വാസ്തുശാസ്ത്രപരമായി വീടിന്റെ മുറ്റത്ത് കുഴികള്‍ പാടില്ല, വീടിനകത്ത് മൂലകളില്‍ ശുചിമുറി നിര്‍മിക്കുവാന്‍ പാടില്ല എന്ന് പറയുന്നത് എന്താണ്?
ഒരു വീടിനാവശ്യമായ ഊര്‍ജപ്രവാഹം വരുന്നത് കുഴികള്‍ ഉണ്ടെങ്കില്‍ ഇതുവഴി എര്‍ത്ത് ആകാന്‍ സാധ്യതയുണ്ട്. വീടിന്റെ മൂലകളില്‍ ശുചിമുറി പണിഞ്ഞിരുന്നാല്‍ വീടിന് ചുറ്റും സഞ്ചരിച്ച് വരുന്ന ഊര്‍ജപ്രവാഹവും എര്‍ത്ത് ആകാന്‍ സാധ്യതയുണ്ട്. വീടിനുള്ളില്‍ ശുചിമുറികള്‍ പണിയുമ്പോള്‍ ക്ലോസറ്റ് ഒന്നുകില്‍ തെക്ക് വടക്കായിട്ടോ വടക്ക് തെക്കായിട്ടോ വരത്തക്കരീതിയില്‍ സ്ഥാപിക്കണം. ഷവര്‍, ടാപ്പുകള്‍ എന്നിവ വടക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ആയിരിക്കണം. ഹീറ്ററുകള്‍ സ്ഥാപിക്കുന്നത് ശുചിമുറിയുടെ തെക്കുകിഴക്കേ മൂലയിലായിരിക്കണം. ശുചിമുറിയിലെ വെള്ളംവാര്‍ന്നു പോകുന്നത് വടക്കോട്ടോ, കിഴക്കോട്ടോ ആകുന്നതാണ് ഉത്തമം. തെക്ക് ഭാഗത്തേക്ക് മലിനജലം ഒരു കാരണവശാലും ഒഴുക്കിവിടരുത്. വീടിനകത്തുള്ള ശുചിമുറികള്‍ വാസ്തുശാസ്ത്രപരമായി നിര്‍മിക്കുന്നതാണ് നല്ലത്.
ഇരുനില കെട്ടിടത്തിന് പൂജാമുറി എവിടെ വേണം?
വീടിന്റെ പൂജാമുറി ഭൂമിയുമായി ബന്ധപ്പെട്ട് താഴത്തെ നിലയില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം. പൂജാമുറിയില്‍ പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള്‍ നിന്ന് തൊഴേണ്ടത് കിഴക്കോട്ടും ആകുന്ന താണ് ഉത്തമം. ഇതിന് തടസമുള്ളവര്‍ കിഴക്കോട്ട് പടം വയ്‌ക്കുന്നതിലും തെറ്റില്ല. പൂജാമുറി പണിയുന്നതിന് സ്ഥലമില്ലാത്തവര്‍ക്ക് കുടുംബിനിയുടെ കണ്ഠത്തിന് താഴെവരത്തക്ക രീതിയില്‍ സ്റ്റാന്‍ഡ് സ്ഥാപിച്ച് പടങ്ങള്‍വച്ച് വിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല. ഈ രീതി ക്രമീകരിക്കുമ്പോള്‍ പ്രസ്തുത ഗൃഹാന്തരീക്ഷത്തിന് അനുസരണമായിത്തന്നെ ആയിരിക്കണം. മരിച്ചുപോയവരുടെ പടങ്ങള്‍ ഒരു കാരണവശാലും പൂജാമുറിയില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം സ്ഥാപിക്കരുത്.
വീടുവയ്‌ക്കാന്‍ പ്ലാന്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
ഒരു നല്ല ആര്‍ക്കിടെക്റ്റിനെ കൊണ്ട,് നമ്മള്‍ വീട് വയ്‌ക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി അളന്ന് എന്തെല്ലാം സൗകര്യങ്ങള്‍ വീടിനുള്ളില്‍ വേണമെന്ന് പറഞ്ഞ് കൊടുത്ത് റഫ് ആയി പ്ലാന്‍ വരപ്പിക്കേണ്ടതാണ്. ഈ പ്ലാന്‍ കുടുംബാംഗങ്ങള്‍ മൊത്തം നോക്കി ചര്‍ച്ച ചെയ്തശേഷം വാസ്തുവിദഗ്‌ദ്ധനെ കാണിച്ച് പ്ലാനില്‍ അവശ്യം വേണ്ട മാറ്റങ്ങള്‍ മാര്‍ക്ക് ചെയ്ത് വാങ്ങേണ്ടതാണ്. അതിനുശേഷം ഫൈനലായി പ്ലാന്‍ വരച്ച് അംഗീകരിച്ച് വാങ്ങണം. പ്രധാന ബെഡ്‌റൂമുകള്‍ എല്ലാംതന്നെ തെക്ക് ഭാഗത്തും വടക്ക് പടിഞ്ഞാറ് ഭാഗത്തും വരേണ്ടതാണ്. പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തും കാര്‍പോര്‍ച്ച് തെക്ക് കിഴക്ക് ഭാഗത്തു വരുന്നതാണ് ഉത്തമം.
വീടിനു ഫൗണ്ടേഷന്‍ കെട്ടിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ വാടകവീട്ടിലാണു താമസിക്കുന്നത്. വീടിന്റെ പണി തുടരാന്‍ പല രീതിയിലുള്ള തടസങ്ങള്‍ നേരിടുന്നു. ഇപ്പോഴത്തെ തടസം ഹൈവേ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ്. ഫൗണ്ടേഷന്റെ അഞ്ചടി സമീപം വരെ വീതി കൂട്ടി വരികയാണ്. ഫൗണ്ടേഷന്‍ പിറകിലേക്കു മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. വാസ്തുശാസ്ത്രം അറിയുന്ന ഒരാളുടെ അഭിപ്രായത്തില്‍, കെട്ടിയിട്ടുള്ള ഫൗണ്ടേഷന്റെ ചുറ്റളവു കണക്കു തെറ്റാണെന്ന് പറയുന്നു. ഇതിനെന്താണു പോംവഴി?
വീടുകള്‍ പണിയുവാന്‍ ഫൗണ്ടേഷന്‍ പണി പൂര്‍ത്തിയാക്കി ഇതുപോലെ കിടക്കുന്ന ധാരാളം അനുഭവങ്ങള്‍ ഉണ്ട്. ചിലതു ഭാവിയില്‍ അവര്‍ക്ക് അനുകൂലമായി വരും. ചിലതു പ്രതികൂലമായും വരും. ഇവിടെ, അഞ്ചു വര്‍ഷത്തിന് മുമ്പുതന്നെ കെട്ടിടം പണി പൂര്‍ത്തിയായെങ്കില്‍ വാസ്തുപരമായ ചുറ്റളവിനു എതിരായ കണക്കില്‍ നില്‍ക്കുന്ന വീടിനു പല തരത്തിലുള്ള കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നു. ഇപ്പോള്‍ ഹൈവേ വരുന്നതു കാരണം ഫൗണ്ടേഷന്‍ പിറ കിലേക്കു മാറ്റുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇപ്പോഴത്തെ നഷ്ടം വരുംകാലത്തു ലാഭമായി മാറും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: