കോഴിക്കോട്: വായന മരിക്കുന്നില്ലെന്നും അത് ജീവിപ്പിച്ചു നിര്‍ത്തുകയും ഒരു ജീവിതകാലത്തു തന്നെ അനേക ഉണര്‍വ്വുകള്‍ നല്‍കുന്നതാണെന്നും പ്രജ്ഞാപ്രവാഹ് ദേശീയസംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു.
കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധുവിന്റെ ഛത്രപതി, ബുദ്ധന്‍ ചിരിക്കാത്ത കാലം, ജെ. നന്ദകുമാറിന്റെ ഹിന്ദുത്വം പുതിയകാലം എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിന്റെയും അക്ഷരസന്ധ്യയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ വായന ആത്മശുദ്ധീകരണത്തിന്റെയും നവീകരണത്തിന്റെയും സന്ദര്‍ഭമാണ്. വായന ആധ്യാത്മിക സാധനയായി എടുക്കുന്നവരെ സംബന്ധിച്ച് ഓരോ വായനയും തീര്‍ത്ഥസ്‌നാനമാണ്. സാഹിത്യമെന്നത് അനുകരണമാണെന്ന ധാരണയല്ല, മറിച്ച് സാഹിത്യം ഭാവങ്ങളുടെ പ്രതിനിധാനമാണ് എന്നതാണ് ഭാരതീയ സങ്കല്‍പ്പം. ആത്യന്തിക മുക്തി നേടിത്തരുന്നതാണ് സാഹിത്യം. സാഹിത്യം മോദിപ്പിക്കാന്‍ മാത്രമല്ല ബോധത്തിന് കൂടിയാണ് എന്നതാണ് പൗരസ്ത്യ സങ്കല്‍പ്പം.
എഴുതാതിരിക്കാന്‍ പറ്റില്ലെന്നു തോന്നുമ്പോള്‍ എഴുതുന്നതാണ് യഥാര്‍ത്ഥ എഴുത്തെന്നും അവയാണ് യഥാര്‍ത്ഥ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. നടി വിധുബാല ആധ്യക്ഷ്യം വഹിച്ചു. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ഫ്രാന്‍സിസ് ടി. മാവേലിക്കര, എ.ടി. സന്തോഷ്, ഡോ. എന്‍.ആര്‍. മധു, ഷാബുപ്രസാദ് എന്നിവര്‍ സംസാരിച്ചു. ബുദ്ധ ബുക്‌സാണ് ജെ. നന്ദകുമാറിന്റെ ഹിന്ദുത്വം പുതിയകാലം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. വേദ ബുക്‌സാണ് ഛത്രപതി, ബുദ്ധന്‍ ചിരിക്കാത്ത കാലം എന്നീ പുസ്തകങ്ങളുടെ പ്രസാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: