ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പുതിയ സാങ്കേതിക വിദ്യയ്‌ക്ക് രൂപം നൽകുന്നുവെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ബഹിരാകാശ നിലയത്തിന് രൂപം നൽകുന്നതിന് മുന്നോടിയായാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം സജ്ജമാക്കുന്നത്. 2030-ഓടെ മാലിന്യ വിമുക്തമായ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാനാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഇസ്രോ മേധാവി വ്യക്തമാക്കി.
ബെംഗളൂരിവിൽ ഇന്റർ ഏജൻസി സ്പേസ് കോർഡിനേഷൻ കമ്മിറ്റി മീറ്റിംഗിൽ സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ചാന്ദ്ര-സൂര്യ പര്യവേഷണങ്ങളിൽ കുതിക്കുകയാണ് ഇസ്രോ. ഈ മേഖലകളിൽ കൂടുതൽ തിരക്കേറുകയാണ്. ഇതിനാൽ കൂടുതൽ പ്രതിഭകളെ തേടുകയാണെന്ന് ഇസ്രോ മേധാവി പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്‌ക്കുമെന്നും സോമനാഥ് വ്യക്തമാക്കി.
42-ാമത് ഇന്റർ-എമർജൻസി സ്പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയുടെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. വരും ദിവസങ്ങൾ ബഹിരാകാശ പര്യവേഷണങ്ങളെ സംബന്ധിച്ചിടുത്തോളം ഇസ്രോയ്‌ക്ക് വളരെ നിർണായക പദ്ധതികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ബഹിരാകാശത്ത് നമ്മുടേതായ 54 ബഹിരാകാശ വാഹനങ്ങളാണ് ഉള്ളത്.ബഹിരാകാശ ദൗത്യങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചാൽ പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ഇവ നീക്കം ചെയ്യുന്നത് വരെ ഇസ്രോ ശ്രദ്ധ പുലർത്താറുണ്ട്. ഭാവി പര്യവേഷങ്ങൾ ലക്ഷ്യം വച്ചാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
2035-ഓടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഇതിനാൽ ഭ്രമണപഥത്തിൽ ഏറ്റവും അധികം ബഹിരാകാശ നിലയങ്ങളുള്ള ഭ്രമണപഥമാകും തിരഞ്ഞെടുക്കുകയെന്ന് ഇസ്രോ മേധാവി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: