വരാഹാവതാര കഥ
ജലൗഘമഗ്നാ സ ചരാചരാ ധരാ
വിഷാണകോട്യാഖിലമൂര്ത്തി ധാരിണാ
സമുദ്ധ്യതാ യേന വരാഹരൂപിണാ
സ മേ സ്വയംഭൂര്ഭഗവാന് പ്രസീദതു’
എല്ലാ ഭഗവദവതാരങ്ങളുടേയും ആത്യന്തിക ലക്ഷ്യം ധര്‍മ്മ സംസ്ഥാപനം തന്നെയാണ്. എങ്കിലും നിമിത്തകാരണങ്ങളായി മറ്റു പലതും ഉണ്ടായേക്കാം. അങ്ങനെ നോക്കുമ്പോള്‍ സൃഷ്ടിയുടെ ആരംഭകാലത്ത് ആദിയുഗത്തില്‍ (അഥവാ വിഷ്ണുപുരാണത്തില്‍ പറയുംപോലെ ശ്വേതവരാഹകല്പമെന്നു പേരുള്ള ഈ കല്പത്തിന്റെ ആദിയില്‍) ഭഗവാന്റെ ആദ്യാവതാരം ആദിവരാഹത്തിന്റെ രൂപത്തിലായിരുന്നു. അതിന്റെ കാരണങ്ങള്‍ രണ്ടാണ്: ഒന്ന്, സമസ്ത മനുഷ്യരുടേയും മാത്രമല്ല, സമസ്ത പ്രാണികളുടേയും നിവാസസ്ഥലമായ ഭൂമി സൃഷ്ടിയുടെ ആരംഭകാലത്ത് അപാര ജലരാശിയിലെങ്ങോ മുങ്ങിപ്പോയിരുന്നു. അതിനെ, മുകളില്‍ കൊടു ത്തിട്ടുള്ള ധ്യാനശ്ലോകത്തില്‍ പറഞ്ഞിട്ടുള്ളതിന് പ്രകാരം ജലപ്പരപ്പിനു മുകളില്‍ കൊണ്ടുവന്ന് വീണ്ടും നിവാസയോഗ്യമാക്കി സ്ഥിരമായി സ്ഥാപിച്ചു നിര്‍ത്തുക; രണ്ട്, ആ കാര്യത്തില്‍ തടസ്സമുണ്ടാക്കുന്നതിന് ഉദ്യുക്തനായ ദുര്ജയപരാക്രമിയും ആദിദൈത്യനുമായ ഹിരണ്യാക്ഷനെ വധിച്ച് ലോകത്തെ നിഷ്കണ്ടകമാക്കുക. ഇങ്ങനെ വരാഹാവതാരത്തിന് നിദാനങ്ങളായി ഈ രണ്ടു ഉദ്ദേശ്യങ്ങളാണ് പറയപ്പെട്ടിട്ടുള്ളത്. ഇവിടെ രണ്ടാമത്തെ ലക്ഷ്യമായ ഹിരണ്യാക്ഷവധം ആദ്യലക്ഷ്യത്തെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ്, ശ്രീമദ് ഭാഗവതത്തിലെ മൂന്നാം സ്കന്ധത്തില്‍ പതിമൂന്നാമത്തെ അദ്ധ്യായത്തിലാണ് ഈ ഉപാഖ്യാനത്തിന്റെ ഉപക്രമം. അവിടെ ഭൂമിയുടെ ഉദ്ധരിക്കലും സംസ്ഥാപനവുമാണ് മുഖ്യമായി പറയപ്പെട്ടിട്ടുള്ളത്. പിന്നെ 18ഉം 19ഉം അദ്ധ്യായങ്ങളിലാണ് ഹിരണ്യാ ക്ഷവധം വിസ്തരിച്ചിട്ടുള്ളത്.
എന്നാല്‍ ഭാഗവതകഥാപ്രഭാഷകന്മാര് ഈ രണ്ടാമത്തെ കാര്യത്തിന് ആവശ്യത്തില്‍ കവിഞ്ഞ പ്രാധാന്യം നല്കി വിസ്തരിക്കുക നിമിത്തം ആദ്യത്തെ പ്രധാന ലക്ഷ്യം തന്നെ ജനമനസ്സുകളില്‍ നിന്ന് ഏതാണ്ട് തിരോഭൂതമായിട്ടാണ് കണ്ടുവരുന്നത്. അതുകൊണ്ട് ഭഗവാന് എന്തുകൊണ്ടാണ് മഹാവരാഹമായി അവതരിച്ചത് എന്ന കാര്യം ആരും എടുത്തു ചോദിക്കുകയോ അതേപ്പറ്റി പ്രഭാഷകന്മാര് പറയുകയോ ഇല്ല. ഹിരണ്യാക്ഷനെ വധിക്കുന്നതിന് വരാഹരൂപമെടുക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ എന്ന് പ്രായേണ ആരും ചിന്തിക്കുകയോ പറയുകയോ ചെയ്യുന്ന രീതിയല്ല. അതുകൊണ്ടു തന്നെ ആ ആദ്യാവതാര രഹസ്യം അനാവൃതമായി തന്നെ തുടരുകയാണ്.
ചിന്താശീലരായ ഭക്തന്മാരുടെ മനസ്സിനെ മഥിക്കുന്ന മറ്റൊരു കാര്യം വരാഹരൂപിയെ എന്തുകൊണ്ടാണ് യജ്ഞവരാഹമായി, യജ്ഞാംഗനായി (അദ്ധ്വരാംഗനായി) ബ്രഹ്മാവും മരീച്യാദിപ്രജാപതികളും സനകാദിമഹര്ഷിമാരും സ്തുതിക്കുന്നതെന്നും മറ്റു പ്രസിദ്ധങ്ങളായ ഭഗവന്നാമങ്ങളൊന്നും സ്വീകരിക്കാതിരുന്നതെന്തു കൊണ്ടാണെന്നതുമാണ്. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും സമാധാനം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
മറ്റു മഹാപുരാണങ്ങളായ മത്സ്യപുരാണത്തിലും അഗ്നിപുരാണത്തിലും വരാഹാവതാരത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെങ്കിലും അവയിലെന്നും ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്ര മാനവും മഹത്ത്വവും നല്കി ഈ കഥ വര്ണിച്ചിട്ടില്ല. വരാഹപുരാണത്തിലാണെങ്കില് ഏതൊരു വരാഹത്തിന്റെ കുളമ്പടികള്ക്കുള്ളില് മഹാമേരു, ഞെങ്ങി ഞരുങ്ങി ‘ഘണ, ഘണ’ ശബ്ദം പുറപ്പെടുവിച്ചിരുന്നുവോ അങ്ങനെ ഭൂമിയെ അനായാസം ഉദ്ധരിച്ചുകൊണ്ടുവന്ന വരാഹന്‍ (ഭഗവാന്) നമസ്കാരം (നമസ്തസൈ്മ വരാഹായ ലീലയോദ്ധരതേ മഹീം, ഖുരമദ്ധ്യഗതോയസ്യ മേരുഃ ഘണഘണായതേ) എന്ന വന്ദനശ്ലോകത്തോടെയാണ് തുടങ്ങുന്നതെങ്കിലും പിന്നീട് പകുതിയില്‍ കൂടുതല്‍ അദ്ധ്യായങ്ങളില്‍ ഭൂമിദേവിയും വരാഹമൂര്ത്തിയുമായുള്ള സംവാദവും ബാക്കിയുള്ള അദ്ധ്യായങ്ങളില്‍ (ആകെ 218 അദ്ധ്യായങ്ങള്‍) തീര്‍ത്ഥമാഹാത്മ്യം, വ്രതമാഹാത്മ്യങ്ങള് ഇങ്ങനെ പലതുമാണ്. ഉപാഖ്യാനത്തിന്റെ പൂര്‍വ വൃത്താന്തമോ വരാഹത്തെ യജ്ഞപുരുഷനായി കണ്ടുള്ള ബ്രഹ്മാദികളുടെ സ്തുതികളോ ഒന്നും തന്നെ വര്ണ്ണിക്കപ്പെടുന്നില്ല. വിഷ്ണുപുരാണത്തില്‍ വരാഹാവതാരത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും ബ്രഹ്മാവിന്റെ നാസാരന്ധ്രത്തില്‍ നിന്നും ആവിര്‍ഭവിച്ചു എന്നൊന്നും സൂചിപ്പിക്കുന്നില്ല. ആ മൂര്‍ത്തിയെ യജ്ഞവരാഹ മായി കണ്ട് സ്തുതിക്കുന്നതായി പറയുന്നുമുണ്ട്. എന്നാല്‍ അവിടേയും മുകളില്‍ കാണിച്ച ചോദ്യങ്ങള്‍ അനുത്തരിതമായി തന്നെ തുടരുന്നു. (ഹിരണ്യാക്ഷവധത്തെക്കുറിച്ച് ഒന്നും തന്നെ പ്രതിപാദിക്കുന്നില്ല, വിഷ്ണുപുരാണത്തില്‍)
ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം ഭാഗവതത്തില്‍ തന്നെ പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭഗവദ്കഥാപഠന മനനാദികളടെ അപര്യാപ്തതമൂലമാകാം, നമുക്ക് ഇവ രഹസ്യാത്മകങ്ങളായി തുടരുന്നത്.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘ തെറ്റിദ്ധരിക്കപ്പെട്ട ചില അവതാരകഥകള്‍’ എന്ന അധ്യായത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: