കിഴുവിലം: കെ റെയില്‍ അനുകൂലികള്‍ക്ക് വോട്ടില്ലെന്നും സമരകാലത്ത് നാട്ടുകാര്‍ക്കൊപ്പം നിന്ന വി. മുരളീധരനാണ് വോട്ടെന്നും പ്രഖ്യാപിച്ച് പ്രായം തളര്‍ത്താത്ത ആവേശവുമായി പൊയ്കവിള നിവാസികള്‍ വി. മുരളീധരനെ സ്വീകരിക്കാനെത്തി. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി. മുരളീധരന് പര്യടനത്തിനിടയില്‍ കിഴുവിലം പഞ്ചായത്തിലെ പൊയ്കവിളയില്‍ എത്തിയപ്പോഴാണ് പ്രായം നൂറ്റാണ്ട് പിന്നിട്ട സരസ്വതി അടക്കം നാട്ടുകാരൊന്നാകെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത്.
കെ റെയിലിന്റെ പേരില്‍ മഞ്ഞക്കുറ്റിയിട്ട് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കാന്‍ തുടങ്ങിയപ്പോള്‍ വി. മുരളീധരന് കിഴുവിലത്തെ ജനങ്ങളെ ആശ്വസിപ്പിക്കാനും അവരോടൊപ്പം നില്‍ക്കാനും പൊയ്കവിളയില്‍ എത്തിയിരുന്നു. അത് ഓര്‍മിച്ചും നന്ദി അറിയിച്ചുമാണ് നാട്ടുകാര്‍ മുരളീധരനെ സ്വീകരിക്കാന്‍ എത്തിയത്. കെ റെയിലിനെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒരുതരത്തിലും അനുകൂലിക്കില്ലെന്ന് വി. മുരളീധരന് നാട്ടുകാര്‍ക്ക് ഉറപ്പു നല്കി. നീണ്ട കരഘോഷത്തോടെയാണ് നാട്ടുകാര്‍ വി. മുരളീധരന്റെ ഉറപ്പിനെ സ്വാഗതം ചെയ്തത്. വി. മുരളീധരന് ഇന്നലെ പര്യടനം നടത്തിയ കടയ്ക്കാവൂര്‍, കിളിമാനൂര്‍ മണ്ഡലങ്ങളിലായിരുന്നു. എല്ലായിടത്തും ആവേശകരമായ സ്വീകരണം.
കായിക്കരയിലെ കുമാരനാശാന്റെ പൂര്‍ണകായ പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് നെടുങ്ങണ്ട ഒന്നാം പാലത്തില്‍ നിന്നും ആരംഭിച്ച പര്യടനം അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, കിഴുവിലം പഞ്ചായത്തുകളിലും കിളിമാനൂര്‍ മണ്ഡലത്തില്‍ കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, പുളിമാത്ത് ഗ്രാമ പഞ്ചായത്തുകളിലും പര്യടനം നടത്തി. മധുരം നല്‍കിയും ആരതി ഉഴിഞ്ഞും തിലകം ചാര്‍ത്തിയും, കണിക്കൊന്ന പൂക്കളും താമരപ്പൂക്കളും നല്‍കിയും ആവേശകരമായ സ്വീകരണമാണ് ഓരോ സ്ഥലത്തും സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
കിഴുവിലം പഞ്ചായത്തിലെ പൊയ്കവിളയില്‍ 100 പിന്നിട്ട കല്ലുവിള വീട്ടില്‍ സരസ്വതിയുടെ നേതൃത്വത്തില്‍ കെ റെയിലിനെ എതിര്‍ക്കുന്നവര്‍ കൂട്ടത്തോടെയാണ് വി. മുരളീധരനെ സ്വീകരിക്കാനെത്തിയത്. തെക്കുംഭാഗത്ത് മധുരം നല്‍കിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു. കിളിമാനൂര്‍ മണ്ഡലത്തില്‍ പോങ്ങനാട് നിന്നും ആരംഭിച്ച പര്യടനം ബിജെപി സംസ്ഥാന സമിതിയംഗം മലയന്‍കീഴ് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പര്യടനം രാത്രി പൊരുന്തമണില്‍ സമാപിച്ചു. ഇന്ന് നെടുമങ്ങാട് മണ്ഡലത്തിലും പാലോട് മണ്ഡലത്തിലുമാണ് പര്യടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: