചു.
ഒരുഗോള്‍ പിന്നിലായതോടെ സിറ്റി പോരാട്ടം കടുപ്പിച്ചു. പിന്നെ കളിയുടെ നിയന്ത്രണം സിറ്റി ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. രണ്ട് പകുതികളിലുമായി മികച്ച കുറേ മുന്നേറ്റങ്ങളാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം സൃഷ്ടിച്ചെടുത്തത്. ജയം അര്‍ഹിക്കുന്ന പ്രകടനം സിറ്റിയുടേതായിരുന്നു. പക്ഷെ ഫിനിഷിങ് പോയിന്റിലേക്ക് വരുമ്പോള്‍ താരങ്ങള്‍ ഒത്തിണക്കമില്ലാതെ സ്വന്തം നിലയ്ക്ക് ഗോളടിക്കാന്‍ തിടുക്കം കാട്ടുന്നത് ടീമിനെ പ്രതികൂലമായി ബാധിച്ചു. 76-ാം മിനിറ്റില്‍ ലഭിച്ച ഒരവസരത്തില്‍ കെവിന് ഡിബ്രൂയിനെയ്ക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചതിലൂടെ സമനില നേടിയെടുക്കാനായി.
റെഗുലര്‍ ടൈമിലെ 1-1 സമനിലയും മുന്‍കളിയിലെ ഗോളും ചേര്‍ത്ത് മത്സരം 4-4ന് തുല്യത പാലിച്ചു. അധികസമയത്തേക്ക് നീണ്ട കളിയിലും ഒന്നും നടന്നില്ല ഒടുവില്‍ ഷൂട്ടൗട്ട്. സിറ്റിക്കായി ഹൂലിയന്‍ അല്‍വാരസ്, ഫില്‍ ഫോഡന്, എഡേഴ്സണ് എന്നിവര്‍ സ്കോര്‍ ചെയ്തു. മാറ്റിയോ കോവാസിച്ചും ബെര്‍ണാണ്ടോ സില്‍വയും അവസരം പാഴാക്കി. റയലിനായി സൂപ്പര്‍ താരം ലൂക്കാ മോഡ്രിച് ഒഴികെയുള്ള നാല് താരങ്ങളും ലക്ഷ്യം കണ്ടു. ഒടുവില്‍ ആന്റോണിയോ റൂഡിഗേര് നേടിയ ഗോളില്‍ റയല്‍ 4-3ന് സെമി പ്രവേശം ആഘോഷിച്ചു. ഒപ്പം കഴിഞ്ഞ സെമിയലെ പുറത്താകലിന് സിറ്റിയോട് പകരം വീട്ടാനും റയലിന് സാധിച്ചു.
ആഴ്സണലും ബയേണ്‍ മ്യൂണിക്കും തമ്മില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന കളിയാണ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ നടന്നത്. കളിമികവിലും മുന്നേറ്റത്തിലും ഒരു പടി മുന്നില്‍ നിന്നത് ജര്‍മന്‍ ടീം ബയേണ്‍ ആയിരുന്നു. അതിന്റെ ഫലമാണ് രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. 63-ാം മിനിറ്റില്‍ ജോഷ്യ കിമ്മിച്ച് ആണ് ബയേണിനായി വിജയഗോള്‍ നേടിയത്. ആദ്യ പാദ ക്വാര്‍ട്ടര്‍ 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മൊത്തം ഗോള്‍ നേട്ടത്തില്‍ 3-2നാണ് ബയേണ്‍ ആഴ്സണലിനെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: