ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന കേസില്‍ പതഞ്ജലി സ്ഥാപകരായ ബാബ രാംദേവും ആചാര്യ ബാല്‍കൃഷ്ണയും സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു. കേസില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തെങ്കിലും അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇരുവരോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അഹ്സാനുദ്ദിന് അമാനുള്ള എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദിവ്യ ഫാര്‍മസി- പതഞ്ജലി ട്രസ്റ്റ് യൂണിറ്റ് എന്നിവര്‍ പുറത്തിറക്കുന്ന ആയുര്‍വേദ ഉത്പ്പന്നങ്ങളുടെ പരസ്യങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ബാബ രാംദേവും ബാല്‍കൃഷ്ണയും മുമ്പ് മാപ്പ് അപേക്ഷ നല്‍കുകയും നേരിട്ട് ഹാജരാവുകയും ചെയ്തിരുന്നു. ഇന്നലെയും ഇരുവരും കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചു.
നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ ചികിത്സാ രീതികളെ വിമര്‍ശിക്കാവൂ. നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. ഏതെങ്കിലും സ്ഥാപനത്തേയും വ്യക്തിയേയും ലക്ഷ്യമിട്ടല്ല കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നത്. ഏപ്രില്‍ 23ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇരുവരോടും വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു. എന്നാല്‍ ബാബാ രാംദേവിന്റേയും ബാല്‍കൃഷ്ണയുടേയും മാപ്പ് അപേക്ഷ പരിഗണിച്ചോ ഇല്ലയോയെന്ന് വ്യക്തമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: