ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് പദ്ധതി സുതാര്യമാണെന്നും അത് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചത്.
ഇലക്ടറല്‍ ബോണ്ട് സുതാര്യമാണ്. പണം എവിടെ നിന്ന് വന്നു… ആര് നല്കി… എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാന്‍ കഴിയും. ഇലക്ടറല്‍ ബോണ്ടിനെപ്പറ്റി പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് കള്ളപ്പണമൊഴുകാതിരിക്കാനാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി നടപ്പാക്കിയത്. ഇത് പിന്‍വലിച്ചതിലൂടെ രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്കിലേക്ക് തള്ളിവിട്ടു, അദ്ദേഹം വിശദീകരിച്ചു.
3000 കമ്പനികളാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ പാര്‍ട്ടികള്‍ക്ക് ഡൊണേഷന്‍ നല്‍കിയത്. ഇതില്‍ 26 കമ്പനികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ നേരിടുന്നു. ഇവയില്‍ 16 കമ്പനികള്‍ അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ നേരിട്ടതിന് പിന്നാലെയാണ് ഡൊണേഷന്‍ നല്‍കിയത്. ഇവര്‍ നല്‍കിയതില്‍ 37 ശതമാനം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 67 ശതമാനവും നല്‍കിയത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ താന്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ നിലവില്‍ വന്നതാണ്. ആരോപണങ്ങളിലൂടെ പ്രതിപക്ഷം അവരുടെ തോല്‍വിക്ക് ഒഴിവുകഴിവുകള്‍ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയക്കാര്ക്കെതിരെയുണ്ടായിരുന്നതിന്റെ മൂന്ന് ശതമാനം മാത്രം കേസുകളാണ് നിലവിലുള്ളതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. തെരഞ്ഞെടുപ്പ് പത്രികയില്‍ ബിജെപി മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്. രാജ്യത്തെ ജനങ്ങള്‍ക്ക് രാഹുലില്‍ വിശ്വാസമില്ല. മോദി ഗ്യാരന്റിയിലാണ് അവര്‍ വിശ്വസിക്കുന്നത്. അടുത്ത സര്‍ക്കാരിന്റെ ആദ്യത്തെ നൂറ് ദിനങ്ങള്‍ നിര്‍ണായകമാണ്. ഭാരതത്തില്‍ ഉത്തര ഭാരതമെന്നോ ദക്ഷിണ ഭാരതമെന്നോ ഉള്ള വിഭജനമില്ലെന്നും ബിജെപി കുടുംബ പാര്‍ട്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: