Categories: India

സ്വയം കൃതാനര്‍ത്ഥം…രാഷ്‌ട്രീയത്തില്‍ സീറോയായി നവജോത് സിദ്ദു; അര്‍ബുദം ബാധിച്ച ഭാര്യയ്‌ക്ക് മരുന്ന് നല്‍കുന്ന സിദ്ദുവിന്റെ ഫോട്ടോ വൈറല്‍…

Published by

ഒരു കാലത്ത് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ആയിരുന്ന നവജോത് സിംഗ് സിദ്ദു രാഷ്‌ട്രീയത്തില്‍ എന്തായാരുന്നു? മോദിയ്‌ക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏറ്റവും ശക്തമായ ശബ്ദം. അന്ന് മോദിയ്‌ക്കെതിരെ തന്റെ സ്വതസിദ്ധമായ മൂര്‍ച്ചയേറിയ നാവുകൊണ്ട് സിദ്ദു പല വിമര്‍ശനങ്ങളും ഉയര്‍ത്തി. ദേശീയ തലത്തില്‍ തന്നെ സിദ്ദു ശ്രദ്ധേയനായി.

പക്ഷെ രാഷ്‌ട്രീയത്തില്‍ ആദര്‍ശം തുറന്നടിക്കുന്ന സിദ്ദുവിന്റെ മനസ്സ് ശുദ്ധമല്ലായിരുന്നു. അവിടെ നിറയെ സ്വാര്‍ത്ഥമായ ഗൂഢലക്ഷ്യങ്ങള്‍ മാത്രമായിരുന്നു. തനിക്ക് പഞ്ചാബിന്റെ മുഖ്യമന്ത്രിയാകണം. അന്ന് പഞ്ചാബിലെ അമൃതസര്‍ ഈസ്റ്റിലെ എംഎല്‍എ ആയിരുന്ന ഭാര്യ നവജോത് കൗറിന് മന്ത്രിസ്ഥാനം നല്‍കണം. ഇതായിരുന്നു സിദ്ദുവിന്റെ ലക്ഷ്യം. പക്ഷെ 2012ല്‍ ബിജെപി ടിക്കറ്റിലാണ് നവജോത് കൗര്‍ സിദ്ദു വിജയിച്ചതെന്നോര്‍ക്കണം. അതിന് ശേഷമാണ് ഭാര്യയും ഭര്‍ത്താവും കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടിയത്.

അര്‍ബുദം ബാധിച്ച ഭാര്യ നവജോത് കൗര്‍ സിദ്ദുവിനെ ശുശ്രൂഷിക്കുന്ന നവജോത് സിങ്ങ് സിദ്ദു:

തന്റെ സ്വാര്‍ത്ഥമായ ഗൂഢലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തി സിദ്ദു കരുക്കള്‍ നീക്കി. മോദിയ്‌ക്കെതിരെ പാകിസ്ഥാനെയും അന്നത്തെ പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെയും കൂട്ടുപിടിച്ച് സിദ്ദു ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. അതിനൊക്കെ ദേശീയ തലത്തില്‍ കയ്യടിയും കിട്ടി. അതോടെ സോണിയയുടെയും രാഹുലിന്റെയും ഗുഡ് ബുക്കില്‍ സിദ്ദു ഇടം പിടിച്ചു. പിന്നീട് അവരെ കൂട്ടുപിടിച്ച് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുകച്ച് പുറത്ത് ചാടിച്ചു. വര്‍ഷങ്ങളായി പഞ്ചാബില്‍ പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചെത്തിച്ച മുഖ്യമന്ത്രിയായിരുന്നു അമരീന്ദര്‍ സിങ്ങ്. സോണിയയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും പക്ഷെ ആ മനുഷ്യന്റെ നന്മ കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം അവര്‍ ഇന്നലെ ചേക്കേറിയ സിദ്ദുവിന്റെ നിറം പിടിപ്പിച്ച നുണകള്‍ക്കൊപ്പം നിന്നു. എന്നാല്‍ അമരീന്ദര്‍ സിങ്ങ് എന്ന വ്യക്തിയുടെ നന്മ മോദി തിരിച്ചറിഞ്ഞു. അദ്ദേഹത്തെ ബിജെപിയോടൊപ്പം നിര്‍ത്തി. (ഇപ്പോള്‍ അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ പട്യാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്.)

2022ലെ നിയമസഭയില്‍ കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്ത് മുഖ്യമന്ത്രിക്കസേരയില്‍ അമരുക-ഇതായിരുന്നു സിദ്ദുവിന്റെ ലക്ഷ്യം. പക്ഷെ ആ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്പി. 117ല്‍ 92 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലേറ്റു. പഞ്ചാബിലെ അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച നവജോത് സിദ്ദു ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ ജ്യോത് കൗറിനോട് തോറ്റു. നേരത്തെ ബിജെപിയില്‍ നിന്നും ആഭ്യന്തരകലാപമുണ്ടാക്കി കോണ്‍ഗ്രസില്‍ വന്ന സിദ്ദുവിന്റെ രാഷ്‌ട്രീയത്തിലെ അവസാന അധ്യായമായി 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറി.

2022ലെ തിരഞ്ഞെടുപ്പിന് പിന്നാലെ സിദ്ദുവിനെ 1988ല്‍ നടന്ന ഒരു വാഹനാപകടക്കേസിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ ഒളിച്ചുമാറി നടന്ന സിദ്ദുവിന് ഈ കേസില്‍ സുപ്രീംകോടതി 10 മാസത്തോളം തടവ് വിധിച്ചു. അങ്ങിനെ പട്യാല സെന്‍ട്രല്‍ ജയിലില്‍ 10 മാസത്തോളം സിദ്ദു തടവില്‍ കഴിഞ്ഞു. 2024ല്‍ പുറത്തുവരുമ്പോള്‍ സിദ്ദുവും ഇന്ത്യയുടെ രാഷ്‌ട്രീയവും ഏറെ മാറിക്കഴിഞ്ഞിരുന്നു. സിദ്ദുവിന്റെ കുടുംബജീവിതവും.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി മൂന്നാമതും പ്രധാനമന്ത്രിപദത്തിനായി മുമ്പെങ്ങുമില്ലാത്ത ജനപ്രീതിയോടെ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് കൃത്യമായ പ്രതിപക്ഷ ഐക്യം പോലും സൃഷ്ടിക്കാന്‍ കഴിയാതെ ദുര്‍ബലമായി ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ആ ദുര്‍ബലമായ കോണ്‍ഗ്രസ് പോലും സിദ്ദുവിന് സീറ്റുകൊടുക്കാന്‍ തയ്യാറായില്ല. അത്രയ്‌ക്ക് രാഷ്‌ട്രീയമേല്‍വിലാസമില്ലാത്ത ആളായി വിശ്വസിക്കാന്‍ കൊള്ളാത്ത ഒരാളായി സിദ്ദു മാറി. വിശ്വാസം, അതല്ലേ എല്ലാം…എന്നത് രാഷ്‌ട്രീയത്തിലും ബാധകമാണ്.

സുന്ദരിയും സുശീലയുമായി സിദ്ദുവിന്റെ ഭാര്യയും രാഷ്‌ട്രീയം വിട്ടതുപോലെയാണ്. ഒരു ഡോക്ടറായിരുന്ന അവര്‍ 2012ല്‍ ബിജെപി എംഎല്‍എ ആയിരുന്നെങ്കിലും പിന്നീട് സിദ്ദുവിനൊപ്പം ബിജെപിയെ ചവിട്ടി കോണ്‍ഗ്രസില്‍ പോയി. പക്ഷെ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും സിദ്ദുവിന്റെ ജയില്‍ജീവിതവും നവജോത് കൗര്‍ എന്ന പ്രസരിപ്പുള്ള സ്ത്രീയെ തകര്‍ത്തു. അവര്‍ രാഷ്‌ട്രീയത്തില്‍ പതുക്കെ പതുക്കെ നിര്‍ജ്ജീവമായി. പൊതുജീവിതത്തില്‍ നിന്നും ഉള്‍വലിഞ്ഞു. ഇപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ച അര്‍ബുദവുമായി യുദ്ധം ചെയ്യുകയാണ് നവജോത് കൗര്‍ സിദ്ദു. ഈയിടെ സിദ്ദു ഒരു ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അഞ്ചാമത്തെ കീമോ തെറപ്പി കഴിഞ്ഞ ഭാര്യയെ സേവിക്കുന്ന സിദ്ദുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഈ സമൂഹമാധ്യമപോസ്റ്റ്. “തെല്ല് ആശ്വാസത്തിനായി അവളെ മണാലിയിലേക്ക് കൊണ്ടുപോകാന്‍ സമയമായി…” എന്ന ലഘുക്കുറിപ്പോടെയായിരുന്നു സിദ്ദുവിന്റെ ഈ പോസ്റ്റ്.

ഏത് തിരിച്ചടികളില്‍ നിന്നും പ്രസരിപ്പോടെ തിരിച്ചുവരാന്‍ കഴിവുള്ള സിദ്ദു പതിവുപോലെ ഇപ്പോള്‍ ട്വന്‍റി ട്വന്‍റി ക്രിക്കറ്റില്‍ കമന്‍റേറ്ററായി കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്. തന്റെ പതിവ് തമാശകളുമായി സിദ്ദു ടിവി ചാനലില്‍ നിറയുമ്പോഴും ഒരു വേദനയായി മാറുകയാണ് നവജോത് കൗറിന്റെ ജീവിതം. ഇനി മടങ്ങിച്ചെല്ലാന്‍ ആവാത്ത വിധം സിദ്ദുവിനും രാഷ്‌ട്രീയം അന്യമായിരിക്കുന്നു. “നിരന്തരം കളം മാറ്റിച്ചവിട്ടുന്ന സിദ്ദുവിനെ ഇനി ആര് വിശ്വസിക്കാന്‍ “- സിദ്ദുവിന്റെ രാഷ്‌ട്രീയതിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞ വാക്കുകളാണിവ. അതെ, സിദ്ദുവിന്റെ രാഷ്‌ട്രീയ ജീവിതം അവസാനച്ചിരിക്കുന്നു. സ്വന്തം കര്‍മ്മഫലം പോലെ അദ്ദേഹം തിരിച്ചെണീക്കാന്‍ പറ്റാത്തവിധം വീണുപോയിരിക്കുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക