വാഷിങ്ടണ്‍: ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ അമേരിക്ക യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. സിറിയയിലെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇസ്രയേലിനെ സഹായിക്കാനായുള്ള അമേരിക്കയുടെ നീക്കം.
ഇസ്രായേലിന്റെ ആക്രമണത്തിന് ഇറാനില്‍ നിന്ന് ഉടന്‍ തിരിച്ചടിയുണ്ടായേക്കുമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നുമാണ് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് അമേരിക്ക ഇസ്രായേലിന് സൈനിക സഹായം നല്‍കുകയായിരുന്നു.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇറാന്റെ ആക്രമണമുണ്ടായേക്കാമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നുമാണ് റിപ്പോര്‍ട്ട്. ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേലിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ഒരുകാരണവശാലും ഇസ്രായേലിനെ ആക്രമിക്കരുതെന്ന് ഇറാനോടും നിര്‍ദേശിച്ചിട്ടുണ്ട്.
ആക്രമണമുണ്ടായാല്‍ ഡ്രോണുകളും മിസൈലുകളുമായിരിക്കും ഇറാന്റെ ആയുധങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ഇസ്രായേലിനൊപ്പം നില്‍ക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെയും, അമേരിക്കയുടെയും സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യുഎസ് സൈനിക സഹായങ്ങള്‍ അയച്ചത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിക്കുകയും ചെയ്തു. ചെങ്കടലില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും കപ്പല്‍വേധ മിസൈലുകളും പ്രതിരോധിക്കുന്ന യുഎസ്എസ് കാര്നിക്കാണ് യുദ്ധക്കപ്പലുകളിലൊന്ന്.
സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാനോട് ആവശ്യപ്പെടാന്‍ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഇറാഖ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരോടു യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ മൈക്കിള്‍ കുരുവിളയെ ബൈഡന് ഇസ്രായേലിലേക്ക് അയച്ചു.
എന്നാല്‍, ഇസ്രായേലില്‍ എവിടെയും ഏതു സമയത്തും ആക്രമണം നടക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണപദ്ധതി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നിലുണ്ടെന്നും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ആക്രമണഭീതി ഉടലെടുത്തതോടെ ലോകരാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ പൗരന്മാരോട് ഇറാനിലേക്കും ഇസ്രായേലിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നല്കി. സാഹചര്യം വഷളായതോടെ ഇസ്രായേലിലെ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. വൈദ്യുതി തടസപ്പെടുമെന്നതിനാല്‍ ജനറേറ്ററുകളും വന്‍തോതില്‍ വിറ്റഴിയുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: