ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ വരുമാനത്തിന് പ്രത്യേക രേഖകളില്ലെന്ന് റെയിൽവേ മന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വന്ദേഭാരത് ട്രെയിനുകളിൽ നിന്ന് റെയിൽവേ മന്ത്രാലയത്തിന് ലഭിച്ച വരുമാനമായിരുന്നു വിവരാവകാശ നിയമപ്രകാരം ചോദിച്ചിരുന്നത്. മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ ഗൗർ ആണ് അപേക്ഷ സമർപ്പിച്ചത്.
2019 ഫെബ്രുവരി 15-നാണ് ന്യൂഡൽഹിക്കും വാരണാസിക്കും ഇടയിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സെമി-ഹൈസ്പീഡ് ട്രെയിനായിരുന്നു ഇത്. ഇവിടെ നിന്നും 102 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളെയും 284 ജില്ലകളെയും ഉൾപ്പെടുന്ന രീതിയിലാണ് സർവീസ്. ഏകദേശം 100 റൂട്ടുകളിലാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്.
വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫിന് ശേഷം രണ്ട് കോടിയിൽ അധികം ആളുകൾ സേവനം നേടിയതായി റെയിൽവേ അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ വന്ദേഭാരത് ട്രെയിനുകൾ പിന്നിട്ട ദൂരമെന്നത് ഭൂമിയെ 310 തവണ വലം വച്ചതിന് തുല്യമാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: