മുംബൈ: ഭീകരര്‍ ഒരു നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരല്ല. അതിനാല്‍ അവര്‍ക്കുള്ള മറുപടിയും അതേ രീതിയില്‍ തന്നെ ആയിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഭാരതം ഏത് വഴിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂനെയില്‍ യുവാക്കളുമായുള്ള വൈ ഭാരത് മാറ്റേഴ്സ്; ഓപ്പര്‍ച്യൂണിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് പാര്‍ട്ടിസിപേഷന്‍ ഇന്‍ ഗ്ലോബല്‍ സെനാരിയോ എന്ന വിഷയത്തിലെ സംവാദത്തിലാണ് രാജ്യത്തിന്റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്.
2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ യുപിഎ സര്‍ക്കാര്‍ കാണിച്ച നിഷ്ക്രിയത്വത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുംബൈ ആക്രമണത്തിന് തക്ക മറുപടി നല്‍കണമെന്ന നിലപാടാണ് എല്ലാവര്ക്കും ഉണ്ടായിരുന്നത്. എന്നാല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്ഥാനെ ആക്രമിക്കുന്നതിന്റെ ചെലവ് നോക്കി മൗനം പാലിക്കുകയാണ് ചെയ്തത്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തയതു മുതല്‍ വിദേശനയത്തിലും ഭീകരതയെ നേരിടുന്ന രീതിയിലും മാറ്റം വന്നു. 1947ല്‍ പാകിസ്ഥാന് കശ്മീര്‍ ആക്രമിച്ചപ്പോള്‍ സൈന്യം അവരെ നേരിട്ടു. എന്നാല്‍ ഇതേ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ വ്യത്യസ്ത നിലപാടാണ് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്. ലഷ്കര്‍ ഭീകരരെ ഗോത്രവര്‍ഗക്കാര്‍ എന്നാണ് യുഎന്നില്‍ ഭാരതം വിശേഷിപ്പിച്ചത്. ആദ്യം മുതല്‍ പാക് ഭീകരവാദത്തിനെതിരെ കൃത്യമായ നിലപാട് എടുക്കാന്‍ ഭാരതത്തിനായില്ല, ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ആരും പ്രതികരിച്ചില്ലെങ്കില്‍ ഭീകരവാദത്തെ എങ്ങനെ തടയാനാകും. അതിര്‍ത്തിയുടെ മറുഭാഗത്തായതുകൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ ഭീകരര്‍ക്ക് ഉണ്ടാകരുത്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏത് ഭീകരപ്രവര്‍ത്തനത്തിനും മറുപടി നല്കാന് ഭാരതം പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: