മക്കാവു: ടേബിള്‍ ടെന്നിസ് ലോകകപ്പ് വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ഭാരതത്തിന്റെ മുന്‍നിര വനിതാ സിംഗിള്‍സ് താരങ്ങള്‍ക്ക് വിജയത്തുടക്കം. മണിക ബത്രയും ശ്രീജ അക്യൂലയും ആണ് ആദ്യ മത്സരം വിജയിച്ചത്.
ആദ്യ മത്സരത്തില്‍ പോളണ്ടുകാരി നടാലിയ ബജോറിനെ ആണ് ശ്രീജ തകര്‍ത്തത്. 4-0നായിരുന്നു ശ്രീജയുടെ ഗംഭീര വിജയം. സ്കോര്‍: 11-9, 11-6, 11-5, 11-5. ലോക റാങ്കിങ്ങില്‍ 52-ാം സ്ഥാനക്കാരിയാണ് നടാലിയ. റുമേനിയന്‍ താരം ആദിന ഡിയാകോനു ആണ് മണിക ബത്രയ്ക്ക് മുന്നില്‍ പരാജയപ്പെട്ട താരം. 3-1നായിരുന്നു മണികയുടെ വിജയം. സ്കോര്‍: 9-11, 11-8, 11-6, 11-8 ബജോറിനെതിരായ മത്സരത്തില്‍ ശ്രീജ ആദ്യ ഗെയിമില്‍ ചില പിഴവുകള്‍ വരുത്തിയിരുന്നു.
കടുത്ത പോരാട്ടത്തിനൊടുവിലാണ് ഗെയിം അവസാനിച്ചത്. രണ്ടാം ഗെയിം മുതല്‍ പക്ഷെ ശ്രീജയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ആധിപത്യപൂര്‍വ്വം താരം ഓരോ ഗെയിമും പിടിച്ചടക്കുകയായിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലോക നാലാം നമ്പര്‍ താരമായ ചൈനയുടെ ഷെന്‍ മെംഗ് ആണ് ശ്രീജയുടെ എതിരാളി. ജയിക്കുന്നവര്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും.
ആദ്യഗെയിം നഷ്ടപ്പെടുത്തിയ ശേഷമാണ് മണിക ബത്ര മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം ഗെയിം സ്വന്തമാക്കിയെങ്കിലും നല്ല വെല്ലുവിളി നേരിട്ടിരുന്നു. മൂന്നും നാലും ഗെയിമുകള്‍ താരം അനായാസം സ്വന്തമാക്കി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ വാങ് മാന്യു ആണ് മണികയുടെ എതിരാളി. പാരിസ് ഒളിംപിക്സിന് തൊട്ടുമുമ്പ് നടക്കുന്ന ഈ ലോകകപ്പിനെ താരങ്ങള്‍ ഏറെ ജാഗ്രതയോടെയാണ് ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: