മന്ത്രിമാരുടെ ഓഫീസ്സ്റ്റാഫില്‍ കയറിക്കൂടിയാല്‍ ജീവിതാവസാനം വരെ പെന്‍ഷന്‍. രണ്ടു വര്‍ഷം ഇരുന്നാല്‍ മതി. ലോകത്തെവിടെയുമില്ലാത്ത ഈ അവകാശം ഔദാര്യമെന്ന് സര്‍ക്കാരിന് തോന്നിയിട്ടേയില്ല. അത് അവകാശമാണത്രെ. ഇത് നിര്‍ത്തിക്കൂടെയെന്ന് ഭരണത്തലവനായ ഗവര്‍ണര്‍ പലകുറി ചോദിച്ചു. ‘ങ്ങേഹെ’ എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയിട്ടുണ്ട്. പക്ഷേ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് ഇതിനൊരു കോട്ടവും വരുത്തിയിട്ടില്ല. പണമില്ലാപൊട്ടൊന്നും ഇവരുടെ പെന്‍ഷന്‍ കാര്യത്തില്‍ ഉണ്ടായിട്ടേയില്ല. മറ്റൊരു കൂട്ടര്‍ക്ക് പെന്‍ഷനുണ്ട്. അതു പക്ഷേ അവകാശമൊന്നുമല്ല അതിന്റെ കഥ ചുവടെ പറയാം.
നിയമസഭാംഗങ്ങളുടെ ചികിത്സാ സഹായമുണ്ട്. അതിന് പരിധിയില്ലാത്ത റിഇംപേഴ്‌സ്‌മെന്റുണ്ട്. മുടക്കം കൂടാതെ ഇപ്പോഴും നല്‍കുന്നു. 1.9കോടി വരെ റിഇംപേഴ്‌സ്‌മെന്റ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അല്ലേ. വിശ്വസിച്ചാലേ പറ്റൂ. മുഖ്യമന്ത്രി പരിവാരസമേതം അമേരിക്കയില്‍ ചികിത്സ നടത്തി. അതിനും എഴുതി വാങ്ങി മുക്കാല്‍ കോടിയോളം. അമേരിക്കന്‍ നിലവാരത്തിലാണ് കേരളത്തിലെ ആശുപത്രികളെന്ന് കുത്തും കോമയുമില്ലാതെ വച്ച് കാച്ചും. പക്ഷേ അതൊക്കെ കേള്‍ക്കുന്നവര്‍ക്ക് ചികിത്സിക്കാന്‍ മാത്രം. പക്ഷേ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അംഗങ്ങള്‍ക്കും രോഗം വന്നാല്‍ മാറണമെങ്കില്‍ പറന്നേ പറ്റൂ. അതിനെത്രയായാലും കുഴപ്പമില്ല. അതൊക്കെ അവകാശമാണ്. ഔദാര്യമല്ല.
വീട് നന്നാക്കാനും കുട നന്നാക്കാനും കുളം നന്നാക്കാനും മതിലിന് ഉയരം കൂട്ടാനും ഒറ്റനില വീടിന് ലിഫ്റ്റ് വയ്‌ക്കാനും ലക്ഷങ്ങളും കോടികളും ചെലവാക്കാം. അതൊക്കെ അവകാശമാണ്. ഔദാര്യമല്ല. മന്ത്രി മന്ദിരങ്ങളില്‍ മരപ്പട്ടിയാണ് ഇപ്പോഴത്തെ വില്ലന്‍. ഒരു കടലാസ് പോലും വയ്‌ക്കാന്‍ പറ്റുന്നില്ലത്രെ. കണ്ടോണ്ട് നില്‍ക്കെ അതൊക്കെ നനഞ്ഞിരിക്കും.
2018ലെ മലവെള്ളപ്പൊക്കമല്ല. അതൊക്കെ മരപ്പട്ടി ഉണ്ടാക്കുന്ന ഏടാകൂടമാണ്. മൂത്രമൊഴിക്കും. ശല്യം രൂക്ഷമാണ്. മരപ്പട്ടി മൂത്രമൊഴിച്ചാലെങ്ങനെ, അതും തടയണം. മന്ത്രിമന്ദിരങ്ങളില്‍ മാത്രമല്ല തനിക്കും ഈ പ്രശ്‌നമുണ്ടെന്ന ന്യായമാണ് പ്രതിപക്ഷനേതാവിനും. മന്ത്രിമന്ദിരങ്ങള്‍ക്കും തന്റെ വീടിനും മരപ്പട്ടിയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സംവിധാനം ഒരുക്കണമെന്ന് പ്രതിപക്ഷനേതാവ്.
തലസ്ഥാനത്തെ ഒട്ടുമിക്ക വീടുകളിലും മരപ്പട്ടിശല്യമുണ്ട്. പെരുച്ചാഴി ചാട്ടവുമുണ്ട്. പറഞ്ഞിട്ടെന്തുകാര്യം അതിനെ തടയാനൊന്നും സര്‍ക്കാര്‍ സംവിധാനം കിട്ടത്തില്ല. അത് അവകാശമല്ല. മന്ത്രിമാര്‍ക്ക് മാത്രമുള്ള അവകാശം മാലോകര്‍ക്ക് വകവച്ചുകൊടുക്കുന്നതെങ്ങനെ. പശുവിശുദ്ധ മൃഗമാണ്. അതിനെ ക്ലിഫ്ഹൗസില്‍ പോറ്റുന്നതും പോറ്റാനായി വാങ്ങുന്നതും പുണ്യകര്‍മ്മമല്ലെ. അതിന്റെ ചാണകവും പരിശുദ്ധമല്ലെ? സംഘികളെ സഖാക്കള്‍ ചാണകമെന്ന് പറഞ്ഞാണ് ആക്ഷേപിക്കാറുള്ളത്. പക്ഷേ അത് ക്ലിഫ്ഹൗസിലേതാകുമ്പോള്‍ പുച്ഛമല്ല പുണ്യമാണ്. അതുകൊണ്ടാണല്ലോ ചാണകം സൂക്ഷിക്കാന്‍ പശുത്തൊഴുത്തിനൊപ്പം സംവിധാനമൊരുക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയത്.
2019ല്‍ മന്ത്രി കെ.റ്റി ജലീല്‍ അവതരിപ്പിച്ച മദ്രസ വെല്‍ഫേര്‍ ബില്‍ ഉണ്ട്. അതില്‍ പറയുന്ന ആനുകൂല്യങ്ങള്‍ ഒന്നും ഔദാര്യമായി കാണരുത്. അതൊക്കെ അവകാശമാണ്. അതെന്തൊക്കെയാണെന്ന് നോക്കാം. 21-6-19ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. അതിന്‍പ്രകാരം പെന്‍ഷന്‍ പ്രായം 65ല്‍ നിന്ന് 60 ആക്കി.
പെന്‍ഷന്‍ ആനുകൂല്യം 500 രൂപയില്‍ നിന്ന് 1500 രൂപയാക്കി. 5 വര്‍ഷത്തേക്കാണിത്. അധികം വരുന്ന ഓരോ വര്‍ഷത്തിനും15 ശതമാനം വരെ ഉയര്‍ത്തി 7500 രൂപയാക്കി പെന്‍ഷന്‍. പ്രൊഫഷണല്‍ കോളജ് വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കും. വിവാഹം സഹായം 10000 രൂപയില്‍ നിന്ന് 250000 രൂപയാക്കി. രണ്ടു ലക്ഷം രൂപ വരെ വിവാഹാവശ്യത്തിന് പരിശ രഹിത വായ്പ നല്‍കും. 50 മാസംകൊണ്ട് തിരിച്ചടച്ചാല്‍ മതി. കുടുംബ പെന്‍ഷന്‍ 50000 രൂപവരെ മരണസഹായം. 32 ലക്ഷം രൂപവരെ ക്ഷേമനിധികാര്യാലയത്തിന് നല്‍കും. ഇതൊന്നും ഔദാര്യമല്ല കേട്ടോ. ക്ഷേമപെന്‍ഷന്‍ സഹായം മാത്രം; അവകാശമല്ലെന്നാണ് സര്‍ക്കാരിന്റെ സത്യവാചകം.
ഇന്ധനത്തിനും മദ്യത്തിനും സെസ് വാങ്ങിയിട്ടും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണെന്നതിനാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്. നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷന്‍. സര്‍ക്കാരിന്റെ സാമ്പത്തിക അവസ്ഥയാണ് നിലവില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള തടസം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സമയത്ത് പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത് ഹൈക്കോടതിയില്‍. പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടി വാര്‍ത്താചാനലില്‍ സ്ഥാനം പിടിച്ചത് മിച്ചം. അതിലപ്പുറമൊരു അവകാശവുമില്ല ആ പോരാട്ടത്തിനെന്ന് സാരം.
ക്ഷേമ പെന്‍ഷനുകള്‍ അത് വികലാംഗനാകട്ടെ, വിധവയാകട്ടെ, വാര്‍ധക്യകാല പെന്‍ഷനാകട്ടെ എല്ലാം കണക്കുതന്നെ. സര്‍ക്കാര്‍ തരുന്ന ഔദാര്യം. അവകാശമായി കാണാനാകില്ലെന്നും സര്‍ക്കാരിന്റെ നയതീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അതു വിതരണം ചെയ്യുന്നതെന്നും മനസ്സിലാക്കണം. എപ്പോള്‍, എത്ര തുക നല്‍കണമെന്നു തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. പെന്‍ഷന്‍ നല്‍കാന്‍ സെസ് പിരിച്ചു എന്നുവച്ച് അതു നിയമം അനുശാസിക്കുന്നതാകുന്നില്ലെന്നും വിശദീകരണം.
ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എ.എ.ഷിബി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു ധനകാര്യ അണ്ടര്‍ സെക്രട്ടറി ജോസ് വി. പേട്ടയുടെ വിശദീകരണം. പേര് പെന്‍ഷന്‍ എന്നാണെങ്കിലും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സഹായമാണത്;. സ്റ്റാറ്റിയൂട്ടറി, ഗ്രാറ്റുവിറ്റി പെന്‍ഷനുകള്‍ പോലെയല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വയലത്ത് ജോസഫ് ജീവനൊടുക്കിയതു പെന്‍ഷന്‍ കിട്ടാത്തതു കൊണ്ടാണെന്നു പറയുന്നത് ഉചിതമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സത്യവാങ്മൂലത്തിലെ സര്‍ക്കാരിന്റെ ഗീര്‍വാണങ്ങള്‍
1.ദേശീയ പദ്ധതികള്‍ക്കു കീഴിലുള്ള വാര്‍ധക്യ, വിധവ, വികലാംഗ പെന്‍ഷനുകള്‍ക്കു തുച്ഛമായ തുക മാത്രമാണു കേന്ദ്രം അനുവദിക്കുന്നത്. ഒരു വ്യക്തിക്കുള്ള 1600 രൂപയില്‍ പരമാവധി 500 രൂപയാണു കേന്ദ്രവിഹിതം.
2 സംസ്ഥാനത്ത് 41 ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ടെങ്കിലും കേന്ദ്ര മാനദണ്ഡങ്ങള്‍ ബാധകമായ, ദാരിദ്ര്യ രേഖയ്‌ക്കു താഴെയുള്ള 7 ലക്ഷം പേര്‍ക്കു മാത്രമാണു കേന്ദ്ര സഹായം.
3. ദേശീയ പദ്ധതിയില്‍പെട്ട 3 പെന്‍ഷനുകള്‍ക്കു പുറമേ 3 ലക്ഷം കര്‍ഷക തൊഴിലാളികള്‍ക്കും 50 കഴിഞ്ഞ 76,000 അവിവാഹിതര്‍ക്കും സംസ്ഥാനം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതിനു കേന്ദ്ര സഹായമില്ല.
4. ആകെ 5 വിഭാഗം ക്ഷേമ പെന്‍ഷനുകളില്‍ 45 ലക്ഷം ഗുണഭോക്താക്കള്‍ക്കു വിതരണത്തിനു പ്രതിമാസം 900 കോടി രൂപ വേണം. കൂടാതെ ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണത്തിന് 90 കോടി രൂപയും വേണം.
5. 2016 മാര്‍ച്ച് മുതല്‍ 2023 സെപ്റ്റംബര്‍ വരെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കിയത് 52,862 കോടി രൂപയാണ്. സെസ് പിരിച്ചെടുത്തതിന്റെ 10 മടങ്ങ് പെന്‍ഷന്‍ ആവശ്യത്തിനു വേണം. മദ്യത്തിന് സെസ് ഏര്‍പ്പെടുത്തിയതു മുതല്‍ 2023 നവംബര്‍ 30 വരെ 139.92 കോടി രൂപ പിരിച്ചു. ഇന്ധന സെസ് ഇനത്തില്‍ 600.78 കോടിയും. രണ്ടും ചേര്‍ത്ത് നവംബര്‍ 30 വരെ കിട്ടിയത് ഏകദേശം 740 കോടി.
6. പെന്‍ഷന്‍ പദ്ധതികളിലുള്ള 50 ലക്ഷം ഗുണഭോക്താക്കളില്‍ അര്‍ഹതപ്പെട്ട 48.17 ലക്ഷം പേര്‍ക്കു സെപ്തംബറിലെ തുക വിതരണം ചെയ്തു. ഇതില്‍ 6.68 ലക്ഷം പേര്‍ മാത്രമാണു ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളത്.
അത്രയും പേരെങ്കിലും ദാരിദ്ര്യരേഖയ്‌ക്ക് കീഴേ ഉണ്ടെന്ന് സമ്മതിച്ചല്ലോ. അതു തന്നെ ഭാഗ്യം. കേരളം എന്നാല്‍ ‘ദരിദ്രരില്ലാത്ത രാജ്യ’മെന്ന പൊങ്ങച്ചം അങ്ങിനെയെങ്കിലും പൊളിച്ചല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: