കോയമ്പത്തൂര്‍: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തമിഴകത്ത് ആവേശക്കൊടിയിറക്കം. തമിഴ്നാടിന്റെ രാഷ്ട്രീയം തിരുത്തുകയാണ് ബിജെപിയെന്ന പ്രഖ്യാപനവുമായി മസക്കലിപാളയത്ത് കെ. അണ്ണാമലൈയുടെ മഹാറാലി. ശരിക്ക് വേണ്ടി എന്തും ത്യജിക്കാന്‍ തയാറായതാണ് ബിജെപിയുടെ ചരിത്രം.
നമ്മള് ഒരുപാട് കടമ്പകള്‍ കടന്നാണ് ഇവിടെയെത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി പൊരുതിയ ശ്യാംപ്രസാദ് മുഖര്‍ജി കശ്മീരിലെ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രാജ്യത്തിന് പുതിയ ദിശ പകര്‍ന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മുഗള്‍ സരായിയില്‍ വെടിയേറ്റുവീണു. വഴി മാറി സഞ്ചരിച്ചല്ല ബിജെപി വിജയങ്ങള്‍ നേടിയത്.
രണ്ട് എംപിമാരില്‍ തുടങ്ങി 2014ല്‍ 283 എംപിമാരുമായി അധികാരത്തിലെത്തും വരെ തുടര്‍ന്ന പോരാട്ടമാണ് ഇപ്പോള്‍ സഫലമാകുന്നത്. വരുന്ന അമ്പത് കൊല്ലം മോദിയുടെ രാഷ്ട്രീയം ലോകം ഭരിക്കും. അപരിഹാര്യമെന്ന് പലരും വിധിച്ചതെല്ലാം മോദി നടപ്പാക്കി. ഈ തെരഞ്ഞെടുപ്പ് മോദിക്കൊപ്പം ചേരാനുള്ള തമിഴകത്തിന്റെ വിധിയെഴുത്താണ്, അണ്ണാമലൈ പറഞ്ഞു.
2014ല്‍ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി ഇല്ലായിരുന്നു. ആയിരം ദിവസത്തിനകം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 882-ാം ദിവസം മിസോറാമിലെ അവസാന ഗ്രാമത്തിലേക്കും വൈദ്യുതി എത്തിയെന്നതാണ് ചരിത്രം.
2019ല്‍ 295 വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ അവതരിപ്പിച്ചു. 2024ല്‍ സങ്കല്പ പത്രിക പ്രഖ്യാപിക്കുമ്പോള്‍ 295 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കിയാണ് ഞാന്‍ നിങ്ങളുടെ മുന്പില് നില്‍ക്കുന്നതെന്ന് മോദി പറഞ്ഞു. 2014ല്‍ മോദി ഭാരതത്തിന്റെ നേതാവായി. 2024ല്‍ ലോകം അദ്ദേഹത്തെ നേതാവെന്ന് വിളിക്കും, അണ്ണാമലൈ പറഞ്ഞു.
മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് തെളിയിച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് ഡിഎംകെയെ വെല്ലുവിളിച്ചതാണ്. പക്ഷേ ഇതുവരെ ആരും വന്നിട്ടില്ല. അവര്‍ക്ക് മോദിയെ ഭയമാണ്. അതുകൊണ്ട് കള്ളപ്രചാരണങ്ങള്‍ നടത്തുന്നു. റാലികള്‍ തടയാന്‍ ശ്രമിക്കുന്നു. ജൂണ്‍ നാലിന് കാര്യങ്ങള്‍ മാറും. നമ്മള് പുതിയ ചരിത്രമെഴുതും. കോയമ്പത്തൂരിലെ വിജയം തമിഴകത്തെ മാറ്റിമറിക്കും.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാടുകാണാന്‍ വരുന്ന എംപിമാര്‍ അപ്രത്യക്ഷരാകും. കഴിഞ്ഞ അമ്പത് വര്‍ഷത്തെ ഈ ആവര്‍ത്തന രാഷ്ട്രീയം പൊളിച്ചെഴുതാനുള്ള തെരഞ്ഞെടുപ്പാണിത്. പണം കൊടുത്ത് വോട്ട് പിടിക്കുന്ന ഡിഎംകെ ഫോര്‍മുല അവസാനിക്കുന്നു. എത്ര പണമൊഴുക്കിയാലും നീതിയുടെ വിജയമാണ് ഉണ്ടാവുകയെന്ന ജനത്തിന്റെ തീരുമാനം നടപ്പാവാന്‍ പോവുന്നു, അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: