പൂക്കോട്: വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയുമായി സിബിഐ. മൃതദേഹത്തിന്റെ ഡമ്മി ഉള്‍പ്പെടെ തയാറാക്കിയാണ് പരിശോധന തുടരുന്നത്. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിയിലും ഫോറന്‍സിക് സംഘം പരിശോധന നടത്തി. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഐ ശാസ്ത്രീയ പരിശോധന നടത്തിയത്.
ഡിഐജി ലൗലി കത്യാറിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ഇന്നലെ രാവിലെ ഒമ്പതോടെ ഹോസ്റ്റലില്‍ എത്തിയത്. സംസ്ഥാന പോലീസിന് കീഴിലെ ഫോറന്‍സിക് ടീമും, സിബിഐയിലെ വിദഗ്ധരും സംഘത്തില്‍ ഉണ്ടായിരുന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച ഹോസ്റ്റലിന്റെ നടുത്തളം, ഇരുപത്തിയൊന്നാം നമ്പര്‍ മുറി എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതിനുശേഷമാണ് ഡോര്‍മെറ്ററിയിലെ ശുചി മുറിയില്‍ ശാസ്ത്രീയ പരിശോധന തുടങ്ങിയത്. ശുചിമുറിയുടെ ജനലിലാണ് സിദ്ധാര്‍ത്ഥനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമാനമായ ഡമ്മി ഉപയോഗിച്ചാണ് പരിശോധന തുടങ്ങിയത്.
സിദ്ധാര്‍ത്ഥന്റെ അതേ ഭാരവും ഉയരവുമുള്ള ഡമ്മിയാണ് ഇതിനായി ഉപയോഗിച്ചത്. മൃതദേഹം ആദ്യമായി കണ്ട വിദ്യാര്‍ത്ഥികളോട് ഉള്‍പ്പെടെ മൊഴിയെടുപ്പിന് ഹാജരാകാനുള്ള നിര്‍ദേശം സിബിഐ നല്‍കിയിട്ടുണ്ട്. കോളജ് മുന്‍ ഡീന്‍, അസിസ്റ്റന്റ് വാര്ഡന് തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. സിബിഐ എസ്പിമാരായ എ.കെ. ഉപാധ്യായ, സുന്ദര്‍വേല്‍ എന്നിവര്‍ക്കൊപ്പം നേരത്തെ കേസ് അന്വേഷിച്ചിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി എന്‍.കെ. സജീവനും സംഘത്തില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: