രാജ്യത്തെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ. ബ്ലൂ ഒറിജിന്റെ NS-25 ദൗത്യത്തിലാകും ഇന്ത്യൻ പ്രവാസിയായ ഗോപി തോട്ടക്കൂറയും പങ്കാളിയാകുക. ഇതോടെ രാജ്യത്ത് നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയെന്ന നോട്ടം ഇദ്ദേഹം സ്വന്തമാക്കും.ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് ആണ് ബ്ലൂ ഒറിജിൻ. ഈ മാസം അവസാനത്തോടെ ബ്ലൂ ഒറിജിൻ NS-25 ദൗത്യം വിക്ഷേപിക്കും.
ദൗത്യത്തിൽ ബഹിരാകാശത്തേക്ക് കുതിക്കുന്ന ആറ് ക്രൂ അംഗങ്ങളിലാണ് ഇദ്ദേഹവും ഉൾപ്പെടുന്നത്. 1961-ൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി എയറോസ്പേസ് റിസർച്ച് പൈലറ്റ് സ്‌കൂളിൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി എഡ് ഡൈ്വറ്റിനെ തിരഞ്ഞെടുത്തിരുന്നു. അന്ന് ഇദ്ദേഹം ബഹിരാകാശത്തേക്ക് സഞ്ചരിച്ചില്ലെങ്കിലും ഈ ദൗത്യത്തിന്റെ ഭാഗമാകും. കൂടാതെ മോസൺ ഏഞ്ചൽ, സിൽവെയിൻ ചിറോൺ, കെന്നത്ത് എൽ ഹെസ്, കരോൾ ഷാലർ എന്നിവരാണ് മറ്റ് ക്രൂ അംഗങ്ങൾ.
പൂർണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന ന്യൂ ഷെപ്പേർഡ് റോക്കറ്റിനായുള്ള ആദ്യ ക്രൂ വിമാനമായിരിക്കും ബ്ലൂ ഒറിജിൻ ചട25. കമ്പനിയുടെ ബ്ലൂ എഞ്ചിൻ 3 ഉപയോഗിച്ചാണ് പുനരുപയോഗിക്കാൻ സാധിക്കുന്ന റോക്കറ്റ് പ്രവർത്തിക്കുക. ഓരോ ബഹിരാകാശ യാത്രികർക്കും വിൻഡോ സീറ്റ് ലഭിക്കും. കൂടാതെ ദൗത്യത്തിൽ പൈലറ്റ് ഉണ്ടാകില്ല.
ബഹിരാകാശത്തേക്ക് സഞ്ചരിക്കാൻ ലക്ഷ്യം വയ്‌ക്കുന്ന ആദ്യ ഇന്ത്യൻ പൗരനല്ല ഗോപി തോട്ടക്കൂറ. ട്രാവൽ ആൻഡ് ഡോക്യുമെന്ററി നിർമ്മാതാവ് സന്തോഷ് ജോർജ്ജ് കുളങ്ങര വിർജിൻ ഗലാക്റ്റിക് ബഹിരാകാശ വിമാനത്തിൽ സഞ്ചരിക്കുന്നതിനായി പണം നൽകിയിരുന്നു. ഇതിനോടനുബന്ധിച്ച് അദ്ദേഹം ഒന്നിലധികം പരിശീലനങ്ങളും നടത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഗോപി തോട്ടക്കൂറ ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജോർജിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിസർവ് ലൈഫ് കോർപ്പറേഷന്റെ സഹസ്ഥാപകനാണ് അദ്ദേഹം. അന്താരാഷ്‌ട്ര മെഡിക്കൽ ജെറ്റ് പൈലറ്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സരള ബിർള അക്കാദമിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഫ്ളോറിഡയിലെ ഡേടോണ ബീച്ചിലുള്ള എംബ്രി-റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എയറോനോട്ടിക്കൽ സയൻസിൽ ബിരുദം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: