തിരുവനന്തപുരം: ജയവിജയന്മാരിലെ അവസാനകണ്ണിയായ കെ.ജി. ജയന്റെ നനവാര്‍ന്ന ഓര്‍മ്മകളിലൂടെ യാത്ര ചെയ്യുമ്പോള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഉള്ളില്‍ തിളങ്ങുന്നത് ‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങി’ എന്ന യേശുദാസ് ആലപിച്ച ഗാനവും ‘തോടി’യിലുള്ള രാഗവിസ്താരവും.
നക്ഷത്ര ദീപങ്ങള്‍ തിളങ്ങി എന്ന ഗാനം നിറകുടം എന്ന കമലാഹാസന് അഭിനയിച്ച സിനിമയില്‍ നിന്നുള്ളതാണ്.
1977ല്‍ ഭീംസിങ്ങ് സംവിധാനം ചെയ്ത സിനിമയാണ് നിറകുടം. ഈ ഗാനം സംഗീതം ചെയ്തത് ജയവിജയന്‍ എന്ന് അറിയപ്പെട്ടിരുന്ന സഹോദരന്മാരായ കെ.ജി. ജയനും കെ.ജി. വിജയനും ചേര്‍ന്നാണ്. ഗൗരിമനോഹരി,ശങ്കരാഭരണം, ആഭോഗി എന്നീ മൂന്ന് രാഗങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രീയ സംഗീതപ്രാധാന്യമുള്ള ആ ഗാനം ചിട്ടപ്പെടുത്തിയത്. ബിച്ചു തിരുമല എഴുതിയ ആ അവിസ്മരണീയ ഗാനം യേശുദാസ് മനോഹരമായി ആലപിച്ചു.
സാര്‍ത്ഥകജീവിതം പൂര്‍ത്തിയാക്കി അദ്ദേഹം ഗുരുവായൂരപ്പന്റെ അടുത്തേക്ക് പോയി എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും കൈതപ്രം പറയുന്നു. അദ്ദേഹത്തിന്റെ മകന് മനോജ് കെ. ജയന് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതില്‍ ഏറെ സന്തുഷ്ടനായിരുന്നു കെ.ജി. ജയന്.
കൈതപ്രത്തിന് ഇഷ്ടമായ കെ.ജി.ജയന്റെ മറ്റൊരു ഗാനം ഹൃദയം ദേവാലയം എന്ന ഗാനമാണ്. തെരുവുഗീതം എന്ന സിനിമയ്ക്ക് വേണ്ടി ബിച്ചുതിരുമല എഴുതിയ ഈ ഗാനം ചിട്ടപ്പെടുത്തിയത് ജയനും വിജയനും ചേര്‍ന്നാണ്. ശിവരഞ്ജിനി എന്ന രാഗത്തിലാണ് ഈ ഗാനം സംഗീതം ചെയ്തിരിക്കുന്നത്. അനുപമമായ ആലാപനത്തിലൂടെ യേശുദാസ് ഈ ഗാനം അനശ്വരമാക്കി. ഇതുപോലെ ജയവിജയന്മാരുടെ പല ഗാനങ്ങളും കൈതപ്രത്തിന് ഇഷ്ടമാണ്.
ആരോടും അസൂയയില്ലാത്ത കെ.ജി.ജയന്റെ പ്രകൃതം ഏറെ ഇഷ്ടമാണ്. ജയവിജയന്മാരുടെ കച്ചേരികള്‍ കേട്ടിട്ടുണ്ട്. ഗുരുവായൂരമ്പലത്തിലും ചെമ്പൈ സംഗീതോല്‍സവത്തിലും കേട്ടിട്ടുണ്ട്. അതില്‍ തോടി രാഗത്തിന്റെ ആലാപനം കേട്ടാല്‍ താന്‍ പഴയ കാലത്തിലേക്ക് മടങ്ങിപ്പോകാറുണ്ടെന്നും കൈതപ്രം പറയുന്നു.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരില് ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്തന്ത്രിയുടെ ഇരട്ടമക്കളില്‍ ഒരാളാണ് കെ.ജി.ജയന്. സഹോദരന് കെ.ജി. വിജയന് മരണപ്പെട്ടതിന് ശേഷം ദുഖാര്‍ത്തനായി നാളുകള്‍ തള്ളിനീക്കുകയായിരുന്നു കെ.ജി.ജയന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: