കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലം മാറ്റിയെന്ന സിപിഎമ്മിന്റെയും മുസ്ലിം സംഘടനകളുടേയും വാദം പൊളിയുന്നു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ആലപ്പുഴ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥലംമാറി പോയത്.
ആറുമാസം മുന്‍പ് തന്നെ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നെന്നും ഇതിന്റെ സ്വാഭാവിക നടപടി മാത്രമാണ് സ്ഥലംമാറ്റമെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. കെ.കെ. ബാലകൃഷ്ണനെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയെന്ന് സ്ഥാനക്കയറ്റം നല്‍കിയാണ് കാസര്‍കോട് നിയമനം നല്‍കിയത്. കാസര്‍കോട് നിയമനം ലഭിക്കുമ്പോള്‍ത്തന്നെ തെക്കന്‍ ജില്ലകളില്‍ ഒഴിവ് വരുമ്പോള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയില്‍ എഴുതിക്കൊടുത്താണ് കെ.കെ. ബാലകൃഷ്ണന് കാസര്‍കോട് ചാര്‍ജ് എടുത്തത്. അവിവാഹിതനായ ഇദ്ദേഹത്തിന് അമ്മ മാത്രമാണ് ഉള്ളത്. അതിനാല്‍ അമ്മയെ ചികിത്സിക്കാന്‍ എറണാകുളത്തും പരിസരത്തുള്ള ഏതെങ്കിലും കോടതിയില്‍ നിയമനം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കാസര്‍കോട്ട് നിയമിതനായപ്പോള്‍ റിയാസ് മൗലവി കേസ് മുമ്പിലെത്തി. പ്രോസിക്യൂഷന് വാദവും തെളിവുകളും പരിശോധിച്ച് ന്യായമെന്ന് തോന്നിയ വിധിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപിച്ച സമയത്താണ് ആലപ്പുഴയിലെ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിരമിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്നത്. ആ ഒഴിവിലേക്ക് അദ്ദേഹത്തെ നേരത്തെ നല്കിയ അപേക്ഷ പ്രകാരം പരിഗണിക്കുകയായിരുന്നു. പകരം ഗോപകുമാറിനെ സെഷന്‍സ് ജഡ്ജിയായി നിയമിച്ചു. വേനല്‍ അവധി കഴിഞ്ഞ് കാസര്‍കോട് ചാര്ജെടുക്കുത്തേക്കും. സത്യം ഇതായിരിക്കെ റിയാസ് മൗലവി വധക്കേസിലെ വിധി തെറ്റാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിയാസ് മൗലവിക്ക് വേണ്ടി വാദിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സന്തോഷം പ്രകടിപ്പിച്ച് നവമാധ്യമങ്ങളില്‍ പ്രതികരിച്ചത് ഈ വസ്തുതകള്‍ അറിഞ്ഞ് കൊണ്ട് തന്നെയാണ് എന്ന് വേണം കരുതാന്‍. ജഡ്ജിക്ക് നല്കിയ വിടുതല്‍ രേഖയിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പഴയ സിമി നേതാവ് കെ.ടി. ജലീലും പ്രതികരണവുമായി രംഗത്ത് വന്നത് വ്യക്തമായ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: