തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ അഭിമുഖ്യത്തില്‍ ശ്രീരാമനവമിയോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീക്ഷേത്രത്തില്‍ നിന്ന് പരിക്രമണം തുടങ്ങിയ രഥയാത്രയ്‌ക്ക് ആശ്രമ സന്നിധിയില്‍ പര്യവസാനം.
അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ശ്രീരാമന് സമുചിതമായ ക്ഷേത്രം പുനര്‍നിര്‍മിക്കാനും ശ്രീരാമന്റെ പുനഃപ്രതിഷ്ഠ നിര്‍വഹിക്കാനും അക്ഷീണം പരിശ്രമിച്ച സ്വാമി സത്യാനന്ദ സരസ്വതി തന്റെ ഗുരു ശ്രീനീലകണ്ഠഗുരുപാദര്‍ 1920 മുതല്‍ നടത്തിവന്നിരുന്ന ശ്രീരാമനവമി ആഘോഷം വിപുലമാക്കുകയും അതിനോടനുബന്ധിച്ച് 1991 മുതല്‍ ശ്രീരാമനവമി രഥയാത്രയ്‌ക്ക് തുടക്കം കുറിക്കുകയും ചെയ്തു. വര്‍ഷാവര്‍ഷങ്ങളില്‍ രഥയാത്ര പ്രയാണം തുടരുന്നു. സാധാരണജനങ്ങളില്‍ ഇത്തവണയും ആധ്യാത്മിക നിര്‍വൃതി പകര്‍ന്നാണ് രഥയാത്ര ആശ്രമസന്നിധിയില്‍ എത്തിച്ചേര്‍ന്നത്.
രാമമന്ത്രധ്വനികളാല്‍ താലപ്പൊലി ഘോഷയാത്രയോടെ ശ്രീരാമരഥത്തെ ആശ്രമ അദ്ധ്യക്ഷൻ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ഉപാദ്ധ്യക്ഷൻ സ്വാമി ശങ്കരപാദാനന്ദ സരസ്വതി , ശ്രീരാമദാസ മിഷൻ ജനറൽ സെക്രട്ടറി ഡോ : ബ്രഹ്മചാരി ഭാർഗവ റാം, ആശ്രമം സെക്രട്ടറി സ്വാമി യോഗാനന്ദ സരസ്വതി, ബ്രഹ്മചാരി സുജിത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മാര്‍ച്ച് 22ന് കൊല്ലൂര്‍ മൂകാംബിക ദേവീക്ഷത്രത്തില്‍ നിന്നും ശങ്കര അഡിഗ പകര്‍ന്നു നല്‍കിയ ജ്യോതി ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചശേഷം നടന്ന പരിക്രമണമാണ് ഇന്ന് പര്യവസാനിച്ചത്. രഥയാത്രാ കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദരുടെ നേതൃത്വത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട്, കേരളത്തിലെ 14 ജില്ലകളിലുടെയും പരിക്രമണം ചെയ്ത് കന്യാകുമാരി ത്രിവേണി സംഗമസ്‌നാനവും ചെയ്ത് 14ന് ശ്രീരാമായണ കാണ്ഡപരിക്രമണത്തിനായി അനന്തപുരിയില്‍ പ്രവേശിച്ചു.
15ന് രാവിലെ ശ്രീകാര്യത്തു നിന്നും ശ്രീരാമരഥം കാര്യവട്ടം ധര്‍ മ്മശാസ്താക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, പണിമൂലദേവീ ക്ഷേത്രം, അയിരൂര്‍പ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാഞ്ഞിക്കല്‍ എള്ളുവിള ദേവീക്ഷേത്രം, ചെമ്പഴന്തി ഇടത്തറ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കിയ ശേഷമാണ് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തിച്ചേര്‍ന്നത്.
നാളെ ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ജ്യോതിക്ഷേത്രസന്നിധിയില്‍ ശ്രീരാമനവമി സമ്മേളനത്തിന് നടക്കും. വൈകുന്നേരം 3 മണിക്ക് ബാംസുരി ഗ്രൂപ്പ് ഓഫ് കര്‍ണാട്ടിക് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത സദസ്സ്.
വൈകുന്നേരം 5.30ന് ശ്രീരാമനവമി സമ്മേളനം തിരുവനന്തപുരം ചിന്മയാമിഷന്‍ ആചാര്യന്‍ ബ്രഹ്മശ്രീ സ്വാമി അഭയാനന്ദ തൃപ്പാദങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തും. ശ്രീരാമനവമി മഹോത്സവം കണ്‍വീനര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, എസ്.ആര്‍.ഡി.എം.യൂ.എസ് അദ്ധ്യക്ഷന്‍ എസ്.കിഷോര്‍കുമാര്‍, അഡ്വ.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തില്‍ ഇക്കൊല്ലത്തെ ആശ്രമസേവാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ഏപ്രില്‍ 17ന് ശ്രീരാമനവമി ദിനത്തില്‍ വൈകുന്നേരം 6ന് പാദുകസമര്‍പ്പണ ശോഭായാത്ര കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിച്ച് പാളയം ഹനുമത് ക്ഷേത്രത്തിലെത്തി പാദുകസമര്‍പ്പണം നടത്തും. തുടര്‍ന്ന് രഥയാത്ര ശ്രീരാമദാസ ആശ്രമത്തിലേക്ക് പോകും. രാത്രി 11ന് ആശ്രമത്തില്‍ ചപ്രങ്ങളില്‍ അഭിഷേകം. ഏപ്രില്‍ 18ന് വെളുപ്പിന് 4 മണിക്ക് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക