റായ്പൂര്‍: സൈനികര്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് കോണ്‍ഗ്രസ്. ഛത്തിസ്ഗഡിലെ കാംഗറില്‍ 29 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച സൈനികനടപടിയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും രാജ്നന്ദഗാവിലെ സ്ഥാനാര്‍ത്ഥിയുമായ ഭൂപേഷ് ബാഗേലാണ് രംഗത്തെത്തിയത്.
നക്സലുകളെ വധിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും അവര്‍ കീഴടങ്ങുന്നതും പുതിയ കാര്യമല്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ സൈനികനടപടിയില്‍ സംശയമുണ്ടെന്നുമാണ് ബാഗേല്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാംഗറില്‍ നടന്നുവെന്ന് പറയുന്നത് വ്യാജ ഏറ്റുമുട്ടലാണ്. നക്സലുകളെന്ന പേരില്‍ ഗ്രാമീണരെ സൈന്യം വധിക്കുകയാണെന്നും ബാഗേല്‍ ആരോപിച്ചു.
ബാഗേലിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിപദം വഹിച്ചിരുന്ന ഒരാള്‍തന്നെ സൈന്യത്തിനെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിച്ചത് അപലപനീയമാണെന്ന് ഛത്തിസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ പറഞ്ഞു. ഇത് ഭീരുത്വമാണ്. ബാഗേല്‍ ലോക്സഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. ഇത്തരക്കാര്‍ ആര്‍ക്കുവേണ്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകും, വിജയ് ശര്‍മ്മ പറഞ്ഞു.
പുല്‍വാമയിലെ ഭീകരാക്രമണം രാഷ്ട്രീയ നേട്ടത്തിനായി ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന നീചമായ ആരോപണം നേരത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉന്നയിച്ചിരുന്നു. അടുത്തിടെ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും സൈനികര്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. ഉറിയിലെയും ബാലാക്കോട്ടിലെയും സൈനിക നടപടികള്‍ക്ക് തെളിവ് ചോദിച്ചവരാണ് കോണ്‍ഗ്രസുകാര്‍ എന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഭൂപേഷ് ബാഗേല്‍ സൈന്യത്തിനെതിരെ രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: