Categories: Article

ഗണപതിവട്ടം: ഇത് വെള്ളക്കാരന്റെ ദുഷ്ടലാക്ക്

Published by

ണ്ട് അയല്‍ സംസ്ഥാനങ്ങളിലായി അതിര്‍ത്തി പങ്കുവെയ്‌ക്കുന്ന ഗണപതിവട്ടത്തെ സുല്‍ത്താന്റെ ആയുധപ്പുര എന്ന അര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി ആക്കി അടയാളപ്പെടുത്തിയതും വെള്ളക്കാരെന്നറിയപ്പെടുന്ന ബ്രിട്ടീഷ്‌കാരാണ്. വെള്ളക്കാരന്റെ നാവിന് വഴങ്ങാത്ത ഈ സ്ഥലനാമത്തിന് ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നതാണ് സത്യം. കഷ്ടിച്ച് പത്തുവര്‍ഷം മാത്രം ടിപ്പുവിന്റെ നാമമാത്രമായ സാന്നിദ്ധ്യമുണ്ടായിരുന്ന ഈ നഗരത്തെ 1802 ലാണ് വെള്ളക്കാര്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന് രേഖപ്പെടുത്തിയത്.

ആധുനിക വയനാട്ടിലെ അറിയപ്പെടുന്ന നഗരങ്ങളിലൊന്നായ ബത്തേരിക്ക് പത്തുനൂറ്റാണ്ടെങ്കിലും പഴക്കം അവകാശപ്പെടാനുണ്ടെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ജൈനസംസ്‌കാരം ഇവിടെ പൂത്തുലഞ്ഞുനിന്ന കാലത്ത് ‘ഹെന്നരഡ് ബീഭി’ എന്നറിയപ്പെട്ട നഗരമാണിത്. സമ്പന്നമായ പന്ത്രണ്ട് ജനപദങ്ങളുടെ സംഗമസ്ഥാനം എന്നായിരുന്നു ഈ കര്‍ണ്ണാടക പദത്തിന്റെ അര്‍ത്ഥം. ജൈനമത അനുയായികളായ കച്ചവക്കാരുടെ താവളമായിരുന്നു അത്. പൗരാണികങ്ങളായ ഗണപതിക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം, നരസിംഹ ക്ഷേത്രം, ജൈനക്ഷേത്രം എന്നിവ അതിന് ഉദാഹരണങ്ങളാണ്. ചേരസാമ്രാജ്യ സാമന്തന്മാരായിരുന്ന കുറുമ്പ്രനാട്ടടികളുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ തലയുയര്‍ത്തിനിന്ന ഈ നഗരത്തിന്റേയും പരിസര പ്രദേശത്തിന്റേയും പേര് ഗണപതിവട്ടം എന്നായിരുന്നുവെന്ന് തെളിയിക്കുന്ന ചരിത്രരേഖകള്‍ നിരവധിയാണ്. പൗരാണിക ശിലാമുദ്രകളാല്‍ സമ്പന്നമാണ് ഇന്നത്തെ ബത്തേരിയും.

1766 മുതല്‍ 1792 വരെയാണ് മൈസൂര്‍ നവാബായിരുന്ന ഹൈദരാലിയും മകന്‍ ടിപ്പുവും വയനാട്ടിലൂടെ പടയോട്ടങ്ങള്‍ നടത്തിയത്. പിതാവിന്റെ മരണശേഷം നേതൃത്വം ഏറ്റെടുത്ത ടിപ്പു, 1788 ഡിസംബറില്‍ മലബാറിലേക്ക് പയോട്ടത്തിന് പുറപ്പെട്ടപ്പോഴാണ് അന്നേക്ക് ഉപേക്ഷിക്കപ്പെട്ട ബത്തേരിയിലെ ബസ്തി ആയുധപ്പുരയാക്കി മാറ്റിയത്. അന്നുമുതല്‍ ഒരു നൂറ്റാണ്ടിനിടയില്‍ ഹൈന്ദവ-ജൈന സംസ്‌കൃതികളാല്‍ സമ്പന്നമായിരുന്ന ഗണപതിവട്ടത്തെ തകര്‍ത്ത് തരിപ്പണമാക്കി. ഭീമാകാരമായ ഗണപതി വിഗ്രഹം തുണ്ടുകളാക്കപ്പെട്ടു. ജൈനക്ഷേത്രങ്ങളൊഴികെയുള്ള ക്ഷേത്രങ്ങളെല്ലാം ഇടിച്ചുനിരത്തി.1799 മെയ് നാലിന് ശ്രീരംഗപട്ടണത്തുവെച്ച് ടിപ്പുകൊല്ലപ്പെട്ട ശേഷം 1802 ല്‍ ആണ്, ഗണപതിവട്ടത്തെ വെള്ളക്കാര്‍ സുല്‍ത്താന്റെ ആയുധപ്പുരയാക്കി രേഖപ്പെടുത്തിയത്.

ചോളശക്തിയുടെ വ്യാപനത്തെ തുടര്‍ന്ന് തമിഴകത്തുണ്ടായ യുദ്ധങ്ങളെ തുടര്‍ന്ന് പഴയ കൊങ്ങുനാട്ടില്‍നിന്ന് വയനാട്ടിലെത്തിയ ചെട്ടിമാരാണ് കൊങ്ങ് ശൈലിയില്‍ ഈ ക്ഷേത്രത്തെ നവീകരിച്ചത്. തമിഴകത്തെ വെള്ളാളച്ചെട്ടിമാരുടെ പിന്‍മുറക്കാരാണ് വയനാടന്‍ ചെട്ടിമാരെന്നും അഭിപ്രായങ്ങളുണ്ട്. എല്ലാവര്‍ഷവും തുലാം 30ന് ബത്തേരി ഗണപതിക്ഷേത്രത്തില്‍ നടക്കുന്ന വയനാടന്‍ ചെട്ടിമാരുടെ ഒത്തുചേരല്‍ വൃശ്ചിക സംക്രമം എന്നാണ് അറിയപ്പെടുന്നത്. ഇന്നും ഈ ചടങ്ങ് നടത്തിവരുന്നു. അക്കാലത്തും സമ്പന്നമായിരുന്ന ഹെന്നരഡ് ബീഭി എന്ന നഗരം ലക്ഷ്യമാക്കിയാണ് ഇവരും കൊങ്ങുനാട്ടില്‍നിന്നും പുറപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
ബത്തേരിയില്‍നിന്ന് താളൂര്‍വഴി ഊട്ടിക്ക് പോകുന്ന റോഡിന് പഴന്തമിഴ് രേഖകളില്‍ ഗണപതിവട്ടം- ഉതകമണ്ഡലം പാത എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. ഈവഴി ഗൂഡല്ലൂരില്‍നിന്ന് നാടുകാണിച്ചുരംവഴി നിലമ്പൂര്‍ ഭാഗത്തേക്കും പോയിരുന്നു. വയനാട്, കുടക്, നീലഗിരി പ്രദേശങ്ങളിലെ സുഗന്ധ വ്യഞ്ജനങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഈ പാതയിലൂടെയാണ് അന്നത്തെ പ്രസിദ്ധമായ പൊന്നാനി തുറമുഖത്തേക്ക് എത്തിച്ചിരുന്നതും.

ടിപ്പുവിന്റെ പടയോട്ടങ്ങളില്‍ ഏറെയും ഈ പാതയിലൂടെയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനവും ക്ഷേത്രധ്വംസനങ്ങളും ചര്യയാക്കിയിരുന്ന ഒരു ഭരണാധികാരിയുടെ സ്മരണ നിലനിര്‍ത്താന്‍ വെള്ളക്കാര്‍ കാട്ടിയ ദുഷ്ടലാക്ക് തിരിച്ചറിയാനും തിരുത്താനുമല്ലേ കാലം തയാറാകേണ്ടത്?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by