തിരുവനന്തപുരം: എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെക്കുറിച്ച് നയതന്ത്ര വിദഗ്‌ദ്ധൻ ടി പി ശ്രീനിവാസൻ എഴുതിയ ‘രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ’ എന്ന പുസ്തകം അദ്ദേഹം നടി ശോഭനക്ക് നൽകി പ്രകാശനം ചെയ്തു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളനത്തിൽ വെച്ചാണ് പുസ്തകം പ്രകാശിപ്പിച്ചത്.
ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. 15 ദിവസം മാത്രമെടുത്താണ് ടി പി ശ്രീനിവാസൻ പുസ്തകം എഴുതി പൂർത്തിയാക്കിയത്. രാജീവ് ചന്ദ്രശേഖറിന്റെ ജനനം മുതൽ അദ്ദേഹത്തിന്റെ വിദ്യാഭാസ കാലഘട്ടം, അമേരിക്കൻ വിദ്യാഭ്യാസം, ചിപ്പ് ആർക്കിടെക്ട്, അതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി വന്ന് രാജ്യത്തെ ആദ്യ യൂണിക്കോൺ കമ്പനിയായ ബിപിഎൽ മൊബൈൽ സ്ഥാപിക്കുന്നത് തുടങ്ങി എം പിയാകുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിത രേഖയാണ് പുസ്തകമെന്ന് ടി പി ശ്രീനിവാസൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനായി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തോട് സംസാരിച്ചും ലഭ്യമായ വിവരങ്ങൾ ശേഖരിച്ചുമാണ് പുസ്തകം രചിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടെഴുതി പൂർത്തിയാക്കി എന്ന ചരിത്രം കൂടി പുസ്തകത്തിന് അവകാശപ്പെടാമെന്നും ടി പി ശ്രീനിവാസൻ പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ ഒരാളാണ് രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വികസന സമീപനങ്ങളും മനസ്സിലാക്കിയത് കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുസ്തകം രചിക്കുന്നതിന്റെ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകത്തിന്റെ ഓഡിയോ പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: