നാഗർകോവിൽ : തിരഞ്ഞെടുപ്പ് റാലിയിൽ ഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെക്കുറിച്ച് ഡിഎംകെ മോശം പരാമർശങ്ങൾ നടത്തിയെന്ന് അദ്ദേഹം കന്യാകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ തുറന്നടിച്ചു.
“സനാതന ധർമ്മത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തി ഡിഎംകെ പാർട്ടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഭരണം എല്ലാവരേയും ബഹുമാനിക്കുകയും ഐക്യത്തിൽ വിശ്വസിക്കുകയും ചെയ്തുവെന്ന് ബിജെപി സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണനെ പിന്തുണച്ച് കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ റോഡ്ഷോയിൽ ഷാ പറഞ്ഞു.
തന്റെ പ്രചാരണ വാഹനത്തിൽ നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത ഷാ ശ്രീരാമന്റെ പേര് വിളിച്ചു കൊണ്ടാണ് യോഗത്തിന് തുടക്കം കുറിച്ചത്. തക്കലെ മേട്ടുകട ജംഗ്ഷനിൽ നിന്ന് കന്യാകുമാരി പഴയ ബസ് സ്റ്റാൻഡിലേക്ക് നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.
പാർട്ടി പ്രവർത്തകർ വീണ്ടും മോദി , ഭാരത് മാതാ കീ ജയ് , പൊന്നാർ വീണ്ടും എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുകയും താമര ചിഹ്നം കൈകളിലേന്തിയാണ് റാലിയിൽ പങ്കെടുത്തത്. മുൻ കേന്ദ്രമന്ത്രി കൂടിയായ രാധാകൃഷ്ണനെ അനുയായികൾ സ്നേഹപൂർവ്വം വിളിക്കുന്നത് പൊന്നാർ എന്നാണ്.
മോദി രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഷാ പ്രസംഗത്തിൽ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിക്ക് 400-ലധികം സീറ്റുകൾ എന്ന് ഉച്ചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിളവങ്കോട് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി വി എസ് നന്ദിനിക്ക് വോട്ട് ചെയ്ത് വിജയം ഉറപ്പാക്കണമെന്നും ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും വ്യാപകമായ അഴിമതി തമിഴ്‌നാടിനെ ബാധിച്ചു. ഈ അഴിമതി പാർട്ടികളിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കണമെന്നും പരിവർത്തനത്തിന് ബിജെപിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.
മോദി ജിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനും ഭാരതത്തെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. കന്യാകുമാരിയും വിജയഗാഥയുടെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: