ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്സിക്ക് കനത്ത പ്രഹരം. യൂറോപ്പ ലീഗ് ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വമ്പന്‍ പടയുടെ പരാജയം.
വെസ്റ്റ് ഹാം യുണൈറ്റഡിന്റെ മുന്‍ താരം ജിയാന്‍ലുക്ക സ്കമാക്ക രണ്ട് പാതികളിലായി നേടിയ ഇരട്ട ഗോളിന്റെയും മുന്‍ ചെല്‍സി താരം മാരിയോ പസാലിച്ചിന്റെയും ഗോളിലാണ് അറ്റ്ലാന്റ അട്ടിമറി ജയം സ്വന്തമാക്കിയത്.
സീസണ് അവസാനിപ്പിക്കുന്നത് മൂന്ന് യൂറോപ്യന്‍ കിരീടവുമായ് ആയിരിക്കുമെന്ന ലിവര്‍ പ്രതീക്ഷകള്‍ക്ക് തോല്‍വിയോടെ കനത്ത മങ്ങലേറ്റു. സീസണ് അവസാനിക്കുന്നതോടെ ക്ലബ്ബിന്റെ ചുമതലയില്‍ നിന്നൊഴിയുമെന്ന് ലിവര്‍ പരിശീലകന് യര്‍ഗന്‍ ക്ലോപ്പ് മാസങ്ങള്‍ക്ക് മുമ്പേ വ്യക്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ മാനേജര്‍മാരിലൊരാളായ ക്ലോപ്പിന് വിരോചിതമായ വിടവാങ്ങല്‍ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ലിവര്‍പൂള്‍ താരങ്ങളും. അതിനിടെയാണ് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്.
കളിയുടെ 70 ശതമാനം സമയവും ലിവര്‍പൂളിന്റെ കാല്‍ക്കീഴിലായിരുന്നു പന്ത്. 19 തവണ അറ്റ്ലാന്റ ഗോള്‍ മുഖത്തേക്ക് മുന്നേറി. പക്ഷെ ഒരു തവണ പോലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ലിവര്‍ സംഘത്തിന് സാധിച്ചില്ല. കരുത്തന് ലൈനപ്പിനെതിരെ കരുതലോടെ പൊരുതിയാണ് അറ്റ്ലാന്റ വിജയം പിടിച്ചെടുത്തത്. അവരുടെ പ്രതിരോധനിര കൃത്യമായ കാര്യങ്ങള്‍ നിര്‍വഹിച്ചു. ഒപ്പം കിട്ടിയ അവസരത്തില്‍ കൂട്ടത്തോടെ നയിച്ച മുന്നേറ്റങ്ങള്‍ ഫലം കാണുകയായിരുന്നു. അറ്റ്ലാന്റയുടെ മുന്നേറ്റ അവസരങ്ങളിലെല്ലാം രണ്ടോ അതിലധികമോ സ്ട്രൈക്കര്‍മാര്‍ ഒരേ സമയം ഓടിക്കയറുന്ന കാഴ്ച്ചയാണ് കണ്ടത്. ഇവിടെ ലിവര്‍ പ്രതിരോധ നിരയ്ക്ക് അടിമുടി പിഴയ്ക്കുകയായിരുന്നു. താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതിലെ പാളിച്ച അറ്റ്ലാന്റ നന്നായി മുതലെടുത്തു. അറ്റ്ലാന്റ മൂന്ന് ഗോളുകള്‍ നേടിയപ്പോഴും ലിവര്‍ ഗോളിയെ ആശയക്കുഴപ്പത്തിലാക്കാന്‍ അവരുടെ മുന്നേറ്റ നിരയ്ക്ക് സാധിച്ചിരുന്നു.
38-ാം മിനിറ്റിലാണ് സ്കമാക്കയുടെ ആദ്യ ഗോള്‍ കണ്ടത്. ആന്‍ഫീല്‍ഡിന്റെ ഗാലറിയില്‍ ഇരിപ്പുറപ്പിച്ച ആരാധകര്‍ അപ്പോള്‍ ആശ്വസിച്ചു. രണ്ടാം പകുതിയില്‍ ഇത് ഇരട്ടിക്കിരട്ടിയായി ലിവര്‍ തിരിച്ചടിക്കുമെന്ന് ആത്മവിശ്വാസംകൊണ്ടു. പക്ഷെ സംഭവിച്ചത് തിരിച്ചാണ്. 60-ാം മിനിറ്റായപ്പോള്‍ വീണ്ടും സ്കമാക്ക. അറ്റ്ലാന്റയുടെ ലീഡ് ഇരട്ടിപ്പിച്ചു. ഒടുവില്‍ 83-ാം മിനിറ്റിലെത്തിയപ്പോഴായിരുന്നു മാരിയോ പസാലിച്ചിന്റെ വക മൂന്നാം ഗോള്‍. ഇന്‍ജുറി ടൈം അടക്കം പിന്നെയും പത്ത് മിനിറ്റിലേറെ നീണ്ട കളിയില്‍ ലിവറിന് ഒന്നും ചെയ്യാനായില്ല.
വ്യാഴാഴ്ച്ച ബെര്‍ഗാമോയില്‍ ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ കാണും. ക്വാര്‍ട്ടറിലെ രണ്ടാം പാദ പോരിനായി. ലിവര്‍പൂള്‍ ഈ സീസണില്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണ ദിവസമായിരിക്കും അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: