ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മിസോറാമിൽ 6,500 പോളിംഗ് ഉദ്യോഗസ്ഥരെയും 3,000 പൊലീസുകാരെയും 12 സിപിഎഫിനെയും വിന്യസിക്കും. ഐസ്വാൾ, മിസോറാം എന്നിവിടങ്ങളിലാകും ഉദ്യോഗസ്ഥരെ വിന്യസിക്കുകയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സംസ്ഥാനത്തെ ഏക ലോക്സഭാ സീറ്റിലേക്കുള്ള വോട്ട് രേഖപ്പെടുത്തൽ വെള്ളിയാഴ്ച നടക്കും. പ്രദേശത്ത് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ഇവിഎമ്മുകൾ കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും മിസോറാം ചീഫ് ഇലക്ടറൽ ഓഫീസർ മധുപ് വ്യാസ് പറഞ്ഞു.
6,500 പോളിംഗ് ഉദ്യോഗസ്ഥരാണ് ഇതിനോടകം തന്നെ രണ്ട് ഘട്ടങ്ങളിലായി പരിശീലനത്തിന് വിധേയരായിരിക്കുന്നത്. അവസാന ഘട്ട പരിശീലനം ബുധൻ-വ്യാഴം എന്നീ ദിവസങ്ങളിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 168 പോളിംഗ് സ്റ്റേഷനുകളിലേക്കാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ബുധനാഴ്ചയോടെ ഇവരെ നിർദ്ദിഷ്ട സ്റ്റേഷനുകളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് കമ്പനി സെൻട്രൽ റിസർവ് പൊലീസ് സേനയും മൂന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും രണ്ട് കമ്പനി ബോർഡർ സെക്യൂരിറ്റി ഫോഴ്സും ഉൾപ്പെടെ 12 കമ്പനി സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിന് പുറമെ 3,000 പൊലീസ് ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിക്കും. സംസ്ഥാനത്തുടനീളം 1,276 പോളിംഗ് സ്റ്റേഷനുകളും നാല് സഹായ പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള 14 പോളിംഗ് സ്റ്റേഷനുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. 4.4 ലക്ഷം വനിതാ വോട്ടർമാരുൾപ്പെടെ 8.56 ലക്ഷത്തിൽ അധികം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: