വിഷുഎത്തി, എന്മനസ്സില്
വിഷു എന്വിഭൂതിയായ്
തളരും പ്രജ്ഞയുടെ
സൂര്യനായ്പുണരവേ
ഒരു ഭൂതകാലത്തി-
നാര്ദ്രമാം ഓര്‍മ്മകളെ
മൃദുവായ് ശ്രുതിചേര്‍ത്ത്
പൂക്കളായ്കണിതീര്ത്ത്
മന്ത്രമായ്കണ്ണുകളില്
അലിവിന്റെ മഹസ്സായ്
നിറവിന്, കൈനീട്ടമായ്…
വിഷുവെത്തി, എന്മനസ്സില്
ഒരു കൊടുംചൂടിന്റെ
ഓരമായ് ഊഷ്മളത
പ്രകൃതിതന്‍ സാന്ദ്രത
ചേതനയില്‍ വശ്യത
കരമൊന്നുചേര്ന്നൊന്നു
തൊഴുതുനിന്നീടുന്ന
പരമാത്മചൈതന്യ-
ഭക്തിയുടെ തീവ്രത
നിര നിരന്നെത്തുന്ന
കണികള്തന് മുന്നിലായ്
അവനിതന്സൗഖ്യമായ്
പടരും, ലാവണ്യമായ്…
വിഷുവെത്തി, എന്മനസ്സില്
ഒരു പുതിയ ലോകം
ഭാവനയിലുണരും;
തുടികൊട്ടിയണയും
കൃഷീവലനന്മകള്:
സമജീവനത്തിന്ന്
സ്വരജതികള്‍ തീര്‍ത്തും
പഴമതന്സൂനങ്ങള്
സ്മരണയില്‍ കോര്‍ത്തും
അനുഭൂതി ആത്മാവില്‍
അമൃതമായ്തീരുക;
നിറവാര്‍ന്ന ധന്യത
സര്‍ഗ്ഗ, സംഗീതമാകാന്‍…
വിഷു എത്തി, എന്മനസ്സില്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: