എറണാകുളം : തൃശൂര്‍ പൂരത്തിന് ആനകള്‍ നില്‍ക്കുന്നിടത്ത് നിന്ന് ആളുകള്‍ പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആനകളുടെ ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും നിയോഗിച്ചു.
തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകലം 50 മീറ്റര്‍ എന്നതില്‍ ഇളവ് വരുത്തിയെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ പത്ത് മീറ്ററെങ്കിലും അകലം വേണമെന്നായിരുന്നു അമികസ് ക്യൂറി ആവശ്യപ്പെട്ടത്.എന്നാല്‍ പത്ത് മീറ്റര്‍ പരിധി അപ്രായോഗികമാണെന്ന് പാറമേക്കാവ് ദേവസ്വം അറിയിക്കുകയും കുടമാറ്റത്തിന് ദൂരപരിധി പ്രശ്നമാകുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ആനകള്‍ നില്‍ക്കുന്നിടത്തു നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ആനകള്‍ നില്‍ക്കുന്നിടത്തു നിന്ന് ആറ് മീറ്ററിനുള്ളില്‍ തീവെട്ടി പാടില്ല.
അതേസമയം തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.















