പത്തനംതിട്ട: കണികാണലും കൈനീട്ടം നല്കലും വിഭവസമൃദ്ധമായ സദ്യയോടെ വിഷു ആഘോഷവും ഇന്ന് (മേടം-1 ഞായര്‍) ആണെങ്കിലും വിഷു സംക്രമം ഇന്നലെ (ശനി) രാത്രി എട്ടു മണി 51 മിനുട്ടിന് മകയിരം നക്ഷത്രത്തിന്റെ നാലാംകാലില്‍ മിഥുനക്കൂറില്‍ ആയിരുന്നു. വിഷു സംക്രമത്തെ ആസ്പദമാക്കി രാജ്യങ്ങളുടെ ഒരു വര്‍ഷത്തെ പൊതുഫലവും അടുത്ത വിഷു സംക്രമം വരെ വ്യക്തികളുടെ സാമാന്യഫലവും പ്രവചിക്കുന്നത് പതിവാണ്.
കുംഭരാശിയില്‍ ശനിയും മേടത്തില്‍ വ്യാഴവും നില്‍ക്കുമ്പോള്‍ മന്ദവാരം (ശനിയാഴ്ച), മകയിരം നക്ഷത്രം, ശുക്ലപക്ഷ ഷഷ്ഠി തിഥി, വരാഹക്കരണം, ശോഭനനാമനിത്യയോഗം എന്നീ പഞ്ചാംഗാദികള്‍ ചേര്‍ന്ന സമയം ആകാശഭൂതോദയം കൊണ്ട് വൃശ്ചികരാശിയിലായിരുന്നു ഇത്തവണത്തെ മേടരവിസംക്രമം.
സംക്രമത്തിന്റെ രാശി, പഞ്ചാംഗ ഫലങ്ങള്‍ പൊതുവേ ലോകത്തിന് അത്ര ശുഭകരമായല്ല കാണുന്നത്. കൂറ് മിഥുനവും ലഗ്‌നം വൃശ്ചികവും തിഥി ഷഷ്ഠിയും ആണെന്നത് പല രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നു വരുന്ന സൈനിക സംഘര്‍ഷം കൂടുതല്‍ വ്യാപ്തിയുള്ള യുദ്ധമായി പരിണമിക്കാനുള്ള സാധ്യതാ സൂചകമാണ്. സംക്രമവാരം ശനി ആയതിനാല്‍ ഭാവാത്മക സമീപനത്തേക്കാള്‍ നാശാത്മക സമീപനത്തിനാവും പ്രാമുഖ്യം. ഇത് രാജ്യ, മത, സമൂഹ, കുടുംബ, വ്യക്തി തലങ്ങളിലെല്ലാം പ്രസക്തമായിരിക്കും. അതിനാല്‍ വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കാന്‍ ഏവരും ശ്രദ്ധിക്കണം.
സംക്രമം രാത്രി ആകയാല്‍ ലോകത്തിനു വിശപ്പേറും. പല രാജ്യങ്ങളിലും പട്ടിണിക്കാര്‍ ഇന്നുള്ളതിലും അധികമാകും. സംക്രമ നക്ഷത്രം മകയിരവും കരണം വരാഹവുമായതിനാല്‍ നാല്‍ക്കാലി നാശവും അവശ്യ സമയത്ത് ആവശ്യമായ അളവില്‍ മഴ ലഭിക്കാത്ത അവസ്ഥയും പ്രതീക്ഷിക്കണം. എന്നാല്‍ സംക്രമസമയം വേലിയേറ്റവേള ആണെന്നതിനാല്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് ഉണ്ടാവാനും ഇടയില്ല. ഞാറ്റുവേലക്കണക്കുകള്‍ തെറ്റിച്ച് അപ്രതീക്ഷിത സമയത്താവാം മഴ പെയ്തു നിറയുക. മഴയില്‍ ഏറെയും മലയോര മേഖലയില്‍ പെയ്തേക്കാമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതിദുരന്തങ്ങളേയും കരുതിയിരക്കണം. സംക്രമസമയം ആകാശഭൂതോദയ നേരമാണെന്നതും മഴക്കെടുതികള്‍ ഉണ്ടാവാമെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംക്രമസമയം ശനി കുംഭത്തിലും വ്യാഴം മേടത്തിലും രാഹു മീനത്തിലും ആകയാല്‍ പ്രതിസന്ധികള്‍ക്കിടയിലും ഭാരതത്തില്‍ മെച്ചങ്ങളുടെ രജതരേഖ തെളിഞ്ഞു കാണുന്നുണ്ട്. എങ്കിലും ആഭ്യന്തര ഭിന്നതകള്‍ക്ക് ആഴവും വ്യാപ്തിയും കൂടാനാണ് സാധ്യത.
ഇനി വിഷുഫലങ്ങള്‍ ഓരോ നക്ഷത്രക്കാരേയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം. വിഷു ഫലപ്രവചനത്തില്‍ ആദിശൂലം, ആദിഷഡ്കം, മധ്യശൂലം, മധ്യഷഡ്കം, അന്ത്യശൂലം, അന്ത്യഷഡ്കം എന്നിങ്ങനെ നക്ഷത്രങ്ങളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ഫലപ്രവചനം. ഇതില്‍ ‘ശൂലം’ എന്ന പൊതുവിഭാഗത്തില്‍ വരുന്ന ഒന്‍പതു നാളുകാര്‍ക്ക് മനസ്സില്‍ ശൂലം തറച്ചാലെന്നവണ്ണം വേദനാജനകവും പ്രയാസങ്ങളും നിറഞ്ഞതാവും ഫലം. ‘ഷഡ്ക’ വിഭാഗത്തില്‍ വരുന്ന 18 നാളുകാര്‍ക്ക് വലിയ പ്രയാസങ്ങളില്ലാതെ സന്തോഷമോടെ അടുത്ത വിഷുവരെ പോകാനാവും.
സംക്രമ നക്ഷത്രവും(മകയിരം) അതിനു തൊട്ടു മുന്‍പും പിന്‍പും വരുന്ന രണ്ടു നക്ഷത്രങ്ങളും(രോഹിണി, തിരുവാതിര) ആണ് ആദിശൂല നക്ഷത്രങ്ങള്‍. ഈ നക്ഷത്രക്കാര്‍ക്ക് അടുത്ത വിഷുവരെ സമയം അത്ര അനുകൂലമായിരിക്കില്ല. വരവില്‍ കവിഞ്ഞ ചെലവ്, മനസ്സുഖം കുറയ്‌ക്കുംവിധമുള്ള രോഗദുരിതങ്ങള്‍, ദൈവാധീനക്കുറവുമൂലം ആഗ്രഹിക്കുന്നതിന് എതിരായ വിധത്തില്‍ കാര്യങ്ങള്‍ വന്നുഭവിക്കുക എന്നിവയാണ് ഫലസൂചന. അതിനാല്‍ ഈ മൂന്നു നക്ഷത്രക്കാരും ഇഷ്ടദേവാലയ ദര്‍ശനം നടത്തുകയും ഈശ്വരഭജനത്തിനു കൂടുതല്‍ സമയം നീക്കി വയ്‌ക്കുകയും വേണം. എന്നാല്‍ ഭൂമിവാങ്ങാനോ വീടു വയ്‌ക്കാനോ ശ്രമിക്കുന്നവര്‍ക്ക് അല്‍പ്പം ഞെരുങ്ങിയാണെങ്കിലും കാര്യസാധ്യം കൈവരും. വിദേശത്ത് ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്കും അല്‍പ്പം ക്ലേശം സഹിച്ചായാലും അതിനും വഴിയൊരുങ്ങും.
ആദിശൂലം കഴിഞ്ഞു വരുന്ന പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം എന്നീ ആറു നക്ഷത്രങ്ങളാണ് ആദിഷഡ്കം. ഈ ആറു നക്ഷത്രക്കാര്‍ക്കും ആഗ്രഹസാഫല്യവും ധനപരമായ ഉയര്‍ച്ചയും പ്രതീക്ഷിക്കാം. പ്രണയസാക്ഷാത്കാരം, ഉദ്യോഗത്തില്‍ ഉയര്‍ച്ച, വ്യാപാരപുരോഗതി, മെച്ചമായ ആരോഗ്യം എന്നിവയ്‌ക്കൊപ്പം പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും പ്രതീക്ഷിക്കാം. സ്വന്തം കഴിവ് എന്തെന്നു സ്വയംബോധ്യപ്പെടാനും അതിനനുസരിച്ച് ഉയരങ്ങളിലേക്ക് എത്തപ്പെടാനും ഈ വിഭാഗക്കാര്‍ക്ക് കഴിയുമെന്നതാണ് വലിയ നേട്ടം. പരീക്ഷാവിജയം, അവിവാഹിതര്‍ക്ക് വിവാഹം, കുടുംബകോടതി വ്യവഹാരങ്ങളില്‍ പരിസമാപ്തി, പുതിയ വീട്ടില്‍ കയറിക്കൂടല്‍ ഇങ്ങനെയുള്ള ഗുണാനുഭവങ്ങളും ഉണ്ടാകാം. മാതാപിതാക്കള്‍ക്ക് സന്താനങ്ങളെച്ചൊല്ലി സന്തോഷാഭിമാനങ്ങള്‍ക്കും വഴിതെളിയും. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ കടുത്ത അച്ചടക്കം നിലനിര്‍ത്തിയില്ലെങ്കില്‍ ധനപരമായ ക്ലേശങ്ങള്‍ വന്നുപെടാം.
തുടര്‍ന്നു വരുന്ന മൂന്നു നക്ഷത്രങ്ങള്‍(അത്തം, ചിത്തിര, ചോതി) ഇവയാണ് മധ്യശൂലം. ഈ മൂന്നു നാളുകാര്‍ക്കും അടുത്ത വിഷുവരെ സമയം ഗുണദോഷ സമ്മിശ്രമാവും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങളെയും ഇവര്‍ കരുതിയിരിക്കണം. കടബാധ്യത, വായ്‌പ്പാത്തിരിച്ചടവില്‍ വീഴ്ച, കൂട്ടുവ്യാപാരത്തില്‍ പങ്കാളികളുടെ വേര്‍പിരിയല്‍, ഭൂമി വില്‍പ്പനയിലും വാങ്ങലിലും തടസ്സങ്ങള്‍, രാഷ്‌ട്രീയതിരിച്ചടികള്‍ എന്നിവയ്‌ക്കൊപ്പം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം.
മധ്യശൂലം കഴിഞ്ഞുള്ള ആറു നക്ഷത്രങ്ങളാണ് മധ്യഷഡ്കത്തില്‍ വരിക. വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം എന്നീ ആറു നക്ഷത്രങ്ങള്‍. ഇവര്‍ക്ക് അടുത്ത വിഷു വരെയുള്ള ഒരു വര്‍ഷക്കാലം സാമാന്യേന ഗുണപ്രദമായ സമയമായാണ് കാണുന്നത്. തൊഴില്‍മേഖലയില്‍ അംഗീകാരം, കുടുംബൈശ്വര്യം, എഴുത്തുകാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ആദരം ഇങ്ങനെ സാമാന്യേന മെച്ചമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം.
തിരുവോണം, അവിട്ടം, ചതയം എന്നീ മൂന്നു നക്ഷത്രങ്ങളാണ് അന്ത്യശൂലത്തില്‍ വരിക. ഇവര്‍ക്ക് കുറച്ചധികം പ്രയാസങ്ങള്‍ക്കാണ് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച പരീക്ഷാഫലം ലഭിക്കണമെന്നില്ല. ഉന്നത വിജയത്തിനു പതിവില്‍ക്കവിഞ്ഞ പരിശ്രമം വേണ്ടിവരും. പലപ്രകാരത്തിലും ക്ലേശങ്ങള്‍, കോടതി വ്യവഹാരം, ആരോഗ്യം അത്ര മെച്ചമല്ലാത്ത അവസ്ഥ, വരവില്‍ കവിഞ്ഞ ചെലവ് എന്നിവ പ്രതീക്ഷിക്കണം. ഈ നക്ഷത്രക്കാരായ വയോധികര്‍ക്ക് ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും മോശമായേക്കാം.
അവസാന വിഭാഗമായ അന്ത്യഷഡ്കത്തില്‍ പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, അശ്വതി, ഭരണി, കാര്‍ത്തിക എന്നീ ആറു നാളുകളാണ് വരിക. ഈ നാളുകാര്‍ക്ക് ഫലം സാമാന്യേന മെച്ചമാവും. പ്രണയസാഫല്യം, തൊഴില്‍രഹിതര്‍ക്ക് താല്‍ക്കാലിക ജോലി, ആത്മീയ-വിനോദസഞ്ചാരം, സാമ്പത്തിക പുരോഗതി ഇവയൊക്കെ പ്രതീക്ഷിക്കാം. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ തേടി വലിയ അംഗീകാരങ്ങള്‍ എത്താം.
വിഷുഫലം മെച്ചമായതുകൊണ്ടു മാത്രം വര്‍ഷം മുഴുവന്‍ മെച്ചമാകണമെന്നോ ഫലം പ്രതികൂലമായതുകൊണ്ട് വര്‍ഷം മുഴുവന്‍ ദോഷമാകണമെന്നോ ഇല്ല. ജാതകത്തിലെ ഗ്രഹസ്ഥിതി, വിശേഷയോഗങ്ങള്‍, നക്ഷത്രദശാകാലവും അതിലെ നവഗ്രഹ അപഹാരഭുക്തികള്‍, ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി തുടങ്ങിയവയെല്ലാം വിഷുഫലത്തിലെ അനുഭവങ്ങളെ മാറ്റിമറിക്കാം. ഫലം മെച്ചമായാലും ദോഷമായാലും ഏവരും ഈശ്വരസ്മരണയോടെ മുന്നോട്ടു പോവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: